Connect with us

Kerala

കലബുര്‍ഗി റാഗിംഗ്: പ്രതികള്‍ റിമാന്‍ഡില്‍

Published

|

Last Updated

ബെംഗളൂരു/ കോഴിക്കോട്: കലബുര്‍ഗി നഴ്‌സിംഗ് കോളജില്‍ മലയാളി വിദ്യാര്‍ഥിനി റാഗിംഗിനിരയായ കേസില്‍ അറസ്റ്റിലായ മൂന്ന് വിദ്യാര്‍ഥിനികളെ റിമാന്‍ഡ് ചെയ്തു. കൊല്ലം സ്വദേശിനി ലക്ഷ്മി, ഇടുക്കി സ്വദേശിനി കൃഷ്ണപ്രിയ, ആതിര എന്നിവരെയാണ് കലബുറഗി സെഷന്‍സ് കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. കേസില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. റിമാന്‍ഡിലായ വിദ്യാര്‍ഥിനി കൃഷ്ണപ്രിയയെ പിന്നീട് ശാരീരികാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് കലബുര്‍ഗി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിദ്യാര്‍ഥിനികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി ശ്രമിക്കുമെന്ന് കലബുര്‍ഗി എസ് പി ശശികുമാര്‍ അറിയിച്ചു. റാഗിംഗിനിരയായ വിദ്യാര്‍ഥിനിക്ക് ശരിയായ ചികിത്സ ലഭ്യമാക്കുന്നതിലും മറ്റും കോളജ് അധികൃതര്‍ അലംഭാവം കാണിച്ചുവെന്ന് കാണിച്ച് കോളജ് അധികൃതര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
അതേസമയം, റാഗിംഗ് നടന്നിട്ടില്ലെന്ന ഉറച്ച നിലപാടിലാണ് കലബുറഗി അല്‍ ഖമര്‍ കോളജ് അധികൃതര്‍. വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചുവെന്നാണ് കോളജ് ഉടമയും കര്‍ണാടക മുന്‍ മന്ത്രിയുമായ ഖമറുല്‍ ഇസ്‌ലാം കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. കുടുംബം കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടതിനാല്‍ വിദ്യാര്‍ഥിനി അസ്വസ്ഥയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. റാഗിംഗിനിരയായ വിദ്യാര്‍ഥിനി അശ്വതിയെ നിര്‍ബന്ധപൂര്‍വം ഡിസ്ചാര്‍ജ് ചെയ്തിട്ടില്ല. ആശുപത്രിയിലായ വിവരം അറിയിച്ചിട്ട് വീട്ടില്‍ നിന്ന് ആരുമെത്താത്തതിനാലും കോളജ് അവധിയായതിനാല്‍ ഹോസ്റ്റലില്‍ പരിചരിക്കാന്‍ ആളില്ലാത്തതിനാലുമാണ് വിദ്യാര്‍ഥിനിയെ നാട്ടിലേക്ക് അയച്ചതെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, കര്‍ണാടകയില്‍ നിന്നെത്തിയ പോലീസ് സംഘം ഇന്നലെയും അശ്വതിയുടെ മൊഴിയെടുത്തില്ല. കര്‍ണാടക ഡി വൈ എസ് പി ജാന്‍വി കോഴിക്കോട്ടെത്താത്തതിനെത്തുടര്‍ന്നാണ് മൊഴിയെടുക്കല്‍ മാറ്റിവെച്ചത്. കര്‍ണാടക പോലീസിന്റെ അന്വേഷണ സംഘത്തിലെ മറ്റംഗങ്ങള്‍ വെള്ളിയാഴ്ച തന്നെ കോഴിക്കോട്ടെത്തിയിരുന്നു. ഇന്ന് മൊഴിയെടുക്കാനാണ് സാധ്യത.
മെഡിക്കല്‍ കോളജ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിവരങ്ങള്‍ വ്യഴാഴ്ച തന്നെ കര്‍ണാടക പോലീസിന് കൈമാറിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അന്വേഷണ സംഘം കോഴിക്കോട്ടെത്തിയത്. എടപ്പാളിലെയും തൃശൂരിലെയും ആശുപത്രിയില്‍ അശ്വതി ചികിത്സയില്‍ കഴിഞ്ഞതിന്റെ വിവരങ്ങളും കര്‍ണാടക പോലീസിന് കൈമാറും.
അതേസമയം, ചികിത്സയില്‍ കഴിയുന്ന അശ്വതിയുടെ ആരോഗ്യനിലയില്‍ കാര്യമായ മാറ്റം വന്നിട്ടില്ല. ഭക്ഷണം കഴിക്കാന്‍ വഴിയൊരുക്കാനായി അശ്വതിയെ ഇന്നലെ എന്‍ഡോസ്‌കോപ്പിക്ക് വിധേയമാക്കിയിരുന്നെങ്കിലും പൂര്‍ണമായും വിജയിച്ചിട്ടില്ല.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തദ്ദേശ മന്ത്രി കെ ടി ജലീല്‍, വനിതാ കമ്മീഷന്‍ അധ്യക്ഷ കെ റോസക്കുട്ടി എന്നിവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി അശ്വതിയെ സന്ദര്‍ശിച്ചു. അശ്വതിയുടെ ബന്ധുക്കളില്‍ നിന്ന് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ഇവര്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.

---- facebook comment plugin here -----

Latest