Connect with us

Gulf

മാലിന്യത്തൊട്ടികളില്‍ നിന്ന് ഫ്രീ വൈ ഫൈ

Published

|

Last Updated

ഷാര്‍ജ: ഷാര്‍ജ എമിറേറ്റിലെ തെരുവുകളില്‍ സ്ഥാപിച്ചിരിക്കുന്ന മാലിന്യപ്പെട്ടി വഴി 40 മീറ്റര്‍ പരിധിയില്‍ മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ മാലിന്യ നിര്‍മാര്‍ജന മാനേജ്‌മെന്റ് കമ്പനിയായ ബീഹ് ഫ്രീ വൈഫൈ സംവിധാനം ഒരുക്കി. ഷാര്‍ജ കോര്‍ണിഷ് പരിസരത്ത് സംഘടിപ്പിച്ച പരിപാടി ബീഹ് ഗ്രൂപ്പ് സി ഇ ഒ ഖാലിദ് അല്‍ ഉറൈമല്‍ തന്റെ മൊബൈലില്‍ ബിന്നില്‍ നിന്നുളള ഫ്രീ വൈഫൈ കണക്ട് ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു. ലോകത്ത് ആദ്യമായാണ് ഇത്തരത്തിലൊരു മാലിന്യപ്പെട്ടി സ്ഥാപിക്കുന്നത്.
വെറും ഫ്രീ വൈഫൈ മാത്രമല്ല ഈ സ്മാര്‍ട് വേസ്റ്റ് ബിന്നിന്റെ പ്രത്യേകത. സാധാരണ വേസ്റ്റ് ബിന്നില്‍ ഉള്‍ക്കൊള്ളാവുന്നതിന്റെ നാലിരട്ടി മാലിന്യങ്ങള്‍ ബിന്‍ കൃത്യമായി അകത്തോട്ട് സ്വീകരിക്കും. ബോക്സിന്റെ അകത്ത് ഘടിപ്പിച്ചിട്ടുളള പ്രത്യേക പ്രസിംഗ് സംവിധാനം ഉപയോഗിച്ച് ബോക്‌സിലേക്ക് എത്തുന്ന പാഴ് വസ്തുക്കളെ പ്രത്യേക രീതിയില്‍ ഒതുക്കിയാണ് ഇത് സാധ്യമാക്കുന്നത്. കൂടാതെ ജീവനക്കാര്‍ക്ക് ദിവസവും വന്ന് വേസ്റ്റ് ബോക്‌സ് നിറഞ്ഞോ എന്ന് പരിശോധിക്കേണ്ട ആവശ്യവുമില്ല. ബോക്‌സില്‍ നിറയുന്ന മാലിന്യം 80 ശതമാനത്തിന് മുകളിലുളള പരിധിലെത്തുന്നതോടെ വേസ്റ്റ് ബോക്‌സില്‍ നിന്നും ബന്ധപ്പെട്ട ഓഫീസുകളിലേക്ക് മെസേജ് പ്രവഹിക്കും. തുടക്കത്തില്‍ ഷാര്‍ജ കോര്‍ണിഷില്‍ 10 ഇടങ്ങളിലാണ് ബിന്‍ സ്ഥാപിക്കുന്നത്. പിന്നീട് എമിറേറ്റിലെ മറ്റ് ഭാഗങ്ങളിലും രാജ്യത്തുടനീളവും ഇത്തരത്തിലുളള ബിന്‍ സ്ഥാപിക്കുമെന്ന് ബീഹ് ഗ്രൂപ്പ് സി ഇ ഒ ഖാലിദ് അല്‍ ഉറൈമല്‍ വ്യക്തമാക്കി.
രാജ്യത്തെ പ്രധാന ടെലികമ്യൂണിക്കേഷന്‍ നെറ്റ് വര്‍ക്കായ ഡുവിന്റെ സഹായത്തോടെയാണ് വേസ്റ്റ് ബോക്‌സില്‍ ഫ്രീ വൈഫൈ സംവിധാനം ഒരുക്കിയിട്ടുളളത്. സിസ്റ്റം പ്രവര്‍ത്തിക്കാന്‍ വേണ്ട ഊര്‍ജം ബോക്‌സിന് മുകളില്‍ ഘടിപ്പിച്ചിട്ടുള്ള സോളാര്‍ പാനലിന്റെ സഹായത്തോടെ ലഭ്യമാകും. പാര്‍ക്കുകളിലും മറ്റും വിശ്രമിക്കാന്‍ ഇരിക്കുന്നവര്‍ക്ക് തണലിനു വേണ്ടി രൂപപ്പെടുത്തിയിട്ടുളള കൃത്രിമ പനകളില്‍ മൊബൈല്‍ റീചാര്‍ജിങ്ങിനുള്ള സൗകര്യവും വൈഫൈ സംവിധാനവും ഒരുക്കി ശ്രദ്ധ പിടിച്ചുപറ്റിയ രാജ്യമാണ് യു എ ഇ.
ഏറ്റവും ഒടുവില്‍ മാലിന്യം നിക്ഷേപിക്കുന്ന ബോക്സില്‍ നിന്നും ഫ്രീ വൈഫൈ സംവിധാനം ഒരുക്കുന്നതോടെ ലോകത്ത് ഏറ്റവും വേഗത്തില്‍ സ്മാര്‍ടാകുന്ന രാജ്യമെന്ന് പദവിയും യു എ ഇ ക്ക് സ്വന്തമാകും.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest