Connect with us

Gulf

ഖത്വറില്‍ ട്രാന്‍സ്‌പോര്‍ട്ട് ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി തേടി സ്‌കൂളുകള്‍

Published

|

Last Updated

ദോഹ: അധ്യയന വര്‍ഷത്തിന്റെ പകുതിയോടെ ഗതാഗത ഫീസ് ഉയര്‍ത്താന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതി തേടി സ്‌കൂളുകള്‍. ആഗോള എണ്ണ വിലയിലെ മാറ്റത്തിനനുസരിച്ച് ആഭ്യന്തര എണ്ണവില നിശ്ചയിക്കുന്ന പുതിയ രീതി രാജ്യത്ത് നടപ്പാക്കിയത് ചൂണ്ടിക്കാട്ടിയാണ് സ്‌കൂളുകള്‍ ഗതാഗത ഫീസ് ഉയര്‍ത്താന്‍ അനുമതി തേടിയതെന്ന് ഖത്വര്‍ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.
സ്വകാര്യ ട്രാന്‍സ്‌പോര്‍ട്ട് കമ്പനികളില്‍ നിന്ന് ബസുകള്‍ വാടകക്കെടുക്കുകയാണ് പല സ്‌കൂളുകളും. കമ്പനികള്‍ കൂടുതല്‍ വാടക ആവശ്യപ്പെടുന്നത് സ്‌കൂളുകളെ സമ്മര്‍ദത്തിലാക്കുന്നു. വിവിധ സ്വകാര്യ കമ്പനികളില്‍ നിന്ന് 70 ബസുകള്‍ വാടകക്കെടുത്താണ് സര്‍വീസ് നടത്തുന്നതെന്ന് ബിര്‍ള പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ കെ ശ്രീവാസ്തവ പറയുന്നു. കമ്പനികള്‍ വാടക കൂട്ടി ചോദിക്കുന്നുണ്ട്. മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാലുടന്‍ ഫീസ് വര്‍ധിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഡി പി എസ് മോഡേണ്‍ ഇന്ത്യന്‍ സ്‌കൂളും ട്രാന്‍സ്‌പോര്‍ട്ട് ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി തേടിയിട്ടുണ്ട്. ഒരു ബസിന് പ്രതിമാസനം 13000 ഖത്വര്‍ റിയാല്‍ ആണ് വാടകയെന്ന് ഡി പി എസ് എം ഐ എസ് ട്രാന്‍സ്‌പോര്‍ട്ട് ഡയറക്ടര്‍ അസീം അബ്ബാസ് പറയുന്നു. ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍, എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍, ഭവന്‍സ് തുടങ്ങിയ സ്‌കൂളുകളും ട്രാന്‍സ്‌പോര്‍ട്ട് ഫീസ് വര്‍ധനക്ക് അപേക്ഷിച്ചിട്ടുണ്ട്.

ഫീസ് വര്‍ധിപ്പിക്കാന്‍ ഡ്രൈവിംഗ് സ്‌കൂളുകളും
ദോഹ: നിരവധി ഡ്രൈവിംഗ് സ്‌കൂളുകളും ഡ്രൈവിംഗ് കോഴ്‌സുകളുടെ ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി തേടിയിട്ടുണ്ട്. മാസാടിസ്ഥാനത്തില്‍ പെട്രോള്‍, ഡീസല്‍ വിലകള്‍ മാറിക്കൊണ്ടിരിക്കുന്നത് ബാധിക്കുന്നുണ്ടെന്ന് ഡ്രൈവിംഗ് സ്‌കൂള്‍ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ഇതുവരെ വലിയ ഏറ്റക്കുറച്ചില്‍ വന്നിട്ടില്ലെങ്കിലും ആഗോള വിലക്കനുസരിച്ച് മാറുമെന്നത് യാഥാര്‍ഥ്യമാണ്. ഇന്ധന വിലയിലെ മാറ്റം ചെലവിനെ ബാധിക്കുമെന്നും ഇതിനാല്‍ എത്രയും പെട്ടെന്ന് ഫീസ് വര്‍ധന പ്രാബല്യത്തിലാക്കാന്‍ അപേക്ഷിച്ചിട്ടുണ്ടെന്നും ഡ്രൈവിംഗ് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

Latest