Connect with us

Gulf

രാഷ്ട്ര പിതാവിന്റെ സ്മരണയില്‍ പ്രാര്‍ഥനാ പൂര്‍വം

Published

|

Last Updated

ദുബൈ: രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ വിയോഗത്തിന്റെ 12-ാം ആണ്ട് രാജ്യമെങ്ങും ആചരിച്ചു. 2004ലെ റമസാന്‍ 19നായിരുന്നു ശൈഖ് സായിദിന്റെ വിയോഗം. അതിനാല്‍ തന്നെ എല്ലാ വര്‍ഷവും റമസാന്‍ 19 ഹ്യുമാനിറ്റേറിയന്‍ ദിനമായി ആചരിച്ചാണ് രാജ്യം തങ്ങളുടെ പ്രിയനേതാവിന്റെ ഓര്‍മ നിലനിര്‍ത്തുന്നത്.
രാജ്യത്തെ പള്ളികളില്‍ ജുമുഅ നിസ്‌കാരങ്ങള്‍ക്ക് ശേഷം പ്രത്യേക പ്രാര്‍ഥനകള്‍ നടത്തി. വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളും ഉദ്യോഗസ്ഥരും പണ്ഡിതരും ശൈഖ് സായിദിന്റെ ഖബറിടത്തില്‍ പ്രാര്‍ഥന നടത്തി.
1966 മുതല്‍ അബുദാബിയുടെ ഭരണാധികാരിയായ ശൈഖ് സായിദ് 1971 ഡിസംബര്‍ രണ്ടിന് വിവിധ എമിറേറ്റുകളുകളായി വിഭജിച്ചു കിടന്നിരുന്ന പ്രവിശ്യകളെ ഒന്നിപ്പിച്ച് ഏകീകരിക്കുകയും യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്ന ഫെഡറേഷനു കീഴില്‍ കൊണ്ടുവരികയും ചെയ്തു. രാജ്യത്തെ പുരോഗതിയിലേക്ക് കൈപിടിച്ചുയര്‍ത്തി. 2004ല്‍ അദ്ദേഹത്തിന്റെ വിയോഗനാള്‍വരെ രാജ്യത്തിന്റെ പ്രസിഡന്റായിരുന്നു. 33 വര്‍ഷം കൊണ്ട് രാജ്യത്തെ വികസനത്തിന്റെ കൊടുമുടിയില്‍ എത്തിച്ചു. അറബ് സമൂഹത്തിന് ഇടയിലും ആഗോള തലത്തിലും കരുണയുള്ള രാജ്യ തന്ത്രജ്ഞനും ദയാലുവായ ഭരണാധികാരിയുമായി അദ്ദേഹം അറിയപ്പെട്ടു.
സമ ഭാവനയും ആര്‍ദ്രതയുള്ള ഹൃദയത്തിന്റെ ഉടമകളായി രാജ്യത്തെ പൗരന്മാരെ അദ്ദേഹം വാര്‍ത്തെടുത്തു. ശൈഖ് സായിദിന്റെ ഓര്‍മദിനം, അദ്ദേഹം രാജ്യത്തെ പുരോഗതിയിലേക്ക് കൈപിടിച്ച നാള്‍ വഴികളിലെ ഓര്‍മകളുടെ വീണ്ടെടുപ്പിന് ഹേതുവായി.
രാജ്യത്തിന്റെ വികസനത്തിന് വേണ്ടി അബുദാബി ഫണ്ട് ഫോര്‍ ഡവലപ്‌മെന്റ് എന്ന പേരില്‍ ഒരു നാണയനിധിയുണ്ടാക്കി. വിവിധ സംരംഭങ്ങള്‍ സൃഷ്ടിക്കുകയും അവക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സാമ്പത്തിക വായ്പകള്‍ നല്‍കി രാജ്യത്തിന്റെ വിവിധ മേഖലകളെ പുഷ്ടിപ്പെടുത്തി രാജ്യ പുരോഗതിയിലേക്ക് ആനയിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഭയാര്‍ഥികളാക്കപ്പെട്ടവര്‍ക്ക് അദ്ദേഹത്തിന്റെ കാരുണ്യവര്‍ഷമെത്തി. വര്‍ണ, ഭാഷ, വര്‍ഗ രാജ്യാന്തര ഭേതമില്ലാതെ പ്രകൃതി ദുരന്തത്തിലും കലാപകങ്ങളുടെ ബാക്കിപത്രമായ ഹതഭാഗ്യര്‍ക്കും അദ്ദേഹം കാരുണ്യത്തിന്റെ തണലേകി അവരുടെ ജീവിതം മെച്ചപ്പെടുത്തി.
ആഗോള തലത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് ശൈഖ് സായിദിന്റെ കാലടിപ്പാടുകള്‍ പിന്തുടരുന്നതായിരുന്നു യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെയും നിലപാടുകള്‍. ഓര്‍ഗനൈസേഷന്‍ ഫോര്‍ എക്കണോമിക്ക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ് (ഒ ഇ സി ഡി) പുറത്ത് വിട്ട കണക്കനുസരിച്ച് ആഗോളാടിസ്ഥാനത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ സംഭാവനകളര്‍പ്പിക്കുന്ന രാജ്യമെന്ന നിലയില്‍ 2014ല്‍ യു എ ഇ തിരഞ്ഞെടുക്കപ്പെട്ടു. 1,800 കോടി ദിര്‍ഹം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ലോകത്തിന്റെ വിവിധ രാജ്യങ്ങള്‍ക്ക് സംഭാവനയര്‍പ്പിച്ചായിരുന്നു ഈ ഖ്യാതിനേടിയത്. രാജ്യത്തിന്റെ മൊത്തം വരുമാനത്തിന്റെ 1.34 ശതമാനത്തോളം വരുമിത്.
ദേശീയ വരുമാനത്തിന്റെ തോതനുസരിച്ച് ആഗോളാടിസ്ഥാനത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് യു എ ഇയുടെ പങ്ക് അമ്പത് വര്‍ഷത്തെ കണക്കുകളില്‍ ഏറ്റവും മികച്ചതാണ്. ഒഇ സി ഡി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഐക്യ രാഷ്ട്ര സഭയുടെ കീഴിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് യു എ ഇ നല്‍കിയിരുന്ന ദേശീയവരുമാനത്തിന്റെ തോത് 0.7 ശതമാനത്തില്‍ നിന്ന് 1.34 ശതമാനമായി വര്‍ധിപ്പിച്ചു.
1971ല്‍ യു എ ഇ രാജ്യം നിലവില്‍ വന്നതുമുതല്‍ 2004ല്‍ രാഷ്ട്ര പിതാവിന്റെ പേര്‍പാട് നാള്‍ വരെ 9,000 കോടി ദിര്‍ഹമിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ 117 രാജ്യങ്ങളില്‍ നടത്തി. മധ്യപൗരസ്ത്യമേഖലയിലെ അശാന്തിക്കും ഫലസ്തീനിലെ പ്രശ്‌ന പരിഹാരത്തിനും ആഗോള മനസാക്ഷിയുടെ ശ്രദ്ധ തിരിക്കുന്നതില്‍ അദ്ദേഹം വ്യാപൃതനായി.
യു എ ഇയുടെ 2030 വികസന അജണ്ടയനുസരിച്ച് വന്‍ വികസന പദ്ധതികളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അടിസ്ഥാന സൗകര്യ വികസനം, ദാരിദ്ര്യ നിര്‍മാര്‍ജനം, ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം, നൂതന വൈദ്യുതി ഉത്പാദക പദ്ധതികള്‍, സ്ത്രീ ശാക്തീകരണം എന്നീ മേഖലകളെയാണ് ഇത് ലക്ഷ്യം വെക്കുന്നത്. ജീവകാരുണ്യ, വികസന, സേവന രംഗത്ത് രാഷ്ട്ര പിതാവിന്റെ പാത പിന്‍പറ്റുന്നതില്‍ രാജ്യം അതീവ ശ്രദ്ധയാണ് ചെലുത്തുന്നത്.
കഴിഞ്ഞ 44 വര്‍ഷത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഏഷ്യയിലേക്ക് യു എ ഇയുടെ 7,900 കോടി ദിര്‍ഹമാണ് എത്തിയത്. പാര്‍പ്പിട സമുച്ചയങ്ങള്‍, റോഡുകള്‍, പാലങ്ങള്‍, വൈദ്യുതി ഉത്പാദനം എന്നിവക്കാണ് ഈ തുക വകയിരുത്തിയത്.

Latest