Connect with us

National

എന്‍എസ്ജി: ഇന്ത്യയുടെ നീക്കങ്ങൾക്ക് തിരിച്ചടി; എതിർപ്പുമായി കൂടുതൽ രാജ്യങ്ങൾ

Published

|

Last Updated

സിയൂള്‍/ താഷ്‌ക്കന്റ്: ആണവ വിതരണ ഗ്രൂപ്പില്‍ (എന്‍ എസ് ജി) അംഗമാകാനുള്ള ഇന്ത്യയുടെ സാധ്യതകള്‍ അസ്തമിച്ചു. ഇന്നലെ രാത്രി ദക്ഷിണ കൊറിയയിലെ സിയൂളില്‍ നടന്ന എന്‍ എസ് ജി അംഗരാഷ്ട്രങ്ങളുടെ പ്ലീനറി യോഗത്തില്‍ ഇന്ത്യയുടെ അംഗത്വ വിഷയത്തില്‍ അഭിപ്രായൈക്യം ഉണ്ടായില്ല. ചൈനക്ക് പുറമെ ബ്രസീല്‍, ആസ്ട്രിയ, ന്യൂസിലാന്‍ഡ്, അയര്‍ലാന്‍ഡ്, തുര്‍ക്കി തുടങ്ങിയ രാഷ്ട്രങ്ങളും ഇന്ത്യയുടെ അംഗത്വത്തിനെതിരെ നിലപാടെടുത്തു. യു എസ്, മെക്‌സിക്കോ തുടങ്ങിയ രാഷ്ട്രങ്ങള്‍ എന്‍ എസ് ജി അംഗത്വത്തിനെ അനുകൂലിച്ചു. ചൈനയുടെ പിന്തുണ ഉറപ്പാക്കുന്നതിന് താഷ്‌ക്കന്റില്‍ വെച്ച് ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയത് അംഗത്വത്തിന് പ്രതീക്ഷ നല്‍കിയിരുന്നു.
ആണവ നിര്‍വ്യാപന കരാറില്‍ (എന്‍ പി ടി) ഒപ്പുവെക്കാത്ത രാജ്യങ്ങളുടെ അംഗത്വ വിഷയം എന്‍ എസ് ജി പ്ലീനറി യോഗത്തില്‍ മുഖ്യ അജന്‍ഡയായിരുന്നില്ല. എന്നാല്‍, 48 അംഗ എന്‍ എസ് ജി അംഗരാഷ്ട്രങ്ങളുടെ പ്ലീനറി യോഗത്തിന്റെ പ്രാരംഭ സെഷനില്‍ ഇന്ത്യയുടെ ആവശ്യം ജപ്പാന്‍ മുന്നോട്ടുവെക്കുകയായിരുന്നുവെന്ന് നയതന്ത്ര വൃത്തങ്ങള്‍ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് പ്രത്യേക സെഷന്‍ ചേര്‍ന്ന് ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചത്. അര്‍ജന്റീന, ദക്ഷിണ കൊറിയ, ബ്രിട്ടന്‍, ഇറ്റലി, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഫ്രാന്‍സ്, റഷ്യ എന്നീ രാഷ്ട്രങ്ങളും ഇന്ത്യയെ പിന്തുണച്ചു.
ഇന്ത്യ എന്‍ പി ടിയില്‍ ഒപ്പുവെക്കാത്തത് ചൂണ്ടിക്കാട്ടി ചൈനയുടെ നേതൃത്വത്തില്‍ കൂടുതല്‍ രാഷ്ട്രങ്ങള്‍ ഇന്ത്യയുടെ അംഗത്വത്തെ എതിര്‍ത്തു. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവെക്കണമെന്നത് ആണവ സാമഗ്രികളുടെ വിതരണവും സാങ്കേതിക വിദ്യയുടെ കൈമാറ്റവും നടത്തുന്ന എന്‍ എസ് ജിയില്‍ അംഗത്വം ലഭിക്കുന്നതിന് പ്രധാനമാണ്.
എന്‍ പി ടിയില്‍ ഒപ്പുവെക്കാത്ത ഇന്ത്യക്ക് ഏതെങ്കിലും വിധത്തിലുള്ള സൗജന്യം അനുവദിക്കുകയാണെങ്കില്‍ അത് പാക്കിസ്ഥാനും അനുവദിക്കണമെന്ന ചൈനയുടെ നിലപാട് ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായിരുന്നു. ആണവായുധ സാങ്കേതിക വിദ്യ ലിബിയ, ഇറാന്‍, ഉത്തര കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ക്ക് കൈമാറിയതായി പാക്കിസ്ഥാന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, എന്‍ എസ് ജി അംഗത്വം വേണമെന്ന പാക്കിസ്ഥാന്റെ അപേക്ഷ യോഗത്തില്‍ ചര്‍ച്ചയായില്ല.
നേരത്തെ, ചൈനയെ അനുനയിപ്പിക്കാനുള്ള അവസാന ഘട്ട ശ്രമത്തിന്റെ ഭാഗമെന്ന നിലയിലാണ് ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയത്. ഷാംഗ്ഹായി കോ ഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ് സി ഒ) ഉച്ചകോടിക്കായി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് നരേന്ദ്ര മോദി താഷ്‌ക്കന്റില്‍ എത്തിയത്. ഇന്ത്യയുടെ അപേക്ഷ ഉചിതമായും വസ്തുനിഷ്ഠമായും പരിശോധിച്ച ശേഷം തീരുമാനം കൈക്കൊള്ളണമെന്ന് സി ജിന്‍പിംഗിനോട് മോദി ആവശ്യപ്പെട്ടതായി വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പിന്നീട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചൈന അനുകൂല നിലപാട് സ്വീകരിക്കുന്നതോടെ മറ്റ് രാഷ്ട്രങ്ങളുടെ എതിര്‍പ്പും ഇല്ലാതാകുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.
എന്‍ എസ് ജിയുടെ പ്ലീനറി യോഗം തുടങ്ങുന്നതിന് മുമ്പ് തന്നെ യു എസും ഫ്രാന്‍സും യു കെയും ഇന്ത്യയുടെ അംഗത്വത്തെ പിന്തുണച്ച് പ്രസ്താവന ഇറക്കിയിരുന്നു. മോദിയുടെ സന്ദര്‍ശനത്തിന് തൊട്ടുമുമ്പ് സി ജിന്‍പിംഗുമായി പാക്കിസ്ഥാന്‍ പ്രസിഡന്റ് മംനൂന്‍ ഹുസൈന്‍ കൂടിക്കാഴ്ച നടത്തുകയും പാക്കിസ്ഥാന് എന്‍ എസ് ജി അംഗത്വം നല്‍കുന്നതിനെ പിന്തുണച്ച നടപടിയെ സ്വാഗതം ചെയ്യുകയും ചെയ്തു.