Connect with us

Kerala

അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത: ഇടുക്കി മെഡിക്കല്‍ കോളജിലെ പഠനം അനിശ്ചിതത്വത്തില്‍

Published

|

Last Updated

തിരുവനന്തപുരം: അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളുടെ പഠനം അനിശ്ചിതത്വത്തില്‍. വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളും അധ്യാപകരുമില്ലാത്തതാണ് വിദ്യാര്‍ഥികളുടെ പഠനത്തെയും ഭാവിയേയും തുലാസിലാക്കിയിരിക്കുന്നത്. 2014 സെപ്തംബറില്‍ എം ബി ബി എസ് ആദ്യ ബാച്ച് ആരംഭിച്ച കോളജില്‍ രണ്ട് ബാച്ചുകളിലായി നൂറോളം വിദ്യാര്‍ഥികളാണ് പഠിക്കുന്നത്.
ജില്ലാ ആശുപത്രിയുടെ പേര് മാറ്റി മെഡിക്കല്‍ കോളജ് ആക്കിയെങ്കിലും കോളജിന് വേണ്ടി ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിര്‍കര്‍ഷിക്കുന്ന സൗകര്യങ്ങളൊന്നും ഒരുക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. ആവശ്യത്തിന് അധ്യാപകരോ ജീവനക്കാരോ ഇല്ലാത്തതിനാല്‍ ജില്ലാ ആശുപത്രി പൂര്‍ണമായി മെഡിക്കല്‍ കോളജിന്റെ കീഴിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. മികച്ച ചികിത്സാ സേവനം പ്രതീക്ഷിച്ചെത്തുന്ന സാധാരണക്കാരായ രോഗികളെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം താലൂക്ക് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്ന അവസ്ഥയാണ് നിലവിലുള്ളത്.
ദിവസേന നടക്കേണ്ട മെഡിക്കല്‍ കോളജ് ഒ പി ആഴ്ചയില്‍ രണ്ടോ മുന്നോ ദിവസം മാത്രമായി ചുരുക്കിയതും പൂര്‍ണമായും ക്ലിനിക്കല്‍ അധിഷ്ഠിതമായി നടത്തേണ്ട പഠനം തിയറികളില്‍ മാത്രം ഒതുക്കിയതും വിദ്യാര്‍ഥികളുടെ പഠനത്തെ സാരമായി ബാധിക്കുന്നുണ്ട്.
രണ്ടാം വര്‍ഷ എം ബി ബി എസ് വിദ്യാര്‍ഥികള്‍ക്കായി പത്തോളജി, ഫാര്‍മക്കോളജി, മൈക്രോബയോളജി, ഫോറന്‍സിക് എന്നീ വിഷയങ്ങളില്‍ ലാബ് സൗകര്യം ഒരുക്കിയിട്ടില്ല. ഇതിനായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാതിവഴിയിലാണ്. അടുത്ത ഫെബ്രുവരിയില്‍ പരീക്ഷ എഴുതേണ്ട വിദ്യാര്‍ഥികള്‍ക്ക് ഇതുവരെ പ്രാക്ടിക്കല്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ കഴിയാത്തത് അവരുടെ ഭാവി തുലാസിലാക്കിയിരിക്കുകയാണ്. ഈ നില തുടര്‍ന്നാല്‍ പരീക്ഷ എഴുതാന്‍ സാധിക്കുമോ എന്ന ആശങ്കയിലാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും.
78 ശതമാനം അധ്യാപകരുടെ കുറവാണ് കോളജ് നേരിടുന്ന മറ്റൊരു പ്രധാന പ്രശ്‌നം. നോണ്‍-ക്ലിനിക്കല്‍ വിഭാഗത്തില്‍ എട്ട് അധ്യാപകരാണുള്ളത്. സൈക്ക്യാട്രിയില്‍ ഒരു അസിസ്റ്റന്റ് പ്രൊഫസറും ഇ എന്‍ ടിയില്‍ ഒരു പ്രൊഫസറും ഒരു സീനിയര്‍ അസിസ്റ്റന്റും ഒരു ജൂനിയര്‍ അസിസ്റ്റന്റും ഗൈനക്കോളജിയില്‍ മൂന്ന് പ്രൊഫസര്‍മാരുമാണുള്ളത്. ക്ലിനിക്കല്‍ വിഷയങ്ങള്‍ക്ക് അധ്യാപകരില്ല.
അധ്യാപകര്‍ക്ക് താമസ സൈകര്യമൊരുക്കാത്തതിലും പ്രതിഷേധമുയരുന്നുണ്ട്. പലരും സ്വന്തം ചെലവില്‍ താമസ സൗകര്യം കണ്ടെത്തിയാണ് കോളജില്‍ തുടരുന്നത്. വാഹന സൗകര്യങ്ങള്‍ വളരെ കുറഞ്ഞ പ്രദേശത്താണ് കോളജ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ കോളജില്‍ എത്തിച്ചേരുന്നതിന് അധ്യാപകരും വിദ്യാര്‍ഥികളും ബുദ്ധിമുട്ട് നേരിടുന്നു. ഇത്തരം കാരണങ്ങള്‍കൊണ്ട് പല അധ്യാപരും സ്ഥലം മാറ്റം വാങ്ങി പോകുകയും നീണ്ട അവധിയില്‍ പ്രവേശിക്കുകയുമാണ് പതിവെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. പി ഡബഌു ഡി ക്വാര്‍ട്ടേഴ്‌സ് വാടകക്കെടുത്താണ് ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നത്. മറ്റ് ഹോസ്റ്റലുകളില്‍ ഈടാക്കുന്നതിനേക്കാള്‍ കൂടുതല്‍ തുക നല്‍കിയാണ് വിദ്യാര്‍ഥികള്‍ ഇവിടെ താമസിക്കുന്നത്. ഒരു ചെറിയ മുറിയില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറി വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന് സഹായകമായ രീതിയിലുള്ളതല്ലെന്നും അവര്‍ പരാതിപ്പെടുന്നു.
കോളജിന്റെ ദുരവസ്ഥ സംബന്ധിച്ച് സ്ഥലം എം എല്‍ എയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ടി സി വാങ്ങി അടിസ്ഥാന സൗകര്യങ്ങളുള്ള മറ്റ് കോളജുകളില്‍ ചേരാനായിരുന്നു നിര്‍ദേശമെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
ഇടുക്കി മെഡിക്കല്‍ കോളജ് സ്റ്റുഡന്റ്‌സ് യൂനിയന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയേയും ആരോഗ്യ വകുപ്പ് മന്ത്രിയേയും നേരില്‍ക്കണ്ട് വിവരങ്ങള്‍ ധരിപ്പിച്ചതായി യൂനിയന്‍ ചെയര്‍മാന്‍ ആനന്ദ് രാജ് പറഞ്ഞു.

---- facebook comment plugin here -----

Latest