Connect with us

Kerala

സര്‍ക്കാരിന് ഏകാധിപത്യ പ്രവണത: വിഎം സുധീരന്‍

Published

|

Last Updated

തലശ്ശേരി: സര്‍ക്കാരിന് ഏകാധിപത്യ പ്രവണതയെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍. കണ്ണൂരില്‍ ദലിത് സ്ത്രീകളെ ജയിലിലടച്ചത് സംബന്ധിച്ച് പൊലീസിനോട് ചോദിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് അപഹാസ്യമാണെന്ന് അദ്ദേഹം പറഞ്ഞു. പൊലീസിനോട് ചോദിക്കാനാണെങ്കില്‍ എന്തിനാണൊരു മുഖ്യമന്ത്രി എന്തിനാണൊരു ആഭ്യന്തര മന്ത്രി, പൊലീസ് ഭരിച്ചാല്‍ പോരെ സംസ്ഥാനം ഭരിക്കുന്ന ഒരു മുഖ്യമന്ത്രിയില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കാന്‍ പറ്റാത്ത ഒന്നാണിത്. മുഖ്യമന്ത്രിയുടെ നിലപാട് തന്നെ ഞെട്ടിച്ചു, സ്വന്തം നാട്ടില്‍ ക്രിമിനല്‍ സംഘങ്ങള്‍ അഴിഞ്ഞാടുമ്പോള്‍ ഇതൊന്നും അറിയില്ലെന്ന പിണറായി വിജയന്റെ നിലപാട് തെറ്റാണ്. ഇത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിന്റെ ചുമതലയുളള പിണറായി വിജയന്‍ സത്യം മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയാണെന്നും സുധീരന്‍ ആരോപിച്ചു.സ്വന്തം പാര്‍ട്ടിക്കാരുടെ അതിക്രമങ്ങള്‍ക്ക് പൊലീസിന്റെ ഒത്താശയെ ന്യായീകരിക്കുന്ന സമീപനമാണ് സി.പി.എമ്മും പിണറായി വിജയനും നടത്തുന്നതെന്നും സുധീരന്‍ പറഞ്ഞു.

യുവതികള്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നില്ലെന്ന പ്രചരണം തെറ്റാണ്. മജിസ്‌ട്രേറ്റ് അപേക്ഷ സ്വീകരിക്കാന്‍ തയ്യാറായില്ല എന്നതാണ്. ഈ നടപടി ദുരൂഹമാണ്. നീതി പീഠത്തില്‍ നിന്നും പെണ്‍കുട്ടികള്‍ക്ക് നീതി ലഭിച്ചില്ലെന്നും തലശ്ശേരി മജിസ്‌ട്രേറ്റിനെതിരെ നിയമ നടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തലശേരിയിലെ യുവതികള്‍ക്ക് ഈ നീതി ലഭിച്ചില്ല. വെറും സാങ്കേതികമായി മാത്രം കാര്യങ്ങളെ നോക്കി. ഒന്നര വയസുള്ള കുട്ടിയെ പോലും ജയിലിലേക്ക് അയക്കുന്ന അവസ്ഥയുണ്ടായി. മനുഷ്യത്വമെന്ന വികാരം തെല്ലെങ്കിലും ഉണ്ടെങ്കില്‍ ആരെങ്കിലും ഇത്തരം നടപടി സ്വീകരിക്കുമോ. ദലിത് സഹോദരിമാരെ ഭീകരന്‍മാരെ കൈകാര്യം ചെയ്യുന്ന പോലെയാണ് കൈകാര്യം ചെയ്തത്. ഇവര്‍ക്കെതിരെയുള്ളത് കള്ളക്കേസാണെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.