Connect with us

Gulf

ഖരന്‍ഗഊ ആശംസിച്ച് പോലീസും; കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദേശം

Published

|

Last Updated

ഖരന്‍ഗഊ ആഘോഷിക്കുന്ന കുട്ടികള്‍ക്കൊപ്പം പോലീസ് ഉദ്യോഗസ്ഥര്‍ (എം ഒ ഐ ചിത്രം)

ദോഹ: റസമാനിലെ പരമ്പരാഗത അറബ് ആഘോഷമായ ഖരന്‍ഗഊവില്‍ പങ്കു ചേര്‍ന്ന് ഖത്വര്‍ പോലീസും. ഇന്നലെ രാത്രി മുതലാണ് രാജ്യത്ത് ആഘോഷത്തിനു തുടക്കം കുറിച്ചത്. റമസാന്‍ 14 മുതല്‍ രാത്രിയില്‍ കുട്ടികള്‍ അലങ്കാര വസ്ത്രങ്ങളണിഞ്ഞും പാട്ടു പാടിയും അയല്‍ വീടുകളിലും പരിസരങ്ങളിലും സന്ദര്‍ശിക്കുകയും അവിടെ നിന്ന് മധുരപലരാഹരങ്ങളും സമ്മാനങ്ങളും സ്വീകരിക്കുന്നതുമാണ് ആഘോഷം.
റമസാന്‍ പതിനാലു മുതല്‍ മിക്ക രാത്രികളിലും ഇഫ്താറിനു ശേഷം ആഘോഷം നടക്കും. ഖരന്‍ഗഊ ആഘോഷം പ്രതീകാത്കമായി നേരത്തേ തന്നെ ആരംഭിച്ചിരുന്നു. വെള്ളിയാഴ്ച ഖത്വര്‍ ഫൗണ്ടേഷനില്‍ നടന്ന ആഘോഷത്തില്‍ നൂറു കണക്കിനു കുട്ടികള്‍ പങ്കെടുത്തു. ഇന്നലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ആഘോഷത്തില്‍ അലങ്കാര വസ്ത്രങ്ങളണിഞ്ഞെത്തിയ കുട്ടികളെ പോലീസ് സേനാംഗങ്ങള്‍ സ്വീകരിച്ചു. കുട്ടികള്‍ക്ക് മധുര പലഹാരങ്ങളും സമ്മാനങ്ങളുമടങ്ങുന്ന കിറ്റുകളും വിതരണം ചെയ്തു.
അതേസമയം ആഘോഷത്തില്‍ പങ്കു ചേര്‍ന്ന് തെരുവിലിറങ്ങുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതില്‍ രക്ഷിതാക്കളുള്‍പ്പടെ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു നല്‍കി. സുരക്ഷക്കു വേണ്ടി തയാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടെന്നും സമൂഹത്തിന്റെ പങ്കാളിത്തം വേണമെന്നും മന്ത്രാലയം ഫേസ്ബുക്കില്‍ ആവശ്യപ്പെട്ടു. കുട്ടികള്‍ പുറത്തിറങ്ങുന്നത് പരിഗണിച്ച് വാഹനങ്ങള്‍ ശ്രദ്ധിച്ചു പോകണമെന്ന് പോലീസ് ആവശ്യപ്പെട്ടു. കുട്ടികള്‍ പുറത്തിറങ്ങി തിരിച്ചു വീടുകളിലേക്കു കയറുന്നതു വരെയുള്ള സമയത്ത് വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
കുട്ടികള്‍ക്ക് അലങ്കാര വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ റോഡില്‍ വാഹനങ്ങളുടെ വെളിച്ചത്തില്‍ പെട്ടെന്ന് തിരിച്ചറിയുന്ന നിറങ്ങള്‍ തിരഞ്ഞെടുക്കണമെന്ന് പോലീസ് അഭ്യര്‍ഥിച്ചു. തിരിച്ചറിയാത്ത ഇരുണ്ട വസ്ത്രങ്ങള്‍ അണിയുന്നത് അപകടസാധ്യത കൂടുതലാണ്. കൂടുതല്‍ വാഹനങ്ങളുള്ള റോഡുകളില്‍ കുട്ടികളെ ഒറ്റക്ക് അയക്കരുത്. റോഡ് ക്രോസ് ചെയ്യേണ്ടി വരുമ്പോള്‍ മുതിര്‍ന്നവര്‍ കൂടെയുണ്ടാകന്‍ ശ്രദ്ധിക്കണമെന്നും പോലീസ് അറിയിപ്പില്‍ പറയുന്നു.

Latest