Connect with us

Kerala

ദളിത് യുവതിയുടെ ആത്മഹത്യാ ശ്രമം: സിപിഎം നേതാക്കള്‍ക്കെതിരെ മൊഴി കൊടുത്തിട്ടില്ലെന്ന് സംസ്ഥാന പട്ടിക ജാതി കമ്മീഷന്‍

Published

|

Last Updated

കണ്ണൂര്‍: കുട്ടിമാക്കൂലില്‍ ദളിത് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ സിപിഎം നേതാക്കള്‍ക്കെതിരെ മൊഴിയില്ലെന്ന് സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്‍. ജയിലില്‍ പോകേണ്ടി വന്നതിന്റെ മാനസിക സംഘര്‍ഷത്തിലാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് കമ്മീഷന്‍ വ്യക്തമാക്കി.
യുവതി സിപിഐഎമ്മിനെതിരെയോ, നേതാക്കള്‍ക്ക് എതിരെയോ മൊഴി നല്‍കിയിട്ടില്ലെന്നും കമ്മീഷന്‍ ചെയര്‍മാന്‍ പി.എം വിജയകുമാര്‍ പറഞ്ഞു. ഒരാളുടെയും പേര് എടുത്ത് പറയുകയോ, പ്രേരണകുറ്റം ആരോപിക്കുകയോ അവര്‍ ചെയ്തിട്ടില്ല. മൊഴി എഴുതി എടുക്കുകയും റെക്കോഡ് ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിപിഐഎമ്മുകാരുടെ ജാതിയധിക്ഷേപം നേരിട്ടതിന് ഓഫിസ് അക്രമിച്ചെന്ന പരാതിയില്‍ ജയിലിലടയ്ക്കപ്പെട്ട ദളിത് പെണ്‍കുട്ടി അഞ്ജന കഴിഞ്ഞ ദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. സിപിഎം നേതാക്കളായ ഷംസീര്‍,പി.പി ദിവ്യ എന്നിവരുടെ ഭാഗത്ത് നിന്നും ചാനല്‍ ചര്‍ച്ചയില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായാണ് കമ്മീഷനില്‍ യുവതി ഇപ്പോള്‍ മൊഴി നല്‍കിയിരിക്കുന്നത്. നേരത്തെ സപിഎമ്മിന്റെ ഓഫിസ് ആക്രമിച്ചെന്ന പരാതിയില്‍ തലശേരി കുട്ടിമാക്കൂലിലെ കുനിയില്‍ രാജന്റെ മകളായ അഞ്ജന, അഖില എന്നിവരെയാണ് ഒന്നരവയസുളള കുഞ്ഞിനൊപ്പം ജയിലിലേക്ക് അയച്ചത്.