Connect with us

National

ജമ്മു കാശ്മീരില്‍ ഭീകരാക്രമണം: എട്ട് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ സി ആര്‍ പി എഫ് വാഹനത്തിനു നേരെ നടന്ന തീവ്രവാദി ആക്രമണത്തില്‍ എട്ട് സൈനികര്‍ മരിച്ചു. 24 പേര്‍ക്ക് പരുക്കേറ്റു. സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ജമ്മു കാശ്മീരിലെ പുല്‍വാമ ജില്ലയിലെ പാംപോറിലാണ് ആക്രമണമുണ്ടായത്.
പാക്കിസ്ഥാനില്‍ നിന്നുള്ളവരാണ് തീവ്രവാദികളെന്നും ഇവര്‍ ലശ്കറെ ത്വയ്യിബ പ്രവര്‍ത്തകരാണെന്ന് സംശയിക്കുന്നതായും സി ആര്‍ പി എഫ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ നളിന്‍ പ്രഭാത് പറഞ്ഞു. ഇതിന് പിന്നാലെ ലശ്കറെ ത്വയ്യിബ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ആക്രമണത്തിന്റെഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ലശ്കര്‍ നേതാവ് അബ്ദുല്ല ഗസ്‌നാവി ടി വി ചാനലിനോട് പറഞ്ഞു. ഈ മാസം ഉണ്ടാകുന്ന രണ്ടാമത്തെ വലിയ ആക്രമണമാണിത്.
ശ്രീനഗറില്‍ പരിശീലനത്തിനു ശേഷം ജമ്മുവിലേക്ക് മടങ്ങുകയായിരുന്ന സി ആര്‍ പി എഫ് ജവാന്മാര്‍ സഞ്ചരിച്ച വാഹനത്തിനു നേരെ ജമ്മു- ശ്രീനഗര്‍ ദേശീയപാതയില്‍ വെച്ചാണ് ആക്രമണമുണ്ടായത്. ഇന്നലെ വൈകീട്ട് 5.50 ഓടെയാണ് സംഭവം. പരുക്കേറ്റവരെ ഉടന്‍ തന്നെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. സംസ്ഥാന പോലീസ് മേധാവി കെ രാജേന്ദ്ര സംഭവ സ്ഥലം സന്ദര്‍ശിച്ചു.
രണ്ട് തീവ്രവാദികള്‍ രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രദേശത്ത് കൂടുതല്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
മരിച്ചവരില്‍ സബ്- ഇന്‍സ്‌പെക്ടറും ഉള്‍പ്പെടുമെന്ന് സി ആര്‍ പി എഫ്. ഡി ഐ ജി പറഞ്ഞു. ആക്രമണം നടന്ന സ്ഥലത്ത് നിന്ന് രണ്ട് എ കെ- 47 റൈഫിളുകളും പതിനൊന്ന് ഗ്രനേഡുകളും കണ്ടെടുത്തു. തീവ്രവാദി ആക്രമണത്തില്‍ മരിച്ച സൈനികരുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും പരുക്കേറ്റ സൈനികര്‍ ഉടന്‍ സുഖംപ്രാപിക്കട്ടെയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ട്വിറ്ററില്‍ കുറിച്ചു. ആക്രമണത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു.
മൂന്നാഴ്ചക്കിടെ രണ്ടാമത്തെ ആക്രമണമാണിത്. ഈ മാസം മൂന്നിന് ബി എസ് എഫ് സൈനികര്‍ സഞ്ചരിച്ച ബസിനു നേരെയുണ്ടായ ആക്രമണത്തില്‍ മൂന്ന് സൈനികര്‍ മരിച്ചിരുന്നു. ദക്ഷിണ കാശ്മീരിലെ അനന്ത്‌നാഗിലുള്ള ബിജ്‌ബെഹ്‌റ പ്രദേശത്ത് ആശുപത്രി കെട്ടിടത്തിനുള്ളില്‍ ഒളിച്ചിരുന്ന തീവ്രവാദികളാണ് ആക്രമണം നടത്തിയത്.

Latest