Connect with us

Kerala

ജിഷയുടെ കൊലപാതകം: എല്ലാ കാര്യങ്ങളും വെളിപ്പെടുത്താനാവില്ലെന്ന് ഡിജിപി

Published

|

Last Updated

കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും അന്വേഷണസംഘത്തിന് പൊതുജനത്തെ അറിയിക്കാനാകില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പ്രാഥമികമായി അറിയേണ്ട വിവരങ്ങള്‍ മാത്രമേ നല്‍കാനാവൂ. കേസില്‍ കുറ്റമറ്റ വിചാരണ സാധ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും എല്ലാവരേയും തൃപ്തിപ്പെടുത്തുന്ന അന്വേഷണം നടത്താന്‍ കഴിയില്ലെന്നും ഡിജിപി പറഞ്ഞു. പ്രതിയെ പിടികൂടിയെങ്കിലും കേസില്‍ പ്രാഥമിക അന്വേഷണമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും ഈ ഘട്ടത്തില്‍ കൂടൂതല്‍ കാര്യങ്ങള്‍ പുറത്തു വിടാനാവില്ലെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

പ്രതിയെ പിടികൂടിയാല്‍ ഉടന്‍ തന്നെ വാര്‍ത്താസമ്മേളനം വിളിച്ചു കൂട്ടുന്നത് തന്റെ രീതിയല്ല. കുറേ പരാതികള്‍ ഉണ്ടാകും.ജിഷയുടെ പിതാവ് പാപ്പു കേസുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ പല ഘട്ടത്തിലും തന്നോട് തന്നെ പരാതി ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്നും ഡിജിപി പറഞ്ഞു.

പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പു വരുത്തുകയാണ് പൊലീസിന്റെ കടമ. ഇതിന് തെളിവു ശേഖരിക്കേണ്ടതുണ്ടെന്നും ഡിജിപി കൊച്ചിയില്‍ പറഞ്ഞു.