Connect with us

Gulf

യോഗയിലൂടെ കണ്ടത്

Published

|

Last Updated

രാജ്യാന്തര യോഗദിനം അബുദാബിയിലും ദുബൈയിലും കേമമായിരുന്നു. പതിവുപോലെ, ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളാണ് ഇതിന് മുന്‍കൈയെടുത്തത്. ദുബൈയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് മാസങ്ങള്‍ക്കുമുമ്പേ ഒരുക്കം തുടങ്ങിയിരുന്നു. വിജയത്തിന് വേണ്ടി, രണ്ട് വാര്‍ത്താസമ്മേളനങ്ങളാണ് വ്യത്യസ്ത ദിവസങ്ങളില്‍ വിളിച്ചുചേര്‍ത്തത്. ദുബൈ സ്‌പോര്‍ട്‌സ് കൗണ്‍സിലിനെ പങ്കാളിയാക്കുന്നതില്‍ കോണ്‍സുലേറ്റ് വിജയിച്ചു. യു എ ഇയില്‍ പലയിടങ്ങളിലായി വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ യോഗ കൂട്ടായ്മകളുണ്ട്. എല്ലാ വര്‍ഷവും രാജ്യാന്തര യോഗ ദിനം വേണമെന്ന് കേന്ദ്ര ഭരണകൂടം തീരുമാനിക്കുന്നതിന് എത്രയോ മുമ്പ് തന്നെ, സംഘടിത യോഗ പരിശീലനം ഉണ്ട്. ദുബൈ യൂണിയന്‍ മെട്രോയ്ക്ക് സമീപം ഉദ്യാനത്തില്‍ എല്ലാ വെള്ളിയാഴ്ചകളിലും ആളുകള്‍ “കസര്‍ത്തുകള്‍” നടത്താറുണ്ട്. ആരോഗ്യത്തിന് നല്ലതാണെന്ന് കണ്ട്, വിദേശികളും എത്തും.
ഗള്‍ഫില്‍, ജീവിത ശൈലീ രോഗങ്ങള്‍ വര്‍ധിക്കുന്നതിനെതിരെയുള്ള ബോധവത്കരണത്തില്‍, പല വിദഗ്ധരും യോഗയെക്കൂടി ഉള്‍പ്പെടുത്തിയിരുന്നു. ജാതിമത വ്യത്യാസമില്ലാതെ പലരും യോഗ സ്ഥിരമായി ചെയ്യാന്‍ തുടങ്ങി. സംഘടിത യോഗയിലൂടെ ഒരു കൂട്ടായ്മ രൂപപ്പെടുകയും നഗരത്തിലെ വന്‍കിട ഹോട്ടലുകളില്‍ വാര്‍ഷികാഘോഷങ്ങള്‍ ഒരുക്കുകയും ചെയ്തുവരുന്നു.
ഇന്ത്യയില്‍, നരേന്ദ്രമോദി ഭരണകൂടമാണ്, ഐക്യരാഷ്ട്ര സഭയിലും മറ്റും യോഗ പ്രചാരണം ആരംഭിച്ചത്. അതിന്റെ തുടര്‍ച്ചയായാണ് ഗള്‍ഫ് നഗരങ്ങളിലടക്കം രാജ്യാന്തര യോഗ ദിനം.
ആയുര്‍വേദം പോലെ, ആരോഗ്യ പരിപാലനത്തിന്, ലോകത്തിന് മുന്നില്‍ ഭാരതം കാഴ്ചവെച്ച യോഗ, ലോകമെങ്ങും വ്യാപിക്കുന്നതില്‍ എല്ലാ ഭാരതീയരും സന്തോഷിക്കും. ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ദുബൈ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സി. ബോര്‍ഡ് അംഗം ഡോ. അയിഷ അല്‍ ബുസ്‌മൈത് യോഗയുടെ ഗുണഗണങ്ങള്‍ വിവരിച്ചപ്പോള്‍ പലരും അദ്ഭുതപ്പെട്ടു. വര്‍ഷങ്ങളായി അവര്‍ യോഗ പരിശീലിക്കുന്നുണ്ടത്രെ. വ്യായാമത്തിനും ചില രോഗശമനത്തിനും യോഗ ഉത്തമമാണെന്ന് അവര്‍ക്ക് അഭിപ്രായമുണ്ട്. പക്ഷേ, സ്ഥിരമായ, ചിട്ടയായ പരിശീലനം വേണം.
ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ആയിരക്കണക്കിനാളുകളാണ് ജൂണ്‍ 18ന് യോഗ പ്രദര്‍ശനത്തിന് എത്തിച്ചേര്‍ന്നത്. ഇന്ത്യയില്‍ നിന്ന് ബാബ രാംദേവ് മുഖ്യാതിഥി ആയി. വിവാദ പുരുഷനായ ബാബ രാംദേവിനെ അയച്ചത്, കേന്ദ്ര ഭരണകൂടമാണെന്നാണ് പിന്നാമ്പുറ സംസാരം. നയതന്ത്ര കാര്യാലയത്തിന് തീരുമാനം അംഗീകരിക്കേണ്ടിവന്നതാകാം. ബാബ രാംദേവ്, യോഗ ഗുരു എന്നതിനപ്പുറം വിവാദ വ്യവസായിയാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ ചില ലേഖകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയില്‍ സന്ന്യാസ തുല്യരായ യോഗ ഗുരുക്കള്‍ ധാരാളം ഉണ്ടായിരിക്കെ ബാബ രാംദേവ് തന്നെ വേണോയെന്ന് പലരും സംശയം പ്രകടിപ്പിച്ചിരുന്നു. കേന്ദ്ര ഭരണകൂടം തീരുമാനം മാറ്റിയില്ല. കേന്ദ്രം ഭരിക്കുന്ന ബി ജെ പിയോട് അടുപ്പം പുലര്‍ത്തുന്ന ആളെന്ന നിലയിലും വിവാദ വ്യവസായി എന്ന നിലയിലും ബാബ രാംദേവിന്റെ സാന്നിധ്യം പലര്‍ക്കും ദഹിക്കുന്നതായിരുന്നില്ല. എന്നിരുന്നാലും രാഷ്ട്രീയ ഭേദമന്യേ, ജാതിമത രാഷ്ട്ര ഭേദമന്യേ ദുബൈയില്‍ ആയിരങ്ങള്‍ എത്തി. ബൃഹത്തായ ഇന്ത്യയുടെ മഹത്തായ പ്രദര്‍ശനമായി മാറി. അബുദാബിയിലും വന്‍ജനക്കൂട്ടമായിരുന്നു. ഉമ്മു അല്‍ ഇമാറാത്ത് പാര്‍ക്കില്‍ 3,500ലധികം ആളുകള്‍ പങ്കെടുത്തതായി ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം അറിയിച്ചു.
യു എ ഇ സാംസ്‌കാരിക- വൈജ്ഞാനിക-വികസന മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍, സഹിഷ്ണുതാകാര്യ മന്ത്രി ശൈഖാ ലുബ്‌ന അല്‍ ഖാസിമി എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായി. “നമസ്‌കാരം” എന്നു പറഞ്ഞാണ് ശൈഖ ലുബ്‌ന പ്രസംഗം തുടങ്ങിയത്. മറ്റു മതങ്ങളെ, ആചാരങ്ങളെ സഹിഷ്ണുതയോടെ കാണുന്നവരാണ് യു എ ഇ ഭരണ നേതൃത്വത്തിലുള്ളവരെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു.
ലോകം ഇന്ന് പരസ്പര ബഹുമാനവും സാംസ്‌കാരിക സഹവര്‍ത്തിത്വവും ആഗ്രഹിക്കുന്നു. മതത്തെയും രാഷ്ട്രീയത്തെയും പരമാവധി വേര്‍തിരിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്നു.
പക്ഷേ, ഇതിനിടയില്‍, യാതൊരു ഔചിത്യബോധവുമില്ലാതെ, നിലപാടുകളെയും അനുഷ്ഠാനങ്ങളെയും മറ്റുള്ളവരിലേക്ക് അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര “ഹിഡന്‍ അജണ്ട”അരോചകം. ബാബ രാംദേവ്, എത്ര തന്നെ യോഗ വിദഗ്ധനാണെങ്കിലും പവിത്രമായ ചടങ്ങുകളില്‍ എത്തിപ്പെടേണ്ട ആളല്ലെന്ന് വിശ്വസിക്കുന്നവര്‍ ധാരാളം.
കേരളത്തിലും യോഗ പൊതു ചടങ്ങ് വിവാദത്തിലാണ് കലാശിച്ചത്. തിരുവനന്തപുരത്ത് യോഗയുടെ ഭാഗമായി കീര്‍ത്തനം ചൊല്ലിയതിനെ മന്ത്രി ശൈലജ എതിര്‍ത്തു. മതപരമായ കാര്യങ്ങള്‍ പൊതുചടങ്ങുകളിലേക്ക് കടത്തിവിടുന്നത് ദുരുദ്ദേശ്യപരമാണെന്ന് അവര്‍ വ്യക്തമാക്കി. വിഷു പോലുള്ള കാര്‍ഷികോത്സവങ്ങളില്‍ അനുഷ്ഠാനങ്ങളുടെ ധാരാളിത്തം ഈയിടെ കണ്ടുതുടങ്ങിയിട്ടുണ്ട്. ഇനി യോഗയിലും ആവിഷ്‌കരിക്കപ്പെടുമ്പോള്‍, യോഗ ഒരു മതത്തിന്റേതായി ചുരുങ്ങും. യോഗ, മതപരമായ ചടങ്ങല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിട്ടും അനുയായികളില്‍ പലരും ആ വിശാല മനസ്‌കത ഉള്‍ക്കൊള്ളുന്നില്ല. ആയുര്‍വേദ മരുന്നു കഴിക്കുന്നതിനു മുമ്പ്, കീര്‍ത്തനങ്ങള്‍ നിര്‍ബന്ധമാക്കുമോയെന്നാണ് ഇനി നോക്കാനുള്ളത്.
വ്യത്യസ്ത മതസ്ഥര്‍, ഒരു മതത്തിലും പെടാത്തവര്‍ എന്നിങ്ങനെ സകലരും എത്തിച്ചേരുന്ന പൊതു ഇടങ്ങളില്‍ ഏതെങ്കിലും ഒരു മതത്തിന്റെ രീതികള്‍ അടിച്ചേല്‍പിക്കുകയോ ഒളിച്ചുകടത്തുകയോ ചെയ്യുന്നത്, സാംസ്‌കാരിക നിന്ദയാണ്. മറ്റൊന്ന്, വ്യത്യസ്ത ജാതിമതസ്ഥര്‍ ഏകോദര സഹോദരരെപ്പോലെ കഴിയുന്ന രാജ്യമെന്നതാണ് ഇന്ത്യയുടെ മേന്മ. വിദേശങ്ങളില്‍ മറ്റു രാജ്യക്കാര്‍ക്കിടയില്‍ ഇന്ത്യക്കാരന് ലഭിക്കുന്ന ബഹുമാനം തുടങ്ങുന്നത്, നാനാത്വത്തില്‍ ഏകത്വത്തില്‍ നിന്നാണ്. വിവാദ പുരുഷന്‍മാരുടെ കസര്‍ത്തുകളില്‍ നിന്നല്ല. മറ്റൊന്ന്, സംസ്‌കാരം എന്നത്, അനുഷ്ഠാനം അല്ലെന്ന തിരിച്ചറിവാണ്. ആതിഥ്യമര്യാദയെക്കുറിച്ചും ലോകത്തിന് സുഖം ഭവിക്കേണ്ടതിനെക്കുറിച്ചും മറ്റും വേദങ്ങളും ഉപനിഷത്തുകളും ചൂണ്ടിക്കാട്ടിയത്, ഓരോ ഭാരതീയനും പ്രാവര്‍ത്തികമാക്കുന്നതാണ് സംസ്‌കാരം. വിദേശത്തായാലും അതില്‍ മാറ്റം വേണ്ടതില്ല.

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്