Connect with us

Kerala

കര്‍ണാടകയില്‍ മലയാളി വിദ്യാര്‍ത്ഥിനി ക്രൂരമായ റാഗിങിന് ഇരയായി

Published

|

Last Updated

കോഴിക്കോട്: കര്‍ണാടകയില്‍ ദളിത്‌ മലയാളി വിദ്യാര്‍ത്ഥിനി ക്രൂരമായ റാഗിങിന് ഇരയായി. പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഗുല്‍ബര്‍ഗയില്‍ നഴ്‌സിംഗിന് പഠിക്കുന്ന എടപ്പാള്‍ സ്വദേശിനി അശ്വതിയാണ് റാഗിംഗിന് ഇരയായത്. ക്ലീനിംഗ് ലോഷന്‍ കുടിപ്പിച്ചതാണ് ഗുരുതരാവസ്ഥയിലാകാന്‍ കാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ക്രൂരമായ റാഗിംഗിനിടെ ടോയ്‌ലറ്റ് വൃത്തിയാക്കാന്‍ വെച്ചിരുന്ന ലോഷന്‍ കുടിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ അന്നനാളം വെന്തുരുകിയ നിലയിലാണ്. 41 ദിവസത്തിലധികമായി വെള്ളം പോലും കുടിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് കുട്ടി. . ട്യൂബിലൂടെ ദ്രാവക രൂപത്തിലാണ് ഭക്ഷണം നല്‍കുന്നത്.

മലയാളികളായ സീനിയര്‍ വിദ്യാര്‍ഥികള്‍ നിര്‍ബന്ധപൂര്‍വം ലോഷന്‍ കുടിപ്പിക്കുകയായിരുന്നു എന്ന് ബന്ധുക്കള്‍ പറഞ്ഞു. മെയ് 9നാണ് സംഭവം നടന്നത്. നിര്‍ദ്ധന കുടുംബത്തിലെ പെണ്‍കുട്ടി കഴിഞ്ഞ ഡിസംബറിലാണ് ഗുല്‍ബര്‍ഗ അല്‍ ഖമാര്‍ നഴ്‌സിംഗ് കൊളേജില്‍ ബിഎഎസ്‌സി നഴ്‌സിംഗിനു ചേര്‍ന്നത്. അന്നു മുതല്‍ സീനിയര്‍ വിദ്യാര്‍ത്ഥിനികള്‍ തന്നെ ഉപദ്രവിക്കുമായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു.

കുട്ടിയുടെ അന്നനാളം വെന്തുരുകിയ നിലയിലാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അടിയന്തര ശസ്ത്രക്രിയ ആവശ്യമുണ്ട്. എന്നാല്‍ അന്നനാളം അടക്കമുള്ള ആന്തരികാവയവങ്ങള്‍ വെന്തുരുകിയ നിലയിലായതിനാല്‍ അത് ചെയ്യാനാകാത്ത അവസ്ഥയിലാണ്. ആറാഴ്ചയെങ്കിലും കഴിയാതെ ശസ്ത്രക്രിയ നടത്താന്‍ കഴിയില്ല.കുട്ടിയുടെ ഉപദ്രവിച്ചവര്‍ക്കെതിരെ ബന്ധുക്കള്‍ കര്‍ണാടകയില്‍ പരാതി നല്കിയിട്ടുണ്ട്. മൊഴി എടുക്കാന്‍ കര്‍ണാടക പൊലീസ് എത്തിയെങ്കിലും സംസാരിക്കാന്‍ കഴിയാത്തതിനാല്‍ പെണ്‍കുട്ടിയുടെ മൊഴി എടുക്കാന്‍ കഴിഞ്ഞില്ല.

Latest