Connect with us

International

ഇത് ദേശീയതയുടെ വിജയം; കുടിയേറ്റവിരുദ്ധതയുടെയും

Published

|

Last Updated

ലണ്ടന്‍: തീവ്ര വലതുപക്ഷ, കുടിയേറ്റവിരുദ്ധ ദേശീയ വാദം ഒരിക്കല്‍ കൂടി വിജയം വരിച്ചിരി ക്കുന്നു. ഇ യുവില്‍ നിന്ന് ബ്രിട്ടന്‍ വേര്‍പെടണമെന്ന് ജനത വിധിയെഴുതുമ്പോള്‍ അതിനെ ജര്‍മനയിലടക്കം യൂറോപ്യന്‍ രാജ്യങ്ങളില്‍ ശക്തമായിക്കൊണ്ടിരിക്കുന്ന കുടിയേറ്റപ്പേടിയുടെ ഭാഗമായി വേണം വിലയിരുത്താന്‍. കടുത്ത ദേശീയവാദം, ഇ യു അംഗരാജ്യമെന്ന നിലയിലുള്ള വിട്ടുവീഴ്ചകള്‍ക്കെതിരായ മനോഭാവം, ബ്രിട്ടീഷ് ചരിത്രത്തിലും പാരമ്പര്യത്തിലുമുള്ള അമിതാഭിമാനം തുടങ്ങിയ നിരവധി സവിശേഷതകള്‍ ലീവ് (യൂറോപ്യന്‍ യൂനിയന്‍ വിടണമെന്ന് വാദിക്കുന്ന) പക്ഷത്തിനുണ്ട്. എന്നാല്‍ അവരുടെ അടിസ്ഥാനപരമായ ആശങ്ക കുടിയേറ്റം തന്നെയായിരുന്നു.
യൂറോപ്യന്‍ യൂനിയനില്‍ തുടര്‍ന്നാല്‍ കൂടുതല്‍ അഭയാര്‍ഥികളെ സ്വീകരിക്കേണ്ടി വരുമെന്നും ഇത് രാജ്യത്ത് തീവ്രവാദ പ്രവണത വര്‍ധിക്കുന്നതിന് കാരണമാകുമെന്നും അവര്‍ വാദിച്ചു. ലണ്ടന്‍ മുന്‍ മേയര്‍ ബോറിസ് ജോണ്‍സന്റെ മിക്ക പ്രഭാഷണങ്ങളിലും ഈ വാദമാണ് നിറഞ്ഞ് നിന്നിരുന്നത്. ഇത് സാധാരണക്കാരെ വലിയ തോതില്‍ സ്വാധീനിച്ചു. പ്രത്യേകിച്ച് ഇസില്‍ തീവ്രവാദികള്‍ ഉയര്‍ത്തിയ ഭീതിയുടെ പശ്ചാത്തലത്തില്‍ അഭയാര്‍ഥികളെ മുഴുവന്‍ അപകീര്‍ത്തിപ്പെടുത്തുന്ന വിദ്വേഷ പ്രചാരണത്തിന് മേല്‍ക്കൈ ലഭിച്ചു.

അഭയാര്‍ഥികള്‍ക്ക് തിരിച്ചടി
സിറിയ, ഇറാഖ്, ഫലസ്തീന്‍, അഫ്ഗാനിസ്ഥാന്‍, സുഡാന്‍, മ്യാന്‍മര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള മുസ്‌ലിംകളാണ് മിക്കവാറും അഭയാര്‍ഥികളെന്നതിനാല്‍ ഈ പ്രചാരണത്തിന് ഇസ്‌ലാമോഫോബിയയുടെ തലം കൂടിയുണ്ട്. ഏതെങ്കിലും ഒരു ഇ യു അംഗരാജ്യത്ത് കര പറ്റുന്ന അഭയാര്‍ഥികള്‍ക്ക് വലിയ നിയന്ത്രണങ്ങളില്ലാതെ മറ്റു രാജ്യങ്ങളിലേക്ക് പോകാമെന്ന സാധ്യതയാണ് യൂനിയന്‍ മുന്നോട്ട് വെച്ചിരുന്നത്. ബ്രിട്ടന്‍ യൂനിയനില്‍ നിന്ന് പുറത്ത് പോകുന്നതോടെ അവിടേക്കുള്ള ഈ സാധ്യത നിലക്കുന്നു. തുര്‍ക്കിയെ മുന്‍നിര്‍ത്തിയും ലീവ് പക്ഷം പ്രചാരണമഴിച്ചു വിട്ടിരുന്നു. തുര്‍ക്കി ഇ യുവില്‍ അംഗമാകാന്‍ പോകുന്നുവെന്നായിരുന്നു മുറവിളി. തുര്‍ക്കി യൂനിയനില്‍ വരുന്നത് അപകടകരമാണെന്ന ധാരണ പരത്താനാണ് ഇക്കൂട്ടര്‍ ശ്രമിച്ചത്. യൂനിയനിലെ ഗ്രീസ്, ഇറ്റലി, സ്‌പെയിന്‍ തുടങ്ങിയ ദുര്‍ബല രാജ്യങ്ങളെ സഹായിക്കാനുള്ള ബാധ്യതയേല്‍ക്കുന്നത് ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥക്ക് വലിയ ആഘാതമാണെന്നും വേര്‍പെടല്‍ പക്ഷം വാദിച്ചിരുന്നു. സങ്കുചിത ദേശീയ വാദികളാണ് ലീവ് ക്യാമ്പിന് നേതൃത്വം നല്‍കിയത്. നവനാസികളുടെ ആക്രമണത്തില്‍ വനിതാ എം പി കൊല്ലപ്പെട്ടത് ഇതിന് തെളിവാണ്.

ആഗോളവത്കരണ
നയത്തിനെതിര്
സമ്പന്നരും ഉന്നത, സാങ്കേതിക വിദ്യാഭ്യാസം സിദ്ധിച്ചവരുമെല്ലാം റിമെയിന്‍ (ഇ യുവില്‍ തുടരണം)പക്ഷത്തെയാണ് പിന്തുണച്ചത്. എന്നാല്‍ സാധാരണക്കാരും തൊഴിലാളികളും ലീവ് പക്ഷത്ത് നിലയുറപ്പിച്ചു. അതിര്‍ത്തി മായ്ച്ചു കളയുന്ന സാമ്പത്തിക വ്യാപാര സഹകരണം മുന്നോട്ട് വെക്കുന്ന ആശയധാരക്ക് നേരെ വിപരീതമായ നിലപാടാണ് ബ്രിട്ടനില്‍ വിജയിച്ചിരിക്കുന്നത്. ആഗോളവത്കരണത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചതിനോട് ചേര്‍ന്നാണ് യൂറോപ്യന്‍ യൂനിയന്‍ എന്ന ആശയവും വികസിച്ചത്. പൊതു കറന്‍സി, പൊതു സാമ്പത്തിക നയങ്ങള്‍, പൊതു ബാധ്യത, അംഗരാജ്യങ്ങള്‍ക്കിടയില്‍ തുറന്ന വിപണി തുടങ്ങിയ യൂനിയന്റെ സവിശേഷതകളെല്ലാം അംഗരാജ്യത്തിന്റെ വ്യക്തിത്വത്തെ ഇല്ലാതാക്കുക തന്നെയാണ് ചെയ്യുന്നത്. ബ്രിട്ടന്റെ വ്യക്തിത്വവും പാരമ്പര്യവും മഹത്വവും തിരിച്ചു പിടിക്കണമെന്നാണ് ലീവ് പക്ഷം സംവാദങ്ങളിലെല്ലാം ആവശ്യപ്പെട്ടത്. വിട്ടുപോകുന്നത് രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പറഞ്ഞപ്പോള്‍ ലീവ് പക്ഷം കൊടുത്ത മറുപടി, ബ്രിട്ടന്റെ ശക്തിയില്‍ വിശ്വസിക്കൂ എന്നായിരുന്നു. ഇത് കടുത്ത രാജ്യാഭിമാനം സൂക്ഷിക്കുന്ന പഴയ തലമുറയെ സ്വാധീനിച്ചു. അഥവാ ആഗോളവത്കരണത്തിന് പകരം പ്രാദേശികവത്കരണത്തെ അവര്‍ പിന്തുണച്ചു.

സാമ്പത്തികരംഗം
കലുഷിതമാകും
ഇ യുവുമായുള്ള ഭാവി വ്യാപാര, സാമ്പത്തിക ബന്ധം രൂപപ്പെടുന്നതിനുള്ള കാലതാമസം ബ്രിട്ടനില്‍ ഒരു സാമ്പത്തിക മാന്ദ്യത്തിന് വഴിവെച്ചേക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. ഓഹരി വിപണിയിലും പൗണ്ടിന്റെ വിലയിലുമുണ്ടായ തകര്‍ച്ച ഇതിന്റെ ലക്ഷണമാണ്. ഓഹരി കമ്പോളത്തിന്റെ പ്രവര്‍ത്തനം മരവിപ്പിക്കേണ്ടി വരുമെന്നാണ് ബ്രിട്ടീഷ് ചാന്‍സലര്‍ ഓഫ് എക്‌ചെക്കര്‍ ജോര്‍ജ് ഓസ്‌ബോണ്‍ പറഞ്ഞത്. കാമറൂണ്‍ മന്ത്രിസഭ വീഴുന്നതോടെ അവശിഷ്ട യൂറോപ്യന്‍ യൂനിയമായുള്ള കൂടിയാലോചനകള്‍ സങ്കീര്‍ണമാകും. ഇ യു നേതൃത്വം പകപോക്കല്‍ രീതി കൈകൊണ്ടേക്കാം.

വേര്‍പിരിയല്‍ വൈകും
ഹിതപരിശോധനാ ഫലത്തിന് നിയമപരമായ സാധുതയില്ല. അത് ജനങ്ങള്‍ എന്ത് ചിന്തിക്കുന്നുവെന്നതിന്റെ തെളിവ് മാത്രമാണ്. ഇ യുവില്‍ നിന്ന് അംഗരാജ്യങ്ങള്‍ക്ക് വേര്‍പെടാന്‍ അനുമതി നല്‍കുന്നത് ഇ യു ട്രീറ്റിയുടെ ആര്‍ട്ടിക്കിള്‍ 50 ആണ്. ഇതുപ്രകാരം ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ നേതൃത്വത്തിന് ഔപചാരികമായി നോട്ടീസ് നല്‍കണം. ഈ മാസം 28നോ 29നോ ചേരുന്ന അടുത്ത ഇ യു ഉച്ചകോടിയില്‍ തന്നെ വേണമെങ്കില്‍ ഇത് മുന്നോട്ട് വെക്കാം. അല്ലെങ്കില്‍ ഏതാനും മാസം കാത്തിരിക്കേണ്ടി വരും. ഇങ്ങനെ നോട്ടീസ് നല്‍കി കഴിഞ്ഞാല്‍ വേര്‍പിരിയലിന്റെ വിവിധ വശങ്ങളില്‍ തീരുമാനത്തിലെത്താനും പ്രക്രിയ പൂര്‍ത്തായാക്കാനും രണ്ട് വര്‍ഷമെങ്കിലും എടുക്കും. ഇത്രയും കാലം സ്റ്റാറ്റസ്‌കോ തുടര്‍ന്നേ പറ്റൂ.

ലോക നേതാക്കളുടെ പ്രതികരണങ്ങള്‍
ജര്‍മന്‍ ചാന്‍സിലര്‍ ആഞ്ജലെ മെര്‍ക്കല്‍: യൂറോപ്പിനെ സംബന്ധിച്ചിടത്തോളം ഈ ഹിതപരിശോധനാ ഫലം ഒരു വഴിത്തിരിവിന്റെ നിമിഷമാണ്. ബ്രക്‌സിറ്റ് സാഹചര്യം സൃഷ്ടിക്കുന്നതില്‍ യൂറോപ്യന്‍ യൂനിയന്‍ നിലപാടുകള്‍ക്ക് പങ്കുണ്ട്.

യൂറോപ്യന്‍ പാര്‍ലിമെന്റ് പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക്: ബ്രിട്ടന്‍ പുറത്തുപോകുകയാണെങ്കിലും ബാക്കിയുള്ള 27 രാഷ്ട്രങ്ങളുമായി യൂറോപ്യന്‍ യൂനിയന്‍ ഉറച്ചുനില്‍ക്കും. യൂറോപ്യന്‍ യൂനിയനെ ശക്തിപ്പെടുത്തിയ സംഗതി അതിനെ ഇല്ലാതാക്കുകയില്ല.

യു എസ് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്: യൂറോപ്യന്‍ യൂനിയനില്‍ നിന്ന് ബ്രിട്ടന്‍ അവരുടെ നിയന്ത്രണം പിടിച്ചെടുത്തിരിക്കുന്നു. ഇത് മഹത്തായ കാര്യമാണ്. ലോകത്താകമാനം ജനങ്ങളെല്ലാം പ്രക്ഷുബ്ധരാണ്. അതിര്‍ത്തികളെ കുറിച്ചുള്ള ആശങ്കകള്‍ ബ്രക്‌സിറ്റ് വോട്ടെടുപ്പിന് ആവേശം പകര്‍ന്നു.

ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍ഷ്യസ് ഹോളണ്ടെ: ബ്രക്‌സിറ്റ് തീരുമാനം യൂറോപ്പിനെ സംബന്ധിച്ചിടത്തോളം കടുത്ത പരീക്ഷണമാണ്. യൂറോപ്യന്‍ യൂനിയനില്‍ നിന്ന് ബ്രിട്ടന്‍ പുറത്തുപോകുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ വളരെ വേഗത്തിലാക്കണം.

നാറ്റോ സെക്രട്ടറി ജനറല്‍ ഴാന്‍സ് സ്റ്റോളന്‍ബര്‍ഗ്: യൂറോപ്യന്‍ യൂനിയനില്‍ നിന്ന് പുറത്തുപോകാന്‍ ബ്രിട്ടന്‍ തീരുമാനമെടുത്തെങ്കിലും നാറ്റോയില്‍ മാറ്റമുണ്ടാകില്ല. നാറ്റോ സഖ്യത്തിലെ ബ്രിട്ടന്റെ സ്ഥാനം തുടരും.

ഗ്രീക്ക് പ്രധാനമന്ത്രി അലക്‌സിസ് സിപ്രസ്: പുതിയ ഈ കാഴ്ച്ചപ്പാട് നല്ലൊരു യൂറോപ്പിന്റെ സൃഷ്ടിക്കാവശ്യമാണ്. വടക്ക്- തെക്ക് രാജ്യങ്ങള്‍ക്കിടയില്‍ സാമ്പത്തിക മാന്ദ്യം വലിയ അസമത്വം സൃഷ്ടിച്ചിരിക്കുകയാണ്. കടങ്ങളും അഭയാര്‍ഥികളുടെ ഭാരവും തുല്യമായ രീതിയില്‍ വഹിക്കാന്‍ തയ്യാറാകാത്തത് യൂറോപ്പിലെ പ്രതിസന്ധി വര്‍ധിപ്പിക്കും. പുതിയൊരു യൂറോപ്പിന്റെ സൃഷ്ടി വേഗത്തിലാക്കണം.

കുടിയേറ്റ വിരുദ്ധ സംഘടനയുടെ മേധാവി മറീന്‍ ലെ പെന്‍: സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള വിജയമാണിത്. വര്‍ഷങ്ങളായി ഞങ്ങളിത് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള മുഴുവന്‍ യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളും ഹിതപരിശോധന നടത്തല്‍ അനിവാര്യമായിരിക്കുന്നു.

ചെക് പ്രധാനമന്ത്രി ബൊഹുസ്‌ലോവ് സോബോത്ക: ബ്രിട്ടന്റെ പുറത്തുപോകല്‍ യൂറോപ്യന്‍ യൂനിയന്‍ എത്രയും വേഗം അംഗീകരിച്ചുകൊടുക്കണം.

പോളണ്ട് വിദേശകാര്യ മന്ത്രി വിടോള്‍ഡ്: ഒരു നെടുവീര്‍പ്പിടാന്‍ മാത്രമേ കഴിയുന്നുള്ളൂ. അത് സംഭവിച്ചുപോയി. യൂറോപ്പിലെയും പോളണ്ടിലെയും ജനങ്ങള്‍ക്ക് ഇത് ചീത്ത വാര്‍ത്തയാണ്. ബ്രിട്ടനില്‍ താമസിക്കുന്ന പോളണ്ടുകാരുടെ സ്റ്റാറ്റസില്‍ മാറ്റമൊന്നും വരില്ല. എന്നാല്‍ ബ്രിട്ടീഷുകാരുടെ സ്റ്റാറ്റസില്‍ എത്രത്തോളം മാറ്റംവരുമെന്ന് അറിയില്ല.

യൂറോപ്യന്‍ കമ്മീഷന്‍ മേധാവി ഴാന്‍ ക്ലൗഡ് ജങ്കര്‍: യൂറോപ്യന്‍ യൂനിയന് കീഴിലുള്ള രാജ്യങ്ങളുമായി വ്യാപാര കരാറുകളിലേര്‍പ്പെടുന്നതിന് ബ്രിട്ടനെ സഹായിക്കാന്‍ വേണ്ടി യൂറോപ്യന്‍ യൂനിയന്‍ കുനിഞ്ഞുകൊടുക്കുകയില്ല.

ജപ്പാന്‍ വിദേശകാര്യമന്ത്രി ടാരോ അസോ: വാര്‍ത്ത ആഗോള വിപണിയിലുണ്ടാക്കുന്ന തകര്‍ച്ച ഏറ്റവും കൂടുതല്‍ വേദനയുണ്ടാക്കുന്നു. പക്ഷേ ഇതിനെ ശക്തമായി പ്രതിരോധിച്ചു മുന്നേറും.

ജര്‍മന്‍ വിദേശകാര്യ മന്ത്രി ഫ്രാങ്ക് വാള്‍ട്ടര്‍: യൂറോപ്പിനെ സംബന്ധിച്ചിടത്തോളം ഏറ്റവും ദുഖകരമായ ദിനമാണ് ഇന്ന്.

Latest