Connect with us

Wayanad

വെണ്മണി സ്വദേശിയെ കെട്ടിയിട്ട സംഭവം; മാവോയിസ്റ്റ് സംഘമെന്ന് പോലീസ്

Published

|

Last Updated

കല്‍പ്പറ്റ: തവിഞ്ഞാല്‍ പഞ്ചായത്തിലെ വെണ്മണി കത്തോലിക്കാ പള്ളിക്ക് സമീപം കഴിഞ്ഞചൊവ്വാഴ്ച രാത്രി ഏഴരയോടെ പ്രദേശവാസിയായ തറയില്‍ ഷാജനെ കൈകാലുകള്‍ കെട്ടിയിട്ട ശേഷം കടന്നത് മാവോയിസ്റ്റ് സംഘമെന്ന് പോലീസ് നിരീക്ഷണം.

മാവോയിസ്റ്റുകളുടെ മൂന്നാംഘട്ട പരീക്ഷണമെന്നാണ് ഇതിനെ പോലീസ് നിരീക്ഷിക്കുന്നത്. ആദ്യം വനത്തില്‍ മാത്രം തമ്പടിച്ചുള്ള പ്രവര്‍ത്തനം നടത്തിയിരുന്ന സംഘം പിന്നീട് വനാതിര്‍ത്തിയിലോ വനത്തിലേക്ക് എളുപ്പത്തില്‍ കടക്കാന്‍ പഴുതുകളുള്ള ആദിവാസി, തോട്ടം മേഖലയിലോ മാത്രം പ്രത്യക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ആഴ്ചയും തവിഞ്ഞാല്‍ പഞ്ചായത്തിലെ തോട്ടം തൊഴിലാളി കേന്ദ്രമായ ചിറക്കരയില്‍ മാവോയിസ്റ്റ് സംഘം എത്തിയിരുന്നു. രണ്ട് ഘട്ടങ്ങളിലും പോലീസ് പിടിയില്‍ അകപ്പെടാതെ നടത്തി വിജയിച്ച പ്രവര്‍ത്തനം അല്‍പം കൂടി ജനവാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയാല്‍ എന്താവുമെന്നതിന്റെ പരീക്ഷണം കൂടിയാണ് വെണ്മണി സംഭവമെന്ന് പോലീസ് കരുതുന്നു. വനവും കുന്നും മലകളും ഇറങ്ങി നാട്ടിന്‍പുറങ്ങളിലേക്ക് എത്തിയാലുള്ള പ്രതികരണം പരീക്ഷിക്കലാണ് വെണ്മണിയിലേതെന്നാണ് പോലീസ് വിലയിരുത്തല്‍.

ഷാജനെ കെട്ടിയിട്ട സംഘത്തില്‍ സായുധരായ ഏഴോളം പേരുണ്ടായിരുന്നുവെന്നാണ് കണക്കാക്കുന്നത്. നാട്ടില്‍ ഇറങ്ങിയ സംഘം ഇതുവഴി നടന്നുപോവുകയായിരുന്ന ഷാജന്റെ മുന്നില്‍പ്പെട്ടു. ഇത് വകവെക്കാതെ മുന്നോട്ടുപോയാല്‍ ഷാജനിലൂടെ സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ നാട്ടില്‍ പരക്കാനും അതുവഴി തങ്ങള്‍ പിടിയിലാകാനും ഇടയുണ്ടെന്ന കണക്കുകൂട്ടലിലാണ് കൈകാലുകള്‍ ബന്ധിച്ച് കെട്ടിയിട്ടതെന്ന് കരുതുന്നു. രണ്ട് പേരാണ് തന്റെ കൈകാലുകള്‍ ബന്ധിച്ചതെന്ന് ഷാജന്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.

സംഘത്തില്‍ ഏഴോളം പേരുണ്ടായിരുന്നുവെന്നും മൊഴിയിലുണ്ട്. ഇന്നലെ ഈ പ്രദേശത്ത് ക്രൈം ഡിറ്റാച്ച്‌മെന്റ് ഡി വൈ എസ് പി-വി ജി കുഞ്ഞന്റെ നേതൃത്വത്തില്‍ പോലീസ് പരിശോധന നടത്തി. കൈകാലുകളില്‍ മുറുക്കി കെട്ടിയതിന്റെ അടയാളങ്ങള്‍ ഷാജന്റെ ശരീരത്തില്‍ പോലീസ് കണ്ടു.

പുറത്ത് തോക്കിന്റെ പാത്തി തട്ടിയതായും ഷാജന്‍ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട് ബന്ധനസ്ഥനായ ഷാജന്റെ കൈകാലുകളിലെ കെട്ടഴിച്ചത് മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ എം ജി ബിജു അടക്കമുള്ള പൊതുപ്രവര്‍ത്തകരും പ്രദേശവാസികളും ചേര്‍ന്നാണ്. ഷാജനെ രണ്ട് പേര്‍ പിന്നില്‍ നിന്ന് ബലത്തില്‍ പിടിക്കുകയായിരുന്നു.

ഈ ബലപ്രയോഗത്തില്‍ ഷര്‍ട്ടിന്റെ മുകളിലത്തെ ബട്ടണ്‍ പൊട്ടിപ്പോയിട്ടുണ്ട്. ഈ പ്രദേശത്തിന്റെ പ്രത്യേകത കൂടി വിലയിരുത്തിയാണ് ഇവിടെ എത്തിയത് മാവോയിസ്റ്റ് സംഘം തന്നെയാണെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

Latest