Connect with us

Ongoing News

കോപയില്‍ കലാശപ്പോര്

Published

|

Last Updated

ന്യൂ ജേഴ്‌സി: കോപയില്‍ ആര് മുത്തമിടും ?… ഫുട്‌ബോള്‍ പ്രേമികളുടെ ഈ ചോദ്യത്തിന് നാളെ ഉത്തരം ലഭിക്കും. 23 വര്‍ഷത്തെ കിരീട വരള്‍ച്ചക്ക് വിരാമമിടാന്‍ അര്‍ജന്റീനയും കിരീടം നിലനിര്‍ത്താന്‍ ചിലിയും കലാശപ്പോരിനിറങ്ങുമ്പോള്‍ ഫുട്‌ബോളിന്റെ മാസ്മരിക കാഴ്ചയാകും അത് സമ്മാനിക്കുക. നാളെ പുലര്‍ച്ചെ 5.30ന് നടക്കുന്ന മത്സരം സോണി സിക്‌സില്‍ തത്സമയം കാണാം. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിന്റെ തനിയാവര്‍ത്തനമാണ് ഇത്തവണയും. അന്ന് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഒന്നിനെതിരെ നാല് ഗോളിന് അര്‍ജന്റീനയെ കീഴടക്കി ചിലി ചരിത്രത്തിലാദ്യമായി കോപയില്‍ കിരീടമുയര്‍ത്തി. നൂറ് വര്‍ഷത്തിലെത്തി നില്‍ക്കുന്ന കോപ അമേരിക്ക ചാമ്പ്യന്‍ഷിപ്പില്‍ 14 തവണ ചാമ്പ്യന്മാരായിട്ടുണ്ടെങ്കിലും 1993ന് ശേഷം കിരീടത്തില്‍ മുത്തമിടാന്‍ അര്‍ജന്റീനക്കായിട്ടില്ല. ഇത്തവണ കിരീടമുയര്‍ത്തി കഴിഞ്ഞ തവണത്തെ തോല്‍വിക്ക് മധുര പ്രതികാരം വീട്ടാനാണ് മെസിയും കൂട്ടരും ഇറങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ അര്‍ജന്റീന 2-1ന് ജയിച്ചു.
ലയണല്‍ മെസിയെന്ന ഇതിഹാസത്തിന്റെ മിന്നുന്ന പ്രകടനത്തിന്റെ മികവിലാണ് ലോക റാങ്കിംഗില്‍ ഒന്നാമതുള്ള അര്‍ജന്റീനയുടെ കുതിപ്പ്. എന്നാല്‍, ബാഴ്‌സലോണക്ക് നിരവധി കിരീടങ്ങള്‍ നേടിക്കൊടുത്തെങ്കിലും അര്‍ജന്റീനക്കൊപ്പം ഒരു മേജര്‍ കിരീടജയം മെസിക്ക് സാധ്യമായിട്ടില്ല. കഴിഞ്ഞ ലോകകപ്പില്‍ റണ്ണേഴ്‌സപ്പായതാണ് മികച്ച നേട്ടം. കോപയില്‍ കഴിഞ്ഞ തവണ കൈയത്തും ദൂരത്ത് നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിച്ച് മെസി ആ കുറവ് പരിഹരിക്കുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. ടൂര്‍ണമെന്റില്‍ മെസി ഒരു ഹാട്രിക്കടക്കം അഞ്ച് ഗോളുകള്‍ നേടിക്കഴിഞ്ഞു. നാല് ഗോളുകള്‍ക്ക് വഴിയൊരുക്കാനും സൂപ്പര്‍ താരത്തിനായി.
ആതിഥേയരായ അമേരിക്കയെ മടക്കമില്ലാത്ത നാല് ഗോളിന് തകര്‍ത്താണ് അര്‍ജന്റീന ഫൈനലിന് ടിക്കറ്റെടുത്തത്. ചാമ്പ്യന്‍ഷിപ്പില്‍ ഒരു മത്സരം പോലും തോല്‍ക്കാതെ മുന്നേറിയ അര്‍ജന്റീനയെ പിടിച്ചുകെട്ടുകയെന്നത് ചിലിക്ക് അത്ര എളുപ്പമാകില്ല. കളിച്ച അഞ്ച് മത്സരങ്ങളും ജയിച്ചു. സെമിയില്‍ അമേരിക്ക, ക്വാര്‍ട്ടറില്‍ വെനിസ്വെല, ഗ്രൂപ്പ് ഘട്ടത്തില്‍ ചിലി, പനാമ, ബൊളിവിയ എന്നിവരെ കീഴടക്കി. ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ പതിനെട്ട് ഗോളാണ് അര്‍ജന്റീന അടിച്ചുകൂട്ടിയത്. വഴങ്ങിയതാവട്ടെ രണ്ടെണ്ണം മാത്രവും. മെസിയെ കൂടാതെ നാല് ഗോളുകള്‍ നേടിയ ഹിഗ്വെന്‍ തകര്‍പ്പന്‍ ഫോമിലാണെന്നതും അര്‍ജന്റീനയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു.
അമേരിക്കക്കെതിരായ മത്സരത്തിനിടെ പരുക്കേറ്റ അര്‍ജന്റൈന്‍ താരം എസ്‌ക്വല്‍ ലവെസിയും എയ്ഞ്ചല്‍ ഡി മരിയയും കളിക്കാനിറങ്ങാത്തത് അവര്‍ക്ക് തിരിച്ചടിയാണ്.
കഴിഞ്ഞ തവണ കോപയുടെ ചരിത്രത്തിലാദ്യമായി കിരീടമുയര്‍ത്തിയ ചിലി ഇത്തവണ അത് നിലനിര്‍ത്താനുള്ള ശ്രമത്തിലാണ്. ലോക റാങ്കിംഗില്‍ അഞ്ചാം സ്ഥാനക്കാരാണ് ചിലി. ആഴ്‌സണലിന്റെ അലക്‌സിസ് സാഞ്ചസ്, ആര്‍തുറോ വിദാല്‍, എഡ്വാര്‍ഡ് വര്‍ഗാസ് എന്നിങ്ങനെ മികച്ച കളിക്കാരുടെ നിര തന്നെയുണ്ട് ചിലിക്കൊപ്പം. കോപയില്‍ ഇത്തവണ നിറംമങ്ങിയാണ് തുടങ്ങിയതെങ്കിലും പിന്നീട് അവര്‍ ഗിയര്‍ മാറ്റി. ആദ്യ മത്സരത്തില്‍ അര്‍ജന്റീനയോട് തോറ്റപ്പോള്‍ ബൊളിവിയയെയും പനാമയെയും പരാജയപ്പെടുത്തി ക്വാര്‍ട്ടറില്‍ കടന്നു. തോല്‍വിയറിയാതെ 22 കളികള്‍ പിന്നിട്ടെത്തിയ മെക്‌സിക്കോയെ ക്വാര്‍ട്ടറില്‍ തകര്‍ത്തെറിഞ്ഞു. സെമിയില്‍ കൊളംബിയയെ മറുപടിയില്ലാത്ത രണ്ട് ഗോളിന് കീഴടക്കി. ഓരോ മത്സരം കഴിയും തോറും അവര്‍ ശക്തിപ്രാപിച്ചുകൊണ്ടേയിരുന്നു.
തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഫൈനലില്‍ പ്രവേശിച്ചത് ചിലിക്ക് അര്‍ഹതയുടെ അംഗീകാരം കൂടിയായി. ഒരു വന്‍ കുതിപ്പ് നടത്തിയ ചിലി കിരീടപ്പോരാട്ടത്തിന് എന്തുകൊണ്ടും തങ്ങള്‍ അര്‍ഹരാണെന്ന് തെളിയിച്ചു. മെസിയെ
പൂട്ടാന്‍ കഴിഞ്ഞാല്‍ ജയിച്ചുകയറാമെന്ന് കണക്കുകൂട്ടലിലാണ് ചിലി. കോപയില്‍ അഞ്ച് മത്സരങ്ങളില്‍ 16 ഗോളുകളാണ് അവര്‍ എതിരാളികളുടെ വലയില്‍ അടിച്ചുകയറ്റിയത്. അഞ്ച് ഗോളുകള്‍ വഴങ്ങി.
ആറ് ഗോളുകള്‍ നേടിയ ചിലി താരം വര്‍ഗാസ് കോപയിലെ ഗോള്‍ സ്‌കോറര്‍മാരുടെ പട്ടികയില്‍ ഒന്നാമനാണ്. മൂന്ന് ഗോളടിച്ച സാഞ്ചസ് നാലാം സ്ഥാനത്തുണ്ട്. സെമിയില്‍ കളിക്കാതിരുന്ന ബയേണ്‍ മ്യുണിക്കിന്റെ സൂപ്പര്‍ താരം അര്‍തുറോ വിദാല്‍ ഫൈനലില്‍ തിരിച്ചെത്തിയത് ചിലിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്.
അതേ സമയം, പരുക്കേറ്റ പാബ്ലോ ഹെര്‍ണാണ്ടസിനും മാഴ്‌സലോ ഡിയസും കളിക്കുമെന്ന കാര്യം ഉറപ്പിക്കാനാകാത്തത് ചിലിക്ക് ക്ഷീണം ചെയ്യും.