Connect with us

Qatar

അല്‍ ശഹീനിലെ ക്യു പി ഓഹരികള്‍ ഖത്വര്‍ നാവിഗേഷന് വില്‍ക്കുന്നു

Published

|

Last Updated

ദോഹ: ഓയില്‍ ഫീല്‍ഡ് സര്‍വീസ് സ്ഥാപനമായ അല്‍ ശഹീന്‍ കമ്പനിയിലെ ഖത്വര്‍ പെട്രോളിയത്തിന്റെ ഓഹരികള്‍ ഖത്വര്‍ നാവിഗേഷന്‍ (മിലാഹ) സ്വന്തമാക്കുന്നു. ഇതു സംബന്ധിച്ചുള്ള പ്രാഥമിക കരാറുകളായെന്ന് മിലാഹ വൃത്തങ്ങള്‍ വെളിപ്പെടുത്തി.
അല്‍ ശഹീനിലെ ഓഹരികള്‍ വില്‍ക്കുന്നതു സംബന്ധിച്ച് നേരത്ത ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. എച്ച് എസ് ബി സി ബേങ്കിനെയാണ് ഇതു സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഖത്വര്‍ പെട്രോളിയം ചുമതലപ്പെടുത്തിയിരുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഊര്‍ജമേഖലാ സ്ഥാപനം എന്ന നിലയിലുള്ള ഓഹരിക്കൈമാറ്റത്തിന്റെ സാധ്യതകളും മറ്റു ഘടകങ്ങളുമാണ് എച്ച് എസ് ബി സിയോട് പഠിക്കാന്‍ നിര്‍ദേശിച്ചിരുന്നത്. ഇന്ധന വിലയിടിവിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ക്യു പി ഓഹരികളുടെ കൈമാറ്റം നടത്തുന്നത്.
ജി ഇ ഓയില്‍ ആന്‍ഡ് ഗ്യാസ്, വെതര്‍ ഫോര്‍ഡ് മിഡില്‍ ഈസ്റ്റ് എന്നീ കമ്പനികളുടെ ഭാഗമായുള്ള മൂന്നു സ്ഥാപനങ്ങളുടെ സംയുക്ത ഓയില്‍ ഫീല്‍ഡ് സര്‍വീസ് സംരംഭമാണ് അല്‍ ശഹീന്‍. കൈമാറ്റ നടപടികള്‍ അന്തിമമായിട്ടില്ലെന്നും എന്നാല്‍ കൈമാറ്റ ഉടമ്പടി അംഗീകരിച്ചിട്ടുണ്ടെന്നും ഖത്വര്‍ നാവിഗേഷന്‍ വ്യക്തമാക്കി. 110 നും 180നുമിടയില്‍ ദശലക്ഷം ഡോളറിനായിരിക്കും ഓഹരി കൈമാറ്റം നടക്കുക.
ഈ വര്‍ഷം അവസാന പാദത്തില്‍ ഓഹരിക്കൈമാറ്റം നടപടികള്‍ പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Latest