Connect with us

Kasargod

പോസ്റ്റുമോര്‍ട്ടത്തിന് പണം ചോദിച്ചുവാങ്ങുന്നു; നല്‍കിയില്ലെങ്കില്‍ മൃതദേഹത്തോട് അനാദരവ്

Published

|

Last Updated

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിന് മരിച്ചയാളുടെ ബന്ധുക്കളോട്ചില ജീവനക്കാര്‍ പണം ചോദിച്ചുവാങ്ങുന്നതായി പരാതി.
പണം നല്‍കിയില്ലെങ്കില്‍ മൃതദേഹത്തോട് അനാദരവ് കാണിക്കുന്നതായും ആരോപണമുണ്ട്. കഴിഞ്ഞ ദിവസം തീവണ്ടി തട്ടി മരിച്ച യുവാവിന്റെ മൃതദേഹം ആംബുലന്‍സില്‍ നിന്നും സ്ട്രക്ചറില്‍ വീട്ടിലേക്ക് എടുക്കുമ്പോള്‍ കണ്ടുനിന്നവര്‍ക്ക് തല ചുറ്റുകയായിരുന്നു.
മൃതദേഹം എടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കൈകാലുകള്‍ വെവ്വേറെയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായിട്ടും മൃതദേഹം നേരാംവണ്ണം തുന്നികെട്ടിയില്ലെന്നാണ് ബന്ധുക്കളുടെ പരാതി. അവയവങ്ങള്‍ വെവ്വേറെയായതിനാല്‍ കൂട്ടിക്കെട്ടാന്‍ പോലും പോസ്റ്റുമോര്‍ട്ടം ചെയ്തവര്‍ മെനക്കെട്ടില്ലെന്നാണ് ആരോപണം.
പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ ഡോക്ടറുടെ കൂടെയുണ്ടായിരുന്ന ജീവനക്കാര്‍ ബന്ധുക്കളോട് 1000 രൂപ ചോദിച്ചുവാങ്ങിയതായും വിവരമുണ്ട്. ഇതിലും കൂടുതല്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ആയിരം രൂപ നല്‍കുകയായിരുന്നു. ഇതിലുള്ള അമര്‍ഷമാണ് മൃതദേഹം ഇത്തരത്തിലാക്കിയതിലൂടെ നടപ്പാക്കിയതെന്നും വിമര്‍ശനമുണ്ട്. മൃതദേഹത്തോടുള്ള അനാദരവില്‍ പ്രതിഷേധം ശക്തമാണ്.
തീവണ്ടി തട്ടി മരിക്കുന്നവരുടെ ശരീരങ്ങള്‍ പലപ്പോഴും ഛിന്നഭിന്നമായ നിലയിലായിരിക്കും. അവയവങ്ങള്‍ എടുത്തുവെച്ച് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയില്‍ എത്തിക്കുകയാണ് പതിവ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങുമ്പോള്‍ ചേര്‍ത്തുകെട്ടാത്ത അവയവങ്ങള്‍ വീണുപോകുമ്പോഴുണ്ടാകുന്ന മാനസികാവസ്ഥ ദയനീയമാണ്.