Connect with us

Kannur

ഭൂമിയില്ലാത്തവര്‍ക്കും ശൗചാലയത്തിന് ധനസഹായം

Published

|

Last Updated

കണ്ണൂര്‍: വ്യക്തിഗത ഗാര്‍ഹിക ശൗചാലയം ലഭ്യമാകാത്ത എല്ലാ ഗുണഭോക്താക്കള്‍ക്കും ശൗചാലയം നിര്‍മിക്കുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതി ലക്ഷ്യത്തോടടുക്കുന്നു. ജലനിധി പദ്ധതിയില്‍ കീഴില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളില്‍ സ്വച്ഛ്ഭാരത് മിഷന്റെ സമ്പൂര്‍ണ്ണ ശുചിത്വ പദ്ധതിയോട് ചേര്‍ന്ന് നടപ്പാക്കുന്ന സാനിറ്ററി കക്കൂസ് നിര്‍മാണ പദ്ധതിയാണ് അവസാനഘട്ടത്തിലെത്തി നില്‍ക്കുന്നത്. നിലവില്‍ കക്കൂസ് സൗകര്യം ഇല്ലാത്ത കുടുംബങ്ങളെ മാത്രം ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.
സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്കും കക്കൂസിനായി സാമ്പത്തിക സഹായം അനുവദിക്കുന്നുണ്ട്. ഇതു സംബന്ധിച്ച ഗുണഭോക്താക്കളുടെ തിരഞ്ഞെടുപ്പ് ഇതിനകം ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. ശുചിത്വ മിഷനില്‍നിന്നുള്ള 1200 വിഹിതമുള്‍പ്പടെ മൊത്തം 15,400 രൂപയാണ് ജലനിധി സാമ്പത്തിക സഹായമായി നല്‍കുന്നത്. ഇത് കക്കൂസില്ലാത്തവര്‍ക്കു മാത്രമേ അനുവദിക്കാവൂ.
അറ്റകുറ്റപ്പണിക്ക് ബാധകമല്ല. തുറന്ന സ്ഥലത്ത് മലമൂത്രവിസര്‍ജനം ഒഴിവാക്കുക എന്നതാണ് പദ്ധതികൊണ്ടു പ്രാധാനമായും ഉദ്ദേശിക്കുന്നത്. തീരമേഖലയില്‍ ഫിഷറീസ് വകുപ്പില്‍നിന്നുള്ള അധിക സഹായം കൂടി ഉണ്ടാകും. സംസ്ഥാനത്ത് ജലനിധി പദ്ധതി പ്രകാരം 115 പഞ്ചായത്തിലാണ് ഗാര്‍ഹിക ശൗചാലയങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ജലനിധിയുടെ മോല്‍നോട്ടമുണ്ടാകുക.
ഇതിലുള്‍പ്പെടാത്ത പഞ്ചായത്തുകളിലും നഗര-കോര്‍പ്പറേഷന്‍ പരിധികളിലും ഒ ഡി എഫ് ക്യാമ്പയിന്റെ ഭാഗമായി വിവിധ പദ്ധതി പ്രകാരം കക്കൂസുകള്‍ നിര്‍മിച്ചു നല്‍കുന്ന പദ്ധതികള്‍ അവസാനഘട്ടത്തിലെത്തിയിട്ടുണ്ട്. ജലനിധി കണ്ണൂര്‍ മേഖലക്ക് കീഴില്‍ കണ്ണൂര്‍, കാസര്‍ഗോഡ്്, വയനാട് ജില്ലകളില്‍ 29 പഞ്ചായത്തുകളില്‍ ജലനിധിയുടെ ശൗചാലയ നിര്‍മാണ പദ്ധതിഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. മലപ്പുറം മേഖലക്ക് കീഴില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 25 പഞ്ചായത്തുകളിലാണ് പ്രവര്‍ത്തനം പുരോഗമിക്കുന്നത്. സംസ്ഥാനത്ത് 4.2 ശതമാനം വീടുകളിലാണ് കക്കൂസുകളില്ലാത്തത്്. കണക്കു പ്രകാരം ഇത് ഏകദേശം രണ്ട് ലക്ഷത്തോളം വരും. കക്കൂസില്ലാത്ത ആര്‍ക്കും പഞ്ചായത്തില്‍ ഇതിനായി അപേക്ഷ നല്‍കാം.
പഞ്ചായത്ത് തല സമിതിയും ജലനിധി എന്‍ജിനീയറും പരിശോധിച്ച ശേഷം നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങാം. നിര്‍മാണം പൂര്‍ത്തിയായ തൊട്ടടുത്ത ദിവസം തന്നെ ഇതിനുള്ള ധനസഹായം ഇവര്‍ക്ക് ബേങ്ക് എക്കൗണ്ട് വഴി നല്‍കും.
സംസ്ഥാനത്ത് കക്കൂസില്ലാത്ത വീടുകള്‍ കൂടുതലും പാലക്കാട് ജില്ലയിലാണ്. പാലക്കാട് ജില്ലയില്‍ അടിസ്ഥാന വിവരശേഖരണ സര്‍വേ പ്രകാരം 42291 വീടുകളാണ് കക്കൂസ് ഇല്ലാത്തതായി കണ്ടെത്തിയത്. പദ്ധതിയുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവില്‍ പുനഃപരിശോധന നടത്തിയതില്‍ ജില്ലയില്‍ 25,000 ലധികം ഗുണഭോക്താക്കളാണ് ശൗചാലയം ഇല്ലാത്തവരായി ഉള്ളത്. അട്ടപ്പാടി, മുതലമട, നെല്ലിയാമ്പതി തുടങ്ങിയ സ്ഥലങ്ങളില്‍ ശൗചാലയങ്ങള്‍ നിര്‍മ്മിച്ച് നല്കുന്നതിന് പ്രത്യേക കര്‍മ്മ പരിപാടിയും നടപ്പിലാക്കുന്നുണ്ട്. കണ്ണൂര്‍ ജില്ലയിലെ 71 പഞ്ചായത്തുകളും ഒമ്പത് മുന്‍സിപ്പാലിറ്റികളും കണ്ണൂര്‍ കോര്‍പ്പറേഷനും തുറസ്സായ സ്ഥലത്തുള്ള മലമൂത്ര വിസര്‍ജ്ജനം ഇല്ലാതാക്കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
സര്‍വേ പ്രകാരം കണ്ണൂരില്‍ 7701 കക്കൂസില്ലാത്ത കുടുംബങ്ങളാണ് ഉള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്. ജില്ലയിലെ 71 പഞ്ചായത്തുകളില്‍ മാങ്ങാട്ടിടം, കരിവെള്ളൂര്‍, പെരളം, മൊകേരി, കല്യാശ്ശേരി, കോട്ടയം, വളപട്ടണം, ചൊക്ലി, മുഴപ്പിലങ്ങാട്, ന്യൂമാഹി, പിണറായി, പാട്യം, അഞ്ചരക്കണ്ടി തുടങ്ങി 12 ഗ്രാമപഞ്ചായത്തുകള്‍ ഇതിനോടകം ഓപ്പണ്‍ ഡിഫക്ഷന്‍ ഫ്രീ ആയി പ്രഖ്യാപിക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞു. 24 പഞ്ചായത്തുകള്‍ ജൂലായ് 31നകവും ബാക്കിയുള്ള 35 പഞ്ചായത്തുകള്‍ ആഗസ്ത് 31നകവും ഒ ഡി എഫ് നിലവാരത്തിലേക്കെത്തിക്കുന്നതിന് ഊര്‍ജ്ജിത ശ്രമം ജില്ലാ ഭരണകൂടം ആസൂതണം ചെയ്തിട്ടുണ്ട്.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest