Connect with us

Gulf

ദിവസവും ആയിരങ്ങള്‍ക്ക് നോമ്പുതുറ വിഭവങ്ങള്‍ വിളമ്പി സ്വദേശി കുടുംബം

Published

|

Last Updated

അബ്ദുല്‍ അസീസ് അല്‍ ഹുമാദിയുടെ വില്ലയില്‍ നോമ്പുതുറ വിഭവങ്ങള്‍ സജ്ജമാക്കുന്നു

ദോഹ: നോമ്പുകാലത്ത് ഉച്ച കഴിഞ്ഞാല്‍ മന്‍സൂറയിലെ സ്വദേശിയുടെ വില്ലയുടെ മുന്നില്‍ നീണ്ട വരി രൂപപ്പെടും. താഴ്ന്ന വരുമാനക്കാരായ നൂറുകണക്കിന് പ്രവാസി തൊഴിലാളികളാണ് ക്ഷമയോടെ വരിനില്‍ക്കുന്നത്. നോമ്പുതുറക്ക് സ്വാദിഷ്ടമായ ഹരീസ്, ബിരിയാണി, ദാല്‍ തുടങ്ങിയ വിഭവങ്ങള്‍ ശേഖരിച്ച് സ്വന്തം താമസസ്ഥലത്തേക്ക് മടങ്ങാം. ഹുമാദി കുടുംബം കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി നോമ്പുകാരെ വിരുന്നൂട്ടി പുണ്യം കരഗതമാക്കുകയാണ്. അബ്ദുല്‍ അസീസ് അല്‍ ഹുമാദിയാണ് ഇപ്പോള്‍ ഇതിന് ചുക്കാന്‍ പിടിക്കുന്നത്.
പിതാവ് തുടങ്ങിവെച്ച ചര്യ ഒരു വര്‍ഷം പോലും പാഴാക്കാതെ തുടരുകയാണ് ഹുമാദി. എല്ലാ വര്‍ഷവും തൊഴിലാളികളടക്കമുള്ളവര്‍ റമസാന്‍ കാലത്ത് ഇവിടെ എത്താറുണ്ട്. തന്റെ കാലശേഷം മക്കളും ഇത് തുടരുമെന്നാണ് പ്രതീക്ഷയെന്ന് അല്‍ ഹുമാദി പറഞ്ഞു. രാവിലെ തുടങ്ങുന്ന പാചകം എട്ട് മണിക്കൂറിന് ശേഷമാണ് പൂര്‍ത്തിയാകുക. മാംസത്തിനായി 12 ആടുകളെ നിത്യവും കശാപ്പ് ചെയ്യുന്നുണ്ട്. 13 പെട്ടി കോഴിയിറച്ചിയും ഏഴ് ബാഗ് അരിയും ഭക്ഷണത്തിന് ഉപയോഗിക്കുന്നു. ഹരീസ്, മട്ടണ്‍ പുലാവ്, ചിക്കന്‍ ബിരിയാണി തുടങ്ങിയവയാണ് പാചകം ചെയ്യുന്നത്. 800 മുതല്‍ ആയിരം പേര്‍ക്ക് വരെ നിത്യവും വിതരണം ചെയ്യുന്നുണ്ട്. ഉച്ചക്ക് ഒരു മണി മുതല്‍ വീടിന് മുന്നില്‍ ആളുകളെത്തും. ഭക്ഷണം സജ്ജമായി നാലുമണിക്കാണ് വിതരണം ആരംഭിക്കുക. തങ്ങളുടെ നോമ്പുതുറ വിഭവസമൃദ്ധമാക്കുന്ന ഹുമൈദി കുടുംബത്തിന് പ്രാര്‍ഥനകളോട് കൂടിയ കൃതജ്ഞതയാണ് തൊഴിലാളികളും മറ്റും പകരം സമര്‍പ്പിക്കുന്നത്.

Latest