Connect with us

Gulf

തൊഴില്‍ വിസ കിട്ടാനുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചു വരുന്നതായി മന്ത്രി

Published

|

Last Updated

ദോഹ: രാജ്യത്തു തൊഴില്‍ വിസ ലഭിക്കുന്നതില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടെന്നും വൈകാതെ പരിഹരിക്കുമെന്നും അഡ്മിനിസ്‌ട്രേറ്റീവ് ഡലപ്‌മെന്റ്, ലേബര്‍ ആന്‍ഡ് സോഷ്യല്‍ അഫയേഴ്‌സ് മന്ത്രി ഡോ. ഈസ സാദ് അല്‍ ജുഫാലി അല്‍ നുഐമി അറിയിച്ചു. രാജ്യത്തെ ബിസിനസ് സംരംഭകരുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്ത് വേതനമുറപ്പ് സംവിധാനം (ഡബ്ല്യു പി എസ്) നടപ്പിലാക്കി ഏഴു മാസം പിന്നിടുമ്പോള്‍ ഗുണഭോക്താക്കളായ തൊഴിലാളികള്‍ 17 ലക്ഷം കവിഞ്ഞു. ഇത്രയും പേര്‍ ഇപ്പോള്‍ ബേങ്കുകള്‍ വഴി പ്രതിമാസം കൃത്യമായി ശമ്പളം വാങ്ങി വരുന്നു. ഖത്വര്‍ ചേംബര്‍ ചെയര്‍മാന്‍ ശൈഖ് ഖലീഫ ബിന്‍ ജാസിം അല്‍ താനി, മറ്റു ചേംബര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ചേംബര്‍ ആസ്ഥാനത്ത് നടന്ന ചര്‍ച്ചയില്‍ സ്വകാര്യ കമ്പനി പ്രതിനിധികളുമായി വേതനമുറപ്പു സംവിധാനം കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുന്നതു സംബന്ധിച്ച് മന്ത്രി വിശദീകരിച്ചു. കഴിഞ്ഞ വര്‍ഷം നവംബര്‍ രണ്ടു മുതലാണ് സംവിധാനം രാജ്യത്ത് നിര്‍ബന്ധപൂര്‍വം നടപ്പിലാക്കിത്തുടങ്ങിയത്. തൊഴില്‍ നിയമത്തില്‍ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. കമ്പനികള്‍ ജീവനക്കാരുടെ പ്രതിമാസ വേതനം ബേങ്ക് വഴി വിതരണം നടത്തിയിരിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നതാണ് നിയമം.
പദ്ധതിയുടെ വിജയകരമായ പ്രയോഗവത്കരണം എന്ന് മന്ത്രി വിശേഷിപ്പിച്ചു. കമ്പനികള്‍ ആശയത്തോട് സഹകരിച്ചു പ്രവര്‍ത്തിച്ചു. ബന്ധപ്പെട്ട് വകുപ്പുകളുമായം ബേങ്കുകളുമായും സഹകരിച്ചാണ് കമ്പനികള്‍ പദ്ധതി നടപ്പിലാക്കിയതെന്നും മന്ത്രി പറഞ്ഞു. എംപ്ലോയ്‌മെന്റ് കരാര്‍, ഹൗസിംഗ് നിബന്ധനകള്‍, സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം, തൊഴിലാളികളുടെ ഒളിച്ചോട്ട കേസ് തുടങ്ങിയ വിവിധ പ്രശ്‌നങ്ങള്‍ കമ്പനി പ്രതിനിധികള്‍ മന്ത്രിക്കു മുന്നില്‍ അവതരിപ്പിച്ചു. ലേബര്‍ കോടതി ആരംഭിക്കണമെന്ന ആവശ്യവും കമ്പനികള്‍ മന്ത്രിക്കു മുന്നില്‍ വെച്ചു. തൊഴിലാളികള്‍ക്ക് വിസക്ക് അപേക്ഷിക്കുന്ന എടുക്കുന്ന നടപടിക്രമങ്ങള്‍, കാലതാമസം, നിരസിക്കല്‍ തുടങ്ങിയ പ്രശ്‌നങ്ങളും കമ്പനികള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ രീതികള്‍ കൊണ്ടുവന്ന് പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും നടപടികള്‍ എളുപ്പമാക്കുകയും ചെയ്യുമെന്നും മന്ത്രി അറിയിച്ചു. ഈ രംഗത്തുണ്ടാകുന്ന പുരോഗതികള്‍ ചേംബര്‍ അറിയിക്കും.
റിക്രൂട്ട്‌മെന്റ് രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. അവര്‍ പരിഹാരം കാണും. പുതിയ ലേബര്‍ നിയമം ഈ വര്‍ഷം അവസാനത്തോടെ പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രി അറിയിച്ചു. നിയമം വരുന്നതോടെ കമ്പനിയും ജീവനക്കാരും തമ്മിലുള്ള ബന്ധത്തില്‍ വലിയ മാറ്റം വരും. രാജ്യത്ത് ബിസിനസ് നടപടികള്‍ എളുപ്പമാക്കുന്നതിനായി നിമയനിര്‍മാണങ്ങള്‍ നടത്തി വരികയാണെന്നും മന്ത്രി അറിയിച്ചു. എല്ലാമേഖലയിലെയും സുരക്ഷക്കും സ്ഥിരതക്കുമാണ് രാജ്യം പ്രാധാന്യം കൊടുക്കുന്നത്. വിദേശ തൊഴിലാളികളുടെ സുരക്ഷക്ക് അതീവ പ്രാധാന്യം കൊടുക്കുന്നു.