Connect with us

Sports

ക്ലിന്‍സ്മാനും കൈയടിച്ചുപോയി...

Published

|

Last Updated

അര്‍ജന്റീന ഗോളടിക്കുമ്പോള്‍ അമേരിക്കന്‍ പരിശീലകന്‍ ക്ലിന്‍സ്മാന്‍ എന്തിന് കൈയടിക്കണം? അതേ, സ്വന്തം പോസ്റ്റിലേക്ക് എതിര്‍നിര നിറയൊഴിച്ചപ്പോള്‍ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്ന ക്ലിന്‍സ്മാന്റെ ചിത്രം ഇന്നലെ നടന്ന അര്‍ജന്റീന-അമേരിക്ക സെമിഫൈനലിലെ വേറിട്ട കാഴ്ചയായി. മത്സരത്തിന്റെ മൂന്നാം മിനുട്ടില്‍ പോസ്റ്റിന് പുറത്ത് പന്ത് മെസിയുടെ കാലിലേക്കെത്തുമ്പോള്‍ അമേരിക്കന്‍ പ്രതിരോധനിരക്കാര്‍ മുന്നില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു. പക്ഷേ, കാലിലേക്കെത്തിയ പന്തിനെ മെസി ചെറുതായൊന്ന് സ്പര്‍ശിച്ച് പ്രതിരോധനിരക്കാരുടെ മുകളിലൂടെ ഉയര്‍ത്തി നല്‍കിയപ്പോള്‍ ലവെസിക്ക് തലവെച്ച് കൊടുക്കേണ്ടതേ ഉണ്ടായിരുന്നുള്ളൂ. ഗോളി ഗുസാന്റെ തലക്ക് മുകളിലൂടെ പന്ത് പോസ്റ്റിലേക്ക്. അര്‍ജന്റൈന്‍ കളിക്കാര്‍ ആഹ്ലാദാരവങ്ങളോടെ കോര്‍ണര്‍ ഫഌഗിനരികിലേക്ക് ഓടുമ്പോള്‍ സൈഡ് ബെഞ്ചിലിരുന്ന ക്ലിന്‍സ്മാന് കൈയടിക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല. അത്രമാത്രം മനോഹരമായിരുന്നു മെസിയുടെ ആ തൂവല്‍സ്പര്‍ശം. അതെ, അതാണ് ഫുട്‌ബോള്‍. മനോഹരമായ നീക്കങ്ങള്‍ കാണുമ്പോള്‍ അറിയാതെ എല്ലാം മറന്ന് കൈയടിച്ചു പോകുന്ന കായികവിനോദം. മത്സരം കഴിഞ്ഞ് പിരിയുമ്പോള്‍ തന്റെ അഭിനന്ദനങ്ങള്‍ മെസിയുടെ പുറത്ത് തട്ടി അറിയിച്ചു ക്ലിന്‍സ്മാന്‍.
79,000ത്തിലധികം സ്വന്തം കാണികളുടെ മുന്നില്‍ കളിച്ചിട്ടും ഒന്നു പൊരുതാന്‍ പോലും കഴിയാതെ, ഒരു ഷോട്ട് പോലും എതിര്‍പോസ്റ്റിലേക്ക് ഉതിര്‍ക്കാന്‍ കഴിയാതെ അമേരിക്ക അടിയറവ് പറയുമ്പോള്‍ മെസിയുടെ സാന്നിധ്യം തന്നെയാണ് ചര്‍ച്ചയാകുന്നത്. മെസിയെ പൂട്ടാന്‍ ഒരാളെ നിയോഗിക്കാത്തതില്‍ ക്ലിന്‍സ്മാന്‍ തീര്‍ച്ചയായും ഖേദിക്കുന്നുണ്ടാകും. അര്‍ജന്റീന-ബൊളിവിയ മത്സരത്തില്‍ മൂന്ന് ഗോള്‍ വാങ്ങിയശേഷം പ്രതിരോധത്തിലേക്ക് നീങ്ങുകയും പകരക്കാരനായെത്തിയ മെസിയെ നിഴല്‍പോലെ പിന്തുടര്‍ന്ന ബോളിവിയന്‍ പ്രതിരോധം കൂടുതല്‍ ഗോള്‍ വഴങ്ങാതെ രക്ഷപ്പെട്ടതും ക്ലിന്‍സ്മാന്‍ ഓര്‍ത്തിരിക്കില്ല.
ഒരു ഗോള്‍ നേടുകയും രണ്ട് ഗോളിന് അവസരമൊരുക്കുകയും ചെയ്ത മത്സരത്തില്‍ മെസിയുടെ പ്രതിഭാസ്പര്‍ശത്തിന്റെ തെളിവായിരുന്നു രണ്ടാംഗോള്‍. പന്തുമായി മെസി എതിര്‍പോസ്റ്റിലേക്ക് കുതിക്കുമ്പോള്‍ അമേരിക്കന്‍ താരം ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീകിക്ക് മനോഹരമായി മെസി വലയിലെത്തിക്കുകയായിരുന്നു. പനാമക്കെതിരെ നേടിയ ഫ്രീകിക്ക് ഗോളിന് സമാനമായിരുന്നെങ്കിലും കൂടുതല്‍ മനോഹരം അമേരിക്കക്കെതിരെയുള്ളത് തന്നെ. മെസി കിക്കെടുക്കുമ്പോള്‍ ഗോളി ഗുസാന്‍ കറക്ട് പൊസിഷനില്‍ തന്നെയായിരുന്നു. ഡൈവ് ചെയ്തതും ശരിയായിരുന്നു. പക്ഷേ, കിക്കെടുത്തത് മെസിയാണ്. ഗോളിയുടെ കൈക്കും പോസ്റ്റിനുമിടയില്‍ ഇടത്തേമൂലയില്‍ ഒരു പന്തിന്റെ ഒഴിവുണ്ടായിരുന്നു. അതിലൂടെ പോസ്റ്റിലേക്ക് തുളച്ചു കയറുമ്പോള്‍ കമന്റേറ്റര്‍ ഒരുനിമിഷം നിശബ്ദനായി. പന്ത് പോസ്റ്റിലോ പുറത്തോ എന്നറിയാന്‍ ഒരു നിമിഷത്തെ സാവകാശം. അത്രമാത്രം കിറുകൃത്യമായിരുന്നു കിക്ക്. ടൂര്‍ണമെന്റിലെ തന്റെ അഞ്ചാം ഗോള്‍ നേടി അര്‍ജന്റീനക്കുവേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരം എന്ന റെക്കോര്‍ഡ് ബാറ്റിസ്റ്റിറ്റിയൂട്ടയില്‍ നിന്ന് മെസിയിലേക്ക്.
ഒന്നും രണ്ടും ഗോളുകള്‍ മെസിയുടെ പ്രതിഭാസ്പര്‍ശത്തിന്റേതായിരുന്നെങ്കില്‍ നാലാം ഗോള്‍ മെസിയുടെ ടീം സ്പിരിറ്റിന്റേതായിരുന്നു. തനിക്കും പോസ്റ്റിനും മുന്നില്‍ ഗോളി മാത്രം നില്‍ക്കേ തന്നോടൊപ്പം സമാന്തരമായി ഓടിവരുന്ന ഹിഗ്വയ്‌ന് പന്ത് കൈമാറി ഗോളടിപ്പിച്ചപ്പോള്‍ ഫുട്‌ബോള്‍ ലോകം മെസിക്ക് മുന്നില്‍ നമിച്ചു. അമേരിക്കന്‍ പ്രതിരോധനിരക്കാരനും ഗോളിയും ഒരിക്കലും പ്രതീക്ഷിക്കാത്ത നീക്കമായിരുന്നു അത്. മെസി ഒരുക്കിയ അവസരങ്ങള്‍ സഹതാരങ്ങള്‍ കളഞ്ഞു കുളിച്ചില്ലായിരുന്നെങ്കില്‍ അമേരിക്കയുടെ പരാജയഭാരം വര്‍ധിക്കുമായിരുന്നു.
ഞായറാഴ്ച അര്‍ജന്റീന ഫൈനല്‍ കളിക്കാനിറങ്ങുമ്പോള്‍ ലോകമെമ്പാടുമുള്ള അര്‍ജന്റൈന്‍ ആരാധകര്‍ക്ക് ഒരൊറ്റ പ്രാര്‍ഥന മാത്രമേയുണ്ടാകൂ. ഫൈനല്‍ ജയിച്ച് മെസി കപ്പുയര്‍ത്തണം. അത് ചിലിയാകുമ്പോള്‍ കഴിഞ്ഞ കോപയിലെ പരാജയത്തിന് ഒരു മധുരപ്രതികാരം കൂടിയാകും. മേജര്‍ കിരീടങ്ങള്‍ തലനാരിഴക്ക് നഷ്ടപ്പെട്ട ആ കരിയര്‍ സമ്പൂര്‍ണമാകണമങ്കില്‍ ഇതും കൂടി വേണം.