Connect with us

Kerala

വിലയിടിഞ്ഞതിന് പിന്നാലെ സംഭരണവും അവതാളത്തില്‍; കേരകര്‍ഷകര്‍ പ്രതിസന്ധിയില്‍

Published

|

Last Updated

കോഴിക്കോട്: പൊതുവിപണിയില്‍ നാളികേരത്തിന് വിലയിടിഞ്ഞതോടൊപ്പം സംഭരണം അവതാളത്തിലായത് കേരകര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. കേരഫെഡ്് കിലോക്ക് 25 രൂപ നല്‍കിയാണ് കര്‍ഷകരില്‍ നിന്ന് നാളികേരം ശേഖരിക്കുന്നത്. പൊതു വിപണിയില്‍ കിലോക്ക് 14 രൂപയാണ് ലഭിക്കുന്നത്. എന്നാല്‍ ഒരുമാസത്തിലധികമായി സംഭരണം നിലച്ചിരിക്കുകയാണ്. ഓരോ പഞ്ചായത്തിലെയും കൃഷിഭവന്‍ ഗോഡൌണുകളില്‍ കര്‍ഷകരുടെ നാളികേരം കേരഫെഡ് ശേഖരിക്കുന്നത്. വേണ്ടത്ര സ്ഥല സൗകര്യമില്ലാത്തതിനാല്‍ ഗോഡൌണുകളില്‍ ടണ്‍ കണക്കിന് നാളികേരം കെട്ടിക്കിടക്കുകയാണ്. ഇതുകാരണം സംഭരണത്തിന് നല്‍കാനാകാതെ കര്‍ഷകരുടെ വീടുകളിലും നാളികേരം കെട്ടിക്കിടക്കുകയാണ്.
പൊതു മാര്‍ക്കറ്റില്‍ 14രൂപ മാത്രമാണ് ലഭിക്കുന്നത് കൊണ്ട് തന്നെ കേരളഫെഡിനെ ആശ്രയിക്കാതെ മുന്നോട്ടുപോകാന്‍ കര്‍ഷകര്‍ക്കും കഴിയില്ല. അഞ്ച് ടണ്‍ നാളികേരം ശേഖരിക്കാനുള്ള ശേഷിയാണ് മിക്കവാറും കൃഷിഭവനുകളിലുള്ളതെങ്കിലും ഉയര്‍ന്ന വില ലഭിക്കുന്നത് കൊണ്ട് തന്നെ ഇതിന്റെ ഇരട്ടിയും മൂന്നിരട്ടിയും മിക്കയിടത്തും എത്തുന്നുണ്ട്. ടണ്‍ കണക്കിന് നാളികേരം മഴനനഞ്ഞ് നശിക്കുന്നത് സര്‍ക്കാറിനും വന്‍ നഷ്ടത്തിനിടയാക്കുന്നു. മാര്‍ച്ച് 31വരെ സംഭരിച്ച തേങ്ങയുടെ വിലയാണ് കര്‍ഷകര്‍ക്ക് ഇതു വരെ നല്‍കിയത്. രണ്ടുമാസത്തെ തുക കര്‍ഷകര്‍ക്ക് ലഭിക്കാനുമുണ്ട്.
വെളിച്ചെണ്ണ വിലയും കുത്തനെ കുറഞ്ഞ് കൊണ്ടിരിക്കുന്നത് കേര കര്‍ഷകരെ ആശങ്കയിലാക്കുന്നു. കിന്റലിന് 8600 രൂപയായി കുറഞ്ഞിരിക്കുന്നു. കൊപ്ര റാസിന് 5050 രൂപയും ദില്‍പസന്തിന് 5450 രൂപയും രാജാപൂറിന് 6900 രൂപയും ഉണ്ടക്ക് 5900 രൂപയുമാണ് വില. കൊട്ടത്തേങ്ങക്ക് 3450 മുതല്‍ 3950 വരെയുമാണ് വില. നാളികര വില ഓരോ ദിവസവും തോറും കുറഞ്ഞ് കൊണ്ടിരിക്കുന്നത് കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു. ഇതിന് പുറമെയാണ് തൊഴിലാളികളുടെ അമിതമായ കൂലിയും.
താങ്ങാനാവാത്ത കൂലിച്ചെലവ് കാരണവും തൊഴിലിന് ആളെ കിട്ടാത്തതും പലരെയും തെങ്ങ് കൃഷി ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ഇത്രയും കൂലി നല്‍കി വിളവെടുത്ത് വിറ്റാല്‍ ചെലവായ തുകയുടെ പകുതി പോലും ലഭിക്കാത്ത അവസ്ഥയുമുണ്ട്. തൊഴിലാളിക്ക് ചെലവ് കഴിച്ച് 700 -750 രൂപയാണ് കൂലി നല്‍കേണ്ടിവരുന്നത്. തേങ്ങയിടുന്നവരുടെ കൂലിയാണെങ്കില്‍ കര്‍ഷകന് താങ്ങാനാവത്തതാണ്. തെങ്ങില്‍ കയറുന്നത് പോലെയാണ് കൂലി നല്‍കേണ്ടത്.