Connect with us

Gulf

അഭയാര്‍ഥികള്‍ക്ക് കാരുണ്യ കൈനീട്ടവുമായി ഖത്വറിലെ സന്നദ്ധ സംഘടനകള്‍

Published

|

Last Updated

ദോഹ: വീടും നാടും വിട്ട് അന്യദേശങ്ങളില്‍ അഭയാര്‍ഥികളായി കഴിയുന്ന ആയിരങ്ങള്‍ക്ക് കാര്യണ്യകൈനീട്ടവുമായി ഖത്വറിലെ സന്നദ്ധ സംഘടനകള്‍. കനത്ത പോരാട്ടം നടക്കുന്ന ഇറാഖിലെ ഫല്ലൂജയില്‍ നിന്ന് പലായനം ചെയ്തവര്‍, ജോര്‍ദാനിലും ലിബനോനിലും കഴിയുന്ന സിറിയന്‍ അഭയാര്‍ഥികള്‍, ദുരിതം പേറുന്ന സിറിയയിലെ അലെപ്പോ നഗരത്തിലെ ജനങ്ങള്‍, ലബനോനിലെ ഫലസ്തീന്‍ അഭയാര്‍ഥികള്‍ തുടങ്ങിയ ജനസമൂഹത്തിന് ഖത്വര്‍ ചാരിറ്റിയും ഖത്വര്‍ റെഡ് ക്രസന്റ് സൊസൈറ്റി (ക്യു ആര്‍ സി എസ്)യുമാണ് റിലീഫ് വിതരണം നടത്തുന്നത്.
Syria_Charity_ഇറാഖിലെ അമ്പാര്‍ പ്രവിശ്യയില്‍ കഴിയുന്ന ഫലൂജയില്‍ നിന്ന് പലായനം ചെയ്തവര്‍ക്ക് ഏതാനും ദിവസത്തിനിടെ 3000 ഭക്ഷണ പാക്കറ്റുകള്‍ ഖത്വര്‍ ചാരിറ്റി വിതരണം ചെയ്തു. അടുത്ത ഏതാനും ദിവസത്തിനകം അയ്യായിരം പാഴ്‌സലുകള്‍ വിതരണം ചെയ്യും. പതിനായിരം ഭക്ഷണ പാക്കറ്റുകളും മെഡിക്കല്‍ സഹായങ്ങളും ചെയ്യുകയാണ് ലക്ഷ്യം. സിറിയന്‍ നഗരമായ അലെപ്പോയിലും ജോര്‍ദാനിലെയും ലബനോനിലെയും സിറിയന്‍ അഭയാര്‍ഥികള്‍ക്കും 11000 ഭക്ഷണ പാഴ്‌സലുകള്‍ ഖത്വര്‍ ചാരിറ്റി വിതരണം ചെയ്തു. ഓരോ പാക്കിലും 37 കിലോഗ്രാം അടങ്ങിയ അവശ്യ ഭക്ഷണസാധനങ്ങളാണുള്ളത്. ജോര്‍ദാനിലെയും ലബനോനിലെയും ആറായിരം അഭയാര്‍ഥി കുടുംബങ്ങള്‍ക്കും അലെപ്പോയിലെ അയ്യായിരം കുടുംബങ്ങള്‍ക്കും ആണ് വിതരണം ചെയ്തത്. അലെപ്പോയില്‍ റിലീഫ് വിതരണം നടത്തുന്നതിന് ഖത്വര്‍ ചാരിറ്റി കഴിഞ്ഞ മാസമാദ്യം പത്ത് മില്യന്‍ ഖത്വര്‍ റിയാല്‍ ചെലവഴിച്ചിരുന്നു. 2011 മുതല്‍ സിറിയന്‍ ജനതക്കായി 120 മില്യന്‍ ഡോളറിന്റെ ദുരിതാശ്വാസ പദ്ധതികള്‍ ഖത്വര്‍ ചാരിറ്റി നടപ്പാക്കിയിട്ടുണ്ട്.
റമസാന്‍ ഇഫ്താര്‍ പദ്ധതിയുടെ ഭാഗമായി ക്യു ആര്‍ സി എസ് ലബനോനില്‍ ഉടനീളമുള്ള ഫലസ്തീന്‍ അഭയാര്‍ഥി ക്യാമ്പിലും അര്‍സലിലെ സിറിയന്‍ അഭയാര്‍ഥി ക്യാമ്പുകളിലും ഭക്ഷണ വിതരണം ആരംഭിച്ചു. അര്‍സല്‍, സിദോന്‍, തൈര്‍, ബാല്‍ബിക്, ട്രിപ്പോളി, അക്കാര്‍, ബെയ്‌റൂത്ത് എന്നിവിടങ്ങളിലാണ് വിതരണം നടത്തുക. ഓരോ കുടുംബത്തിനും ഒരു മാസം കഴിയാന്‍ ആവശ്യമായ ഭക്ഷണങ്ങള്‍ പാക്കിലുണ്ടാകും. ക്യു ആര്‍ സി എസ് സ്ഥാപിച്ച കാറ്ററിംഗ് ഹബ് വഴി അര്‍സലില്‍ ദിവസവും പാചകം ചെയ്ത ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്.

Latest