Connect with us

Editorial

ശുചിത്വം പ്രധാനം

Published

|

Last Updated

വര്‍ഷ കാലത്തിന്റെ വരവോടെ സംസ്ഥാനത്ത് പകര്‍ച്ച വ്യാധികളുടെയും വരവായി. പനിയും മഴക്കാല രോഗങ്ങളും വ്യാപകമാണ്. ചികിത്സ തേടി ഇതിനകം ഒന്നര ലക്ഷത്തിലേറെ പേര്‍ എത്തിയതായാണ് സര്‍ക്കാര്‍ ആശുപത്രികളെ കേന്ദ്രീകരിച്ചുള്ള റിപ്പോര്‍ട്ട്. സ്വാകാര്യ ആശുപത്രികളെയും മറ്റു ചികിത്സാരീതികളെയും അവലംബിക്കുന്നവരുമുണ്ട് ധാരാളം. ഡെങ്കിപ്പനി പോലെയുള്ള മാരകമായ രോഗങ്ങളും പടരുന്നുണ്ട്. ഇതിനകം ആയിരത്തിലേറെ പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായാണ് കണക്ക്. അടുത്ത ദിവസങ്ങളിലായി മഴ ശക്തിപ്പെട്ട സാഹചര്യത്തില്‍ രോഗ ബാധിതരുടെ എണ്ണം ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
ജൂണ്‍, ജൂലൈ മാസങ്ങില്‍ വ്യാപകമായ പകര്‍ച്ച വാധികള്‍ കേരളത്തില്‍ പതിവാണ്. കുടിവെള്ളം മലിനമാകുന്നതും ഈര്‍പ്പം നിറഞ്ഞ പരിസരവും അന്തരീക്ഷത്തിന്റെ കുറഞ്ഞ താപനിലയും കൊതുകുകളുമാണ് രോഗത്തിനു വഴിയൊരുക്കുന്നത്. ചിക്കുന്‍ ഗുനിയ, ഡെങ്കിപ്പനി, ജപ്പാന്‍ ജ്വരം, യെല്ലോഫീവര്‍ തുടങ്ങി കൊതുകുകള്‍ പരത്തുന്ന രോഗങ്ങളാണ് ഈ ഗണത്തില്‍ ഗുരുതരം. എലിപ്പനി, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുടങ്ങിയ ജലജന്യരോഗങ്ങളും സംസ്ഥാനത്തെ ആരോഗ്യ മേഖലക്ക് ഭീഷണി ഉയര്‍ത്താറുണ്ട്. നൂറുകണക്കിനാളുകളാണ് ഓരോ വര്‍ഷവും ഇത്തരം രോഗങ്ങള്‍ മൂലം മരണപ്പെടുന്നത്. വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന ഒട്ടേറെ നേട്ടങ്ങള്‍ ആരോഗ്യരംഗത്ത് കൈവരിക്കാന്‍നും ശിശുമരണ നിരക്കും മരണനിരക്കും കുറച്ചു ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കാനും കേരളത്തിനായെങ്കിലും മഴക്കാല രോഗങ്ങള്‍ പ്രതിരോധിക്കുന്നതില്‍ ആരോഗ്യ വകുപ്പ് പരാജയപ്പെടുകയാണ്.
ആഗോള പ്രശ്‌നമാണ് കൊതുകുജന്യ രോഗങ്ങള്‍. എങ്കിലും കൊതുകുകള്‍ വളരാന്‍ ഇടയാകുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കുക വഴി ഇത് ഏറെക്കുറെ നിയന്ത്രിക്കാനാകും. വീടും പരിസരങ്ങളും വൃത്തിയായും വെള്ളം കെട്ടിനില്‍ക്കാതെയും സൂക്ഷിക്കലാണ് പ്രതിരോധമാര്‍ഗം. ഒഴിഞ്ഞ പാത്രങ്ങള്‍, ചിരട്ട, ഉപയോഗമില്ലാത്ത ടയര്‍ എന്നിവയില്‍ വെള്ളം കെട്ടിക്കിടക്കാതെ ശ്രദ്ധിക്കണം.കെട്ടിടങ്ങളുടെ ടെറസ്, സണ്‍ഷെയ്ഡ് എന്നിവയും ജലവിമുക്തമാക്കണം. റഫ്രിജറേറ്റര്‍, പൂച്ചെട്ടി, കൂളര്‍, വാട്ടര്‍ടാങ്ക്, എന്നിവയില്‍ കൂത്താടികള്‍ വളരാറുണ്ട്. ഇത് പലരും ശ്രദ്ധിക്കാറില്ല. ഓടകളിലും കൊതുകിന്റെ പ്രജനനത്തിന് സാധ്യതയുള്ള ഇടങ്ങളിലും മരുന്ന് തളിക്കുകയും വേണം. നഗര പ്രദേശങ്ങളിലെ ഓടകളില്‍ ആഴ്ചയിലൊരിക്കല്‍ മരുന്ന് തളിക്കണമെന്ന് നിര്‍ദേശമുണ്ടെങ്കിലും എവിടെയും പാലിക്കപ്പെടാറില്ല. മിക്ക നഗരങ്ങളിലും മാസത്തില്‍ ഒരിക്കല്‍ പോലും മരുന്നുതളി നടക്കുന്നില്ല. കൊതുക് വളര്‍ത്തുകേന്ദ്രങ്ങളാണ് സംസ്ഥാനത്തെ പല നഗരങ്ങളിലെയും ഓടകളും ചേരി പ്രദേശങ്ങളും.
രോഗം വന്നു ചികിത്സിക്കുന്നതിനേക്കാള്‍ പ്രതിരോധ മാര്‍ഗങ്ങളിലൂടെ രോഗം വരാതെ നോക്കുകയാണ് വേണ്ടത്. വ്യക്തിത്വ ശുചിത്വവും, പരിസരശുചിത്വവും പാലിക്കുക,തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, പഴയതും തുറന്നുവെച്ചതുമായ ആഹാരസാധങ്ങള്‍ കഴിക്കാതിരിക്കുക, കിണറുകളിലും കുടിവെള്ള സ്രോതസ്സുകളിലും ക്ലോറിനേഷന്‍ നടത്തുക, അണുവിമുക്തമാക്കാത്ത വെള്ളം ഉപയോഗിച്ചുണ്ടാക്കുന്ന ശീതള പാനീയങ്ങള്‍, കുപ്പിവെള്ളം, ഐസ്‌ക്രീം തുടങ്ങിയവ ഒഴിവാക്കുക, ആഹാരത്തിന് മുമ്പും ശേഷവും കൈ വൃത്തിയായി കഴുകുക തുടങ്ങിയ ചിട്ടകളിലൂടെ രോഗത്തെ ഏറെക്കുറെ പ്രതിരോധിക്കാവുന്നതാണ്.
പരിസര ശുചീകരണത്തില്‍ സമൂഹം വളരെ അശ്രദ്ധരാണ്. വീട്ടിലെ അവശിഷ്ടങ്ങളും മത്സ്യ, മാംസ മാര്‍ക്കറ്റുകളിലെ അവശിഷ്ടങ്ങളും മറ്റും തയാറാക്കപ്പെട്ട പ്രത്യേക സ്ഥലങ്ങളില്‍ നിക്ഷേപിക്കുന്നതിന് പകരം റോഡുകളിലും തോടുകളിലും പുഴകളിലും വലിച്ചെറിയുകയാണ് പലരും. കടകളില്‍ നിന്നും വീടുകളില്‍ നിന്നും വ്യവസായശാലകളില്‍ നിന്നും പൊതു സ്ഥലങ്ങളിലേക്ക് മലിനജലം ഒഴുക്കിവിടുന്നതും പതിവു കാഴ്ച. ഇതുമൂലം തെരുവുകള്‍ വൃത്തിശൂന്യമാകുകയും ഓടകള്‍ അടയുകയും രൂക്ഷമായ ദുര്‍ഗന്ധത്തിനും ഈച്ച, കൊതുക്, എലി തുടങ്ങിയവ പെരുപ്പത്തിനും ഇടയാക്കുന്നു. മഴക്കാലത്ത് വിശേഷിച്ചും. നമ്മുടെ ആരോഗ്യത്തെയും പരിസരത്തെയും ഇവ ഗുരുതരമായി ബാധിക്കുന്നണ്ട്. ചെറിയ നഗരങ്ങള്‍ മുതല്‍ കോര്‍പ്പറേഷന്‍ വരെ ഈ പ്രശ്‌നം രൂക്ഷമാണ്.
ഓരോ വ്യക്തിയും സഹ ജീവികളും പ്രകൃതിയുമായി പരസ്പരാശ്രയത്തിലും സഹകരണത്തിലുമാണ് ജീവിക്കുന്നത്. അത് കൊണ്ട് വൃത്തിയും ശുചിത്വവും വ്യക്തിജീവിതത്തില്‍ പോരാ, പരിസരങ്ങളിലും പൊതു ഇടങ്ങളിലുമെല്ലാം അത് പാലിക്കേണ്ടതുണ്ട്. ആരോഗ്യകരമായ അന്തരീക്ഷത്തിന് അത് അത്യന്താപേക്ഷിതമാണ്. ഒരു പ്രദേശത്തെ ശുചിത്വം നിലനിര്‍ത്തേണ്ടതും സംരക്ഷിക്കേണ്ടതും സമൂഹത്തിന്റെ കൂടി കടമയാണ്. ഇതെല്ലാം ഭരണ കൂടം നിര്‍വഹിക്കട്ടെ എന്ന ചിന്തയില്‍ സമൂഹം മാറിനില്‍ക്കരുത്. മാലിന്യ നിര്‍മാര്‍ജന പരിപാടികളില്‍ ജനങ്ങളെ സഹകരിപ്പിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ പദ്ധതികള്‍ ആവിഷകരിക്കുന്നത് അവയുടെ നടത്തിപ്പ് കാര്യക്ഷമമാക്കാന്‍ സഹായകമാകുകയും ചെയ്യും.