Connect with us

Editorial

മന്ത്രിസഭാ തീരുമാനങ്ങളും വിവരാവകാശവും

Published

|

Last Updated

സുതാര്യവും അഴിമതി രഹിതവുമായ ഭരണം ഉറപ്പ് വരുത്താന്‍ സഹായകമാണ് മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നത് എന്നാണ് സംസ്ഥാന വിവരാവകാശ കമ്മീഷന്റെ വിധിപ്രസ്താവം. ജനങ്ങളില്‍ നിന്ന് മറച്ചുവെക്കാകുന്നതല്ല മന്ത്രിസഭാ തീരുമാനങ്ങള്‍. അതറിയാന്‍ പൊതുസമൂഹത്തിന് അവകാശമുണ്ട്. വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചാല്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ നല്‍കാര്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. തീരുമാനങ്ങള്‍ 48 മണിക്കൂറിനകം പ്രസിദ്ധപ്പെടുത്തണമെന്നാണ് ചട്ടം. സര്‍ക്കാര്‍ തീരുമാനങ്ങളില്‍ വകുപ്പുകള്‍ എടുത്ത തുടര്‍നടപടികളും പുരോഗതിയും അപേക്ഷകരെ അറിയിക്കണമെന്നും മുഖ്യവിവരാവകാശ കമ്മീഷനര്‍ വിന്‍സെന്റ് എം പോളിന്റെ ഉത്തരവില്‍ പറയുന്നു. മന്ത്രിസഭാ തീരുമാനങ്ങള്‍ 48 മണിക്കൂറിനകം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുക എന്ന നിര്‍ദേശവും അദ്ദേഹം സര്‍ക്കാറിന്റെ പരിഗണനക്ക് സമര്‍പ്പിച്ചിട്ടുണ്ട്.
2016 ജനുവരി ഒന്ന് മുതല്‍ മാര്‍ച്ച് 12 വരെയുള്ള മന്ത്രിസഭാ യോഗങ്ങളുടെ അജന്‍ഡയും മിനുട്‌സും നടപടികളുടെ വിവരവും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഉദ്യോഗസ്ഥര്‍ നിരസിച്ചതിനെതിരെ വിവരാവകാശ പ്രവര്‍ത്തകന്‍ അഡ്വ. ബിനു സമര്‍പ്പിച്ച ഹരജിയിലാണ് മേല്‍ ഉത്തരവ്. മെത്രാന്‍ കായല്‍ നികത്താന്‍ അനുമതി, സന്തോഷ് മാധവന് ഭൂമിദാനം തുടങ്ങി ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ അവസാന ഘട്ടത്തിലെ പല തീരുമാനങ്ങളും വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് അവയുടെ വിശദാംശങ്ങള്‍ ആരാഞ്ഞു പൊതുഭരണ വകുപ്പ് സെക്രട്ടറിക്ക് വിവരാവകാശ നിയമ പ്രകാരം അഡ്വ. ബിനു അപേക്ഷ നല്‍കിയത്. എന്നാല്‍ വിവരാവകാശ നിയമത്തിലെ (8)ശ(1) വകുപ്പ് പ്രകാരം മന്ത്രിസഭാ അജന്‍ഡ, മിനുട്‌സ് എന്നിവ നിയമത്തിന്റെ പരിധിക്ക് പുറത്താണെന്നായിരുന്നു സെക്രട്ടറിയുടെ മറുപടി. മന്ത്രിസഭാ തീരുമാനങ്ങള്‍ അതാത് വകുപ്പുകളിലേക്ക് അയക്കുകയാണ് പതിവെന്നതിനാല്‍ അവ നടപ്പാക്കിയോ എന്നറിയണമെങ്കില്‍ പ്രസ്തുത വകുപ്പുകളുടെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസുകളുമായി ബന്ധപ്പെടണമെന്നും മറുപടിയില്‍ നിര്‍ദേശിച്ചു. ഇതിനെതിരായ വിവരാവകാശ കമ്മീഷന്റെ ഉത്തരവില്‍ അപേക്ഷകന്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ പത്ത് ദിവസത്തിനകം നല്‍കണമെന്ന് സര്‍ക്കാറിനോടാവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രിസഭാ തീരുമാനങ്ങളുടെ സൂക്ഷിപ്പുകാരന്‍ എന്ന നിലയില്‍ വകുപ്പുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു അപേക്ഷകനെ അറിയിക്കാന്‍ പൊതുഭരണ വകുപ്പ് സെക്രട്ടറി ബാധ്യസ്ഥനാണെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.
മന്ത്രിസഭായോഗ തീരുമാനങ്ങളെല്ലാം പത്രസമ്മേളനത്തിലൂടെ പരസ്യപ്പെടുത്തേണ്ടതില്ലെന്നും പത്രക്കുറിപ്പ് ഇറക്കിയാല്‍ മതിയെന്നുമാണ് പുതിയ സര്‍ക്കാറിന്റെ തീരുമാനം. എന്നാല്‍ ഇത് സുതാര്യമല്ലെന്ന് പരാതിയുണ്ട്. പത്രക്കുറിപ്പുകള്‍ പലപ്പോഴും അപൂര്‍ണമായിരിക്കും. പത്രസമ്മേളനം നടത്തിയെങ്കില്‍ മാത്രമേ മാധ്യമങ്ങള്‍ക്ക് അതിന്റെ വിശദാംശങ്ങള്‍ ആരാഞ്ഞു വ്യക്തത വരുത്താനും പൊതുജനത്തിന് യഥാവിധി അറിയാനും സാധിക്കുകയുള്ളൂ എന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.
ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ജനങ്ങളുടെ ഭരണമെന്നാണ് ജനാധിപത്യ ഭരണകൂടങ്ങളെ വിശേഷിപ്പിക്കാറ്. ഇത്തരമൊരു ഭരണകൂടത്തിന് ജനങ്ങളില്‍ നിന്ന് എന്താണ് ഒളിക്കാനുള്ളത്. നടപടികള്‍ സുതാര്യവും തീരുമാനങ്ങള്‍ ചട്ടങ്ങള്‍ക്ക് അനുസൃതവുമെങ്കില്‍ പൊതുസമൂഹം അവ അറിയുന്നതില്‍ ഒട്ടും ഭയക്കേണ്ടതില്ല. ചട്ടവിരുദ്ധമാകുമ്പോഴാണ് മറ്റുള്ളവര്‍ അറിയുന്നതില്‍ വേവലാതിയുണ്ടാകുന്നത്. കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ പല തീരുമാനങ്ങളും ക്രമവിരുദ്ധവും അഴിമതികള്‍ നിറഞ്ഞതുമായിരുന്നുവെന്ന് പിന്നീട് വെളിപ്പെട്ടതാണ്. വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ ആ സര്‍ക്കാര്‍ തന്നെ അവ റദ്ദാക്കുകയുമുണ്ടായി. വിവരങ്ങള്‍ പൊതുജനങ്ങളില്‍ നിന്ന് മറച്ചുപിടിക്കാന്‍ സാഹചര്യമുണ്ടാകുമ്പോഴാണ് ചട്ടങ്ങള്‍ക്ക് നിരക്കാത്തതും പൊതുജനത്തിന്റെയും സംസ്ഥാനത്തിന്റെയും താത്പര്യങ്ങള്‍ക്ക് നിരക്കാത്തതുമായ തീരുമാനങ്ങള്‍ കൈക്കൊള്ളാനും അഴിമതിയുടെ കടന്നുവരവിനും അവസരമൊരുക്കുന്നത്. യഥാസമയം മന്ത്രിസഭാ തീരുമാനങ്ങളും അവയുടെ നടത്തിപ്പ് സംബന്ധിച്ച പുരോഗതിയും അറിയിക്കാനുള്ള സംവിധാനവും ഉണ്ടായാല്‍ അഴിമതി ഏറെക്കുറെ നിയന്ത്രിക്കപ്പെടുകയും പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗം കൈവരികയും ചെയ്യും. മന്ത്രിസഭാ തീരുമാനങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന വിവരാവകാശ കമ്മീഷന്റെ നിര്‍ദേശം ഇക്കാര്യത്തില്‍ പരിഗണനാര്‍ഹമാണ്. ഭരണം പരമാവധി സംശുദ്ധവും ജനകീയവുമാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലും മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളിലും ചില നിയന്ത്രണങ്ങളും ചട്ടങ്ങളും പ്രഖ്യാപിച്ച പിണറായി സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഇതു സംബന്ധിച്ചു അനുകൂല പ്രതികരണമുണ്ടാകുമെന്നാണ് പ്രതീക്ഷ. സര്‍ക്കാറിന്റ തീരുമാനങ്ങളെക്കുറിച്ചു അറിയാന്‍ ഇനിയും വിവരാവാകാശ നിയമത്തെ ആശ്രയിക്കേണ്ടിവരുന്ന അവസ്ഥക്ക് അറുതി വരട്ടെ.