Connect with us

National

ബംഗാളിലെ കോണ്‍ഗ്രസ് ബന്ധം പാര്‍ട്ടി നയത്തിന് വിരുദ്ധം:യെച്ചൂരി

Published

|

Last Updated

ന്യൂഡല്‍ഹി: ബംഗാളിലെ കോണ്‍ഗ്രസ് ബന്ധം പാര്‍ട്ടി തീരുമാനത്തിന് അനുസൃതമായിരുന്നില്ലെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മറ്റി. പാര്‍ട്ടി നയത്തില്‍ നിന്നും വ്യതിചലിച്ചുകൊണ്ടാണ് ബംഗാള്‍ ഘടകം പ്രവര്‍ത്തിച്ചതെന്നും ഇതില്‍ തിരുത്തല്‍ ആവശ്യമാണെന്നും ബംഗാള്‍ ഘടകവുമായി ചര്‍ച്ചചെയ്ത് പാര്‍ട്ടി തുടര്‍നടപടിയെടുക്കുമെന്നും കേന്ദ്രകമ്മറ്റി യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കേന്ദ്രകമ്മിറ്റിയില്‍ 75 പേര്‍ ബംഗാള്‍ ഘടകത്തിന്റെ നടപടിയെ എതിര്‍ത്തു. അഞ്ചുപേര്‍ വിട്ടുനിന്നു. ബംഗാള്‍ പാര്‍ട്ടി ഘടകത്തിനെതിരെ കൂടുതല്‍ നടപടി വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. പാര്‍ട്ടി നയത്തോട് യോജിച്ചല്ല ബംഗാള്‍ ഘടകം പ്രവര്‍ത്തിച്ചതെന്ന് കേന്ദ്ര കമ്മിറ്റിയില്‍ വിമര്‍ശനമുണ്ടായി.

അതേ സമയം കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ സി.പി.എം പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ രാജ്യത്ത് അവശ്യ സാധനങ്ങളുടെ വിലക്കയറ്റവും തൊഴിലില്ലായ്മയും കൂടാന്‍ ഇടയാക്കിയെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കേന്ദ്ര നയങ്ങള്‍ക്കെതിരേ ജൂലായ് 11 മുതല്‍ 17 വരെ രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

വിലക്കയറ്റവും തൊഴിലില്ലായ്മയും പരിഹരിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് യെച്ചൂരി കുറ്റപ്പെടുത്തി. ചരക്കു സേവന നികുതി സംബന്ധിച്ച് സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തൃണമൂല്‍ അക്രമങ്ങള്‍ക്കെതിരെ ജൂലൈ ആദ്യവാരം പാര്‍ട്ടി പ്രക്ഷോഭം സംഘടപ്പിക്കുമെന്നും യെച്ചൂരി പറഞ്ഞു.
അതേസമയം, കേന്ദ്രകമ്മിറ്റിയില്‍ നിന്നും ജഗ്മതിയുടെ രാജി അപ്രതീക്ഷിതമായിരുന്നുവെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. യോഗത്തിനിടെ എഴുന്നേറ്റുനിന്ന ജഗ്മതി രാജി പ്രഖ്യാപിക്കുകയായിരുന്നു. ഇരിക്കൂ, പ്രശ്‌നം ചര്‍ച്ച ചെയ്യാമെന്ന് ത്രിപുര മുഖ്യമന്ത്രി കൂടിയായ മണിക് സര്‍ക്കാര്‍ പറഞ്ഞെങ്കിലും ചെവികൊടുക്കാതെ ഇവര്‍ ഇറങ്ങിപ്പോവുകയായിരുന്നുവെന്നും യെച്ചൂരി വ്യക്തമാക്കി.

Latest