Connect with us

Gulf

ഇന്ത്യന്‍ വിമാന നിക്ഷേപ നിയമം അനുകൂലമാക്കാന്‍ ഗള്‍ഫ് കമ്പനികള്‍

Published

|

Last Updated

ദോഹ: വ്യോമയാന മേഖലിയില്‍ നൂറു ശതമാനം നിക്ഷേപത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സംരംഭങ്ങള്‍ സംബന്ധിച്ച് ഗള്‍ഫ് വിമാനക്കമ്പനികള്‍ ഗൗരവമായ ആലോചന തുടങ്ങി. ഇന്ത്യയിലേക്ക് സര്‍വീസ് മെച്ചപ്പെടുത്തുന്നതിന് വിവിധ വഴികള്‍ ആലോചിച്ചു വന്ന ഗള്‍ഫ് കമ്പനികള്‍ക്ക് ഇന്ത്യന്‍ കമ്പനി തുടങ്ങി വിപണി അനുകൂലമാക്കുന്നതിനാണ് ഗൗരവമായ ആലോചനകള്‍ നടത്തുന്നത്. ഗള്‍ഫിലെ മൂന്ന് മുന്‍നിര വിമാന കമ്പനികള്‍ സാഹചര്യം ഗൗരവപൂര്‍വം നിരീക്ഷിക്കുകയാണെന്ന് അധികൃതരെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയിലേക്ക് കൂടുതല്‍ സീറ്റുകള്‍ തേടി വര്‍ഷങ്ങളായി വിലപേശല്‍ നടത്തി വരികയാണ് ഗള്‍ഫ് വിമാനങ്ങള്‍. വിവിധ നഗരങ്ങളിലേക്കായി നെറ്റ് വര്‍ക്ക് വികസിപ്പിക്കുകയാണ് ലക്ഷ്യം. ഇന്ത്യന്‍ സെക്ടറില്‍ സാന്നിധ്യം ശക്തമാക്കുന്നതിനായി യു എ ഇയുടെ ഇത്തിഹാദ് എയര്‍വേയ്‌സ് ഇന്ത്യന്‍ കമ്പനിയായ ജെറ്റ് എയര്‍വേയ്‌സില്‍ നിക്ഷേപം നടത്തി കോഡ് ഷെയറിംഗിലെത്തിയിരുന്നു. ഇതോടെ ജെറ്റിനു സര്‍വീസുള്ള ഇന്ത്യന്‍ നഗരങ്ങളിലേക്കെല്ലാം ഇത്തിഹാദ് സര്‍വീസ് സാധ്യമാകുന്നുണ്ട്. ഇതേവഴി പിന്തുടരാന്‍ ഖത്വര്‍ എയര്‍വേയ്‌സും ശ്രമിച്ചിരുന്നു. ഇന്‍ഡിഗോ വിമാനത്തില്‍ നിക്ഷേപമിറക്കാനായിരുന്നു ചര്‍ച്ചകള്‍.
എന്നാല്‍ 100 ശതമാനം ഉടമസ്ഥാവകാശത്തോടെ നിക്ഷേപം നടത്താന്‍ അനുമതിയായതോടെ നേരിട്ട് കമ്പനി തുടങ്ങി സര്‍വീസ് രംഗം വിപുലപ്പെടുത്തുന്നതു സംബന്ധിച്ചാണ് ലോകത്തെ മുന്‍നിര വിമാന കമ്പനികള്‍കൂടിയായ ഗള്‍ഫ് വിമാനങ്ങള്‍ ആലോചന തുടങ്ങിയിരിക്കുന്നത്. നേരത്തേ 49 ശമതാനം ഓഹരിക്കു മാത്രമായിരുന്നു അവകാശം. വിഷയം ഗൗരവമായു പഠിച്ചു വരികയാണെന്ന് ഇത്തിഹാദ് എയര്‍വേയ്‌സ് വ്യക്തമാക്കി. അതേസമയം, 100 ശതമാനം നിക്ഷേപാവസരം ഉണ്ടെങ്കിലും ഗള്‍ഫ് വിമാനങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ വര്‍ഷം ഇന്‍ഡിഗോയുടെ ഓഹരികള്‍ വാങ്ങാന്‍ ഖത്വര്‍ എയര്‍വേയ്‌സ് ശ്രമിച്ചപ്പോള്‍ ഇന്ത്യാ ഗവണ്‍മെന്റ് തടയുകയായിരുന്നു. വിദേശ രാജ്യങ്ങളുടെ സോവറിംഗ് വെല്‍ത്ത് ഫണ്ടുകള്‍ക്ക് നിക്ഷേപം സാധ്യമാകില്ലെന്നായിരുന്നു ന്യായം. എന്നാല്‍ പുതിയ നിയമം സംബന്ധിച്ച് പ്രതികരിക്കാന്‍ ഖത്വര്‍ എയര്‍വേയ്‌സ് സി ഇ ഒ അക്ബര്‍ അല്‍ ബാകിര്‍ സന്നദ്ധനായിട്ടില്ല. ഇന്ത്യന്‍ വിമാനത്തില്‍ ഓഹരിയെടുക്കാനുള്ള താത്പര്യം ഉപേക്ഷിച്ചിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
അതേസമയം, മറ്റൊരു വിമാന കമ്പനിയില്‍ ഓഹരി നിക്ഷേപം നടത്താന്‍ താത്പര്യമില്ലെന്ന നിലപാട് മിഡില്‍ ഈസ്റ്റിലെ മുന്‍നിര കമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈന്‍ ആവര്‍ത്തിച്ചു. സഹജമായ വളര്‍ച്ചക്കാണ് തങ്ങളുടെ ശ്രമമെന്നും യാത്രക്കാര്‍ക്ക് ഗുണം കിട്ടുന്ന വേളയില്‍ മാത്രമാണ് വാണിജ്യാടിസ്ഥാനത്തില്‍ മറ്റു എയര്‍ലൈനുകളുമായി സഹകരിക്കുന്നതെന്നും എമിറേറ്റസ് വക്താവ് വ്യക്തമാക്കി. എന്നാല്‍ ആഭ്യന്തര വിമാന കമ്പനികള്‍ക്കാണ് 100 ശതമാനം നിക്ഷേപാവസരം എന്നും ഇത് ഗള്‍ഫ് വിമാന കമ്പനികള്‍ക്ക് അത്ര പ്രിയങ്കരമാകില്ലെന്നും കാപ സെന്റര്‍ ഫോര്‍ ഏവിയേഷന്‍ സൗത്ത് ഏഷ്യ ഡയറക്ടര്‍ ബിന്‍ത് സോമായിയ പറഞ്ഞു. ഇന്ത്യയില്‍ ആഭ്യന്തര സര്‍വീസുകള്‍ വര്‍ധിക്കുമ്പോള്‍ സ്വാഭാവികമായി ഗള്‍ഫിലേക്കുള്ള കണക്ഷന്‍ സര്‍വീസുകളുടെ ഗുണം ഗള്‍ഫ് വിമാനങ്ങള്‍ക്കു ലഭിക്കും. അമേരിക്കയിലും യൂറോപ്പിലും ഈ രീതികള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. സ്വിറ്റ്‌സര്‍ലാന്‍ഡ് വിമാനത്തില്‍ 33 ശമതാനം ഓഹരിയെടുത്താണ് ഈ സാധ്യത ഇത്തിഹാദ് ഉപയോഗിക്കുന്നത്.