Connect with us

National

തക്കാളി, ഉരുളക്കിഴങ്ങ്, പരിപ്പ് വര്‍ഗങ്ങള്‍ക്ക് വിലക്കയറ്റം

Published

|

Last Updated

ന്യൂഡല്‍ഹി: കഴിഞ്ഞ സീസണില്‍ ഉള്ളിവിലക്കയറ്റത്തില്‍ പൊറുതിമുട്ടിയ ജനം ഇത്തവണ നേരിടുന്നത് തക്കാളി, ഉരുളക്കിഴങ്ങ്, പരിപ്പ് വര്‍ഗങ്ങള്‍ എന്നിവയിലുണ്ടായ വന്‍ വില വര്‍ധന. സര്‍ക്കാര്‍ പലതരത്തില്‍ വിപണിയിലിടപെട്ടിട്ടും വില നിയന്ത്രിക്കാന്‍ ഇതുവരെ സാധിക്കാത്തത് ജനങ്ങളുടെ കുടുംബ ബജറ്റിനെ സാരമായി ബാധിച്ചിരിക്കുകയാണ്.
തക്കാളി കിലോഗ്രാമിന് വില നൂറ് രൂപയോളമെത്തിയിട്ടുണ്ട്. ഉരുളക്കിഴങ്ങിന് മുമ്പെങ്ങുമില്ലാത്ത വിധം വില കിലോഗ്രാമിന് 20 എന്ന നിലയിലായിരിക്കുന്നു. പരിപ്പ് വര്‍ഗങ്ങള്‍ക്കും വന്‍ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. തുവരപ്പരിപ്പിന് കിലോഗ്രാമിന് ഇപ്പോള്‍ വില 170 ആണ്. ഉഴുന്ന് പരിപ്പിനാകട്ടെ 196 രൂപയാണ് കിലോഗ്രാമിന് വില.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങലിലുണ്ടായ വരള്‍ച്ച കാരണം കൃഷി നശിച്ചതാണ് ഈ ഭക്ഷ്യവസ്തുക്കള്‍ക്ക് ക്രമാതീതമായി വിലകയറാന്‍ പ്രധാന കാരണമെന്നാണ് വിലയിരുത്തുന്നത്. ബംഗാളിലെ പാടങ്ങളില്‍ വ്യാപകമായി പടര്‍ന്നുപിടിച്ച രോഗങ്ങളാണ് ഉരുളക്കിഴങ്ങിന്റ വിലക്കയറ്റത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. അപ്രതീക്ഷിതമായി അനുഭവപ്പെട്ട ചൂടാണ് തക്കാളി കൃഷിയെ ദോഷകരമായി ബാധിച്ചത്.
അതിനിടെ, 1.5 ലക്ഷം ടണ്‍ പരിപ്പ് വര്‍ഗങ്ങള്‍ സംഭരിക്കാന്‍ ലക്ഷ്യമിടുന്നതായി കേന്ദ്ര ഭക്ഷ്യ മന്ത്രി രാംവിലാസ് പാസ്വാന്‍ അറിയിച്ചു. ഖാരിഫ്, ഫാബി സീസണില്‍ 1.15 ലക്ഷം ടണ്‍ പരിപ്പ് സംഭരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം 5.5 ദശലക്ഷം ടണ്‍ പരിപ്പ് വര്‍ഗം ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നു. 2015- 16 വര്‍ഷത്തില്‍ രാജ്യത്തിന്റെ പരിപ്പ് ഉത്പാദനം 17.06 ദശലക്ഷം ടണ്‍ ആയിരിക്കുമെന്നാണ് കണക്കാക്കുന്നത്. അതേസമയം, രാജ്യത്തിന് ആവശ്യമായി വരിക 23.5 ദശലക്ഷം പരിപ്പ് വര്‍ഗങ്ങളാണ്.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ തുവരപ്പരിപ്പിന്റെ വില ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ട്. അതേസമയം, ഇതേ കാലയളവില്‍ ഉഴുന്ന് പരിപ്പിനുണ്ടായ വിലക്കയറ്റം 120 ശതമാനമാണ്. രാജ്യം സമൃദ്ധമായി ഉത്പാദിപ്പിക്കുന്ന കടലയുടെ വിലയും ഇക്കാലയളവില്‍ 85 ശതമാനം കണ്ട് വര്‍ധിച്ചു.

Latest