Connect with us

Alappuzha

രാഷ്ട്രീയ കേരളത്തിന്റെ മുത്തശ്ശിക്ക് 97-ാം പിറന്നാള്‍

Published

|

Last Updated

ആലപ്പുഴ: ജെ എസ് എസ് നേതാവ് കെ ആര്‍ ഗൗരിയമ്മയുടെ 97ാം പിറന്നാള്‍ പാര്‍ട്ടി പ്രവര്‍ത്തകരും ബന്ധുക്കളും ചേര്‍ന്ന് വിപുലമായി ആഘോഷിച്ചു. കേക്ക് മുറിച്ചും മധുരം വിളമ്പിയും പിറന്നാള്‍ ആഘോഷം കെങ്കേമമാക്കിയ കുഞ്ഞമ്മ, വിഭവ സമൃദ്ധമായ സദ്യയൊരുക്കിയാണ് പിറന്നാള്‍ ആശംസ അറിയിക്കാനെത്തിയവരെ വരവേറ്റത്. പുതിയ തലമുറക്കൊപ്പം സെല്‍ഫിക്ക് വഴങ്ങിയും എല്ലാവരോടും കുശലാന്വേഷണം നടത്തിയും രാഷ്ട്രീയ കേരളത്തിന്റെ മുത്തശ്ശി തന്റെ പിറന്നാളാഘോഷം ആഹ്ലാദകരമാക്കി. പതിവുപോലെ ചാത്തനാട്ടെ വസതിക്ക് സമീപമുള്ള റോട്ടറി ഹാളിലായിരുന്നു പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചത്. ജെ എസ് എസ് പാര്‍ട്ടി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പിറന്നാളാഘോഷത്തിന്റെ ഭാഗമായി രാവിലെ 11.15 ഓടെ ഗൗരിയമ്മ പിറന്നാള്‍ കേക്ക് മുറിച്ചു. ജെ എസ് എസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒരുപോലെ സ്വന്തം കൈകൊണ്ട് ഗൗരിയമ്മ കേക്ക് നല്‍കി. പ്രവര്‍ത്തകരുടെ കുട്ടികള്‍ക്കും മാതൃസ്‌നേഹത്തോടെ പിറന്നാള്‍ കേക്ക് ഗൗരിയമ്മ വായില്‍ വെച്ച് കൊടുത്തു. പിറന്നാള്‍ ആഘോഷത്തിനെത്തിയവര്‍ക്കെല്ലാം വിഭവ സമൃദ്ധമായ സദ്യയും നല്‍കി.
ഇറച്ചിയും മീനുമടങ്ങുന്ന സദ്യ ചാത്തനാട്ടെ വസതിയില്‍ ഗൗരിയമ്മയുടെ മേല്‍നോട്ടത്തില്‍ തന്നെയാണ് തയ്യാറാക്കിയിരുന്നത്.
ഇതൂകൂടാതെ പിറന്നാള്‍ മധുരമായി അമ്പലപ്പുഴ പാല്‍പ്പായസവും പാലട പ്രഥമനും വിളമ്പി. 1919 ജൂലൈ 14നാണ് കളത്തില്‍പറമ്പില്‍ രാമന്റെയും പാര്‍വതിയമ്മയുടെയും മകളായാണ് ഗൗരിയമ്മ പിറന്നത്.
പുതിയ സര്‍ക്കാറിന്റെ നയപ്രഖ്യാപന ദിനമായതിനാല്‍ മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി യുഡിഎഫിലെയും എല്‍ ഡി എഫിലെയും പാര്‍ട്ടി നേതാക്കള്‍ ഇത്തവണ പിറന്നാള്‍ ദിനത്തില്‍ ആശംസ നേരാനെത്തിയിരുന്നില്ല.
പലരും ഫോണില്‍ ഗൗരിയമ്മക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. സി പി എം സംസ്ഥാന സെക്രട്ടറി കഴിഞ്ഞ ദിവസം നേരിട്ടെത്തി പിറന്നാള്‍ ആശംസ അറിയിക്കുകയും ചെയ്തിരുന്നു.