Connect with us

Kozhikode

തീരദേശവാസികള്‍ക്ക് സാന്ത്വനമായി എസ് വൈ എസ് റേഷന്‍ ഷാപ്പ് പദ്ധതി

Published

|

Last Updated

കോഴിക്കോട്: മത്സ്യലഭ്യത കുറവ് കാരണം ആഴ്ചകളായി വറുതിയനുഭവിച്ചു കൊണ്ടിരിക്കുന്നതിനിടെ കൂനിന്‍ മേല്‍കുരുവെന്ന പോലെ ട്രോളിഗ് നിരോധനം കൂടി വന്നതോടെ ജീവിതം ദുസ്സഹമായി മാറിയ തീരദേശ കടല്‍ തൊഴിലാളികള്‍ക്ക് കൈത്താങ്ങായി എസ് വൈ എസ് തീരദേശ സാന്ത്വന പദ്ധതി. എസ് വൈ എസ് സംസ്ഥാന കമ്മിറ്റിയുടെ നിയന്ത്രണത്തില്‍ ജില്ലാ, സോണ്‍ ഘടകങ്ങളാണ് ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് സാന്ത്വനമേകുന്ന പദ്ധതി നടപ്പാക്കുന്നത്.
സൗജന്യറേഷന്‍ വിതരണം, ഭക്ഷ്യധാന്യകിറ്റ് വിതരണം, സാമ്പത്തിക സഹായ വിതരണം തുടങ്ങി അമ്പത് ലക്ഷം രൂപയുടെ സഹായമാണ് പ്രഥമ ഘട്ടത്തില്‍ നടപ്പാക്കുന്നത്.
പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം കേരള തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി കെ ടി ജലീല്‍ നിര്‍വഹിച്ചു. വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി അധ്യക്ഷത വഹിച്ചു. പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, എന്‍ അലി അബ്ദുല്ല, മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍ സംബന്ധച്ചു.
മലപ്പുറം ജില്ലയില്‍ പൊന്നാനി, തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി, വള്ളിക്കുന്ന് എന്നീ കേന്ദ്രങ്ങളില്‍ സൗജന്യ റേഷന്‍ ഷാപ്പ് ഏര്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. 1500 കുടുംബങ്ങളാണ് ഗുണഭോക്താക്കള്‍. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പുതു പൊന്നാനിയില്‍ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു.
ആനങ്ങാടിയില്‍ മുഹമ്മദ് പറവൂര്‍ ഉദ്ഘാടനം ചെയ്തു. ഹസൈനാര്‍ സഖാഫി കുട്ടശ്ശരി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് വിതരണോദ്ഘാടനം നടത്തി.
ആലപ്പുഴ ജില്ല പദ്ധതി ഉദ്ഘാടനം ഇന്ന് പതിനൊന്ന് മണിക്ക് വളഞ്ഞവഴിയില്‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ നിര്‍വഹിക്കും. സംസ്ഥാന സെക്രട്ടറി മുഹമ്മദ് പറവൂര്‍, എം എം ഹനീഫ മൗലവി, സയ്യിദ് മുഹമ്മദ് കോയതങ്ങള്‍, ഹാശിം സഖാഫി സംബന്ധിക്കും.