Connect with us

Kozhikode

വിദ്യാര്‍ഥി സംഘടനകള്‍ക്ക് വിലക്ക്: ശിപാര്‍ശ സംഘ്പരിവാര്‍ താത്പര്യം സംരക്ഷിക്കാന്‍: എസ് എസ് എഫ്

Published

|

Last Updated

കോഴിക്കോട്: രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥി സംഘടനകള്‍ നിരോധിക്കണമെന്ന വിദഗ്ധ സമിതി ശിപാര്‍ശ ക്യാമ്പസുകളില്‍ കാവിവത്കരണം നടപ്പാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.
കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന ബി ജെ പി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ ഏറ്റവും ശക്തമായ പ്രക്ഷോഭമുണ്ടായത് കാമ്പസുകളില്‍ നിന്നാണ്. ജെ എന്‍ യുവിലെയും ഹൈദരാബാദ് സെന്‍ട്രല്‍ സര്‍വകലാശാലയിലെയും വിദ്യാര്‍ഥി സമരങ്ങള്‍ സംഘ് പരിവാര്‍ ഫാഷിസത്തിനെതിരെ പൊതുബോധം രൂപപ്പെടുത്താന്‍ കാരണമായിട്ടുണ്ട്. ഭരണഘടന അനുശാസിക്കുന്ന വിയോജിക്കാനുള്ള സ്വാതന്ത്ര്യം വിനിയോഗിക്കുകയാണ് വിദ്യാര്‍ഥികള്‍ ചെയ്തത്. സമരം നിയമ വിരുദ്ധമാണെന്നാരോപിച്ച് വിദ്യാര്‍ഥി നേതാക്കളെ ജയിലിലടച്ചിട്ടും പ്രക്ഷോഭം അവസാനിച്ചില്ല. ഈ അനുഭവപാഠം മുന്‍നിര്‍ത്തി സംഘ്പരിവാര്‍ താത്പര്യം സംരക്ഷിക്കുന്നതിനാണ് ടി എസ് ആര്‍ സുബ്രഹ്മണ്യന്‍ അധ്യക്ഷനായ വിദഗധ സമിതി ക്യാമ്പസുകളില്‍ വിദ്യാര്‍ഥി സംഘടനകളെ വിലക്കാന്‍ ശിപാര്‍ശ ചെയ്തിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ജനാധിപത്യ സ്വഭാവം നഷ്ടപ്പെടുത്തുകയായിരിക്കും ഇതിന്റെ പരിണിതി. ജനാധിപത്യ സംവാദങ്ങളെയും സമരങ്ങളെയും ഭയക്കുന്ന ഫാസിസ്റ്റ് മനോഭാവം തന്നെയാണ് ശുപാര്‍ശയിലും അതിനോടുള്ള കേന്ദ്ര സര്‍ക്കാറിന്റെ അനുകൂല പ്രതികരണത്തിലും പ്രകടമാകുന്നത്. വിദ്യാഭ്യാസ മേഖലയില്‍ കാവിവല്‍ക്കരണം നടപ്പാക്കുമെന്ന കേന്ദ്ര മന്ത്രിയുടെ പ്രസ്താവന ഇതോടു ചേര്‍ത്തുവായിക്കണം. അതിനാവശ്യമായ നിലമൊരുക്കുകയാണ് വിദഗ്ധസമിതി ലക്ഷ്യമിടുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജനാധിപത്യാവകാശങ്ങള്‍ തടയാനുള്ള നീക്കങ്ങള്‍ക്കെതിരെ യോജിച്ചു നീങ്ങാന്‍ മതേതര കക്ഷികള്‍ക്ക് സാധിക്കണമെന്നും സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.