Connect with us

Malappuram

ഡിഫ്തീരിയയെന്ന കൊലയാളി

Published

|

Last Updated

മലപ്പുറം: ജില്ലയില്‍ രണ്ട് മരണം ഉള്‍പ്പെടെ അഞ്ച് ഡിഫ്തീരിയ (തൊണ്ട മുള്ള്) കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ പ്രതിരോധ കുത്തിവെപ്പ് നൂറ് ശതമാനമാക്കുന്നതിന് ഊര്‍ജിത പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ജില്ലാ കലക്ടര്‍ എസ് വെങ്കടേശപതിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്ന ജില്ലാതല ഏകോപന സമിതി യോഗം തീരുമാനിച്ചു. പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ന് പഞ്ചായത്ത്- നഗരസഭാ തലങ്ങളില്‍ ജനപ്രതിനിധികളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും അടിയന്തര യോഗം ചേര്‍ന്ന് പദ്ധതികള്‍ തയ്യാറാക്കും. തുടര്‍ന്ന് വാര്‍ഡ് തലങ്ങളില്‍ വാര്‍ഡ് അംഗങ്ങള്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നെഴ്‌സുമാര്‍, പൊതുപ്രവര്‍ത്തകര്‍, മതനേതാക്കള്‍, ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ യോഗം ചേര്‍ന്ന് വാര്‍ഡില്‍ കുത്തിവെപ്പ് 100 ശതമാനമാക്കാന്‍ കര്‍മ പരിപാടി ആവിഷ്‌കരിക്കും. അടുത്ത ദിവസം മുതല്‍ തന്നെ തീരെ കുത്തിവെപ്പ് ലഭിക്കാത്തവരും ഭാഗികമായി മാത്രം ലഭിച്ചവരുമായ 16 വയസില്‍ താഴെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും പ്രതിരോധ കുത്തിവെപ്പ് ലഭ്യമാക്കുന്നതിന് വീടുവീടാന്തരം കയറിയിറങ്ങും.
സ്‌കൂളുകളില്‍ അധ്യാപക- രക്ഷാകര്‍തൃ യോഗങ്ങള്‍ ബന്ധപ്പെട്ട മെഡിക്കല്‍ ഓഫീസര്‍മാരുടെ സാന്നിധ്യത്തില്‍ വിളിച്ചു ചേര്‍ത്ത് ബോധവത്ക്കരണം നടത്തുകയും സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കുട്ടികള്‍ക്ക് കുത്തിവെപ്പ് ക്യാമ്പുകള്‍ നടത്തുകയും ചെയ്യും. ഏഴ് വയസില്‍ താഴെയുള്ളവര്‍ക്ക് സാധാരണ നല്‍കുന്ന പ്രതിരോധ കുത്തിവെപ്പും ഏഴ് മുതല്‍ 16 വരെയുള്ളവര്‍ക്ക് ടി ഡി വാക്‌സിനുമാണ് നല്‍കുക.
തീരെ കുത്തിവെപ്പ് എടുക്കുകയോ ഭാഗികമായി മാത്രം എടുക്കുകയോ ചെയ്ത ജില്ലയിലെ 1,32,000 കുട്ടികള്‍ക്ക് രണ്ടാഴ്ചക്കകം പ്രതിരോധ കുത്തിവെപ്പ് ലഭ്യമാക്കുകയാണ് ലക്ഷ്യം. തീരെ കുത്തിവെപ്പ് എടുക്കാത്തവര്‍ക്കും ഭാഗികമായി മാത്രം എടുത്തവര്‍ക്കും മൂന്ന് ഡോസ് ടി ഡി വാക്‌സിനും മറ്റുള്ളവര്‍ക്ക് ഒരു ഡോസ് ടി ഡി വാക്‌സിനുമാണ് നല്‍കുക. ഇത് കൂടാതെ രോഗികളുമായി നേരിട്ട് ഇടപഴകേണ്ടി വരുന്ന രോഗിയുടെ ബന്ധുക്കള്‍, പരിചരിക്കുന്നവര്‍, അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പ്രതിരോധ കുത്തിവെപ്പുകളും മരുന്നും നല്‍കും.
50,000 ഡോസ് ടി ഡി വാക്‌സിന്‍ ഇതിനകം ജില്ലയില്‍ ലഭ്യമാക്കിയതായും കൂടുതല്‍ ആവശ്യമുള്ളത് ഉടന്‍ എത്തിക്കുമെന്നും ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജി സുനില്‍ കുമാര്‍ യോഗത്തില്‍ അറിയിച്ചു. സ്‌കൂളുകളില്‍ ഔദ്യോഗിക സംവിധാനം വഴിയല്ലാതെ ആരോഗ്യ ബോധവത്ക്കരണ പരിപാടികളില്‍ നടത്തരുതെന്ന് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും പ്രധാനാധ്യാപകര്‍ക്കും ജില്ലാ കലക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കി. യോഗത്തില്‍ എം എല്‍എമാരായ പി ഉബൈദുല്ല, ടി വി ഇബ്രാഹിം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍, മലപ്പുറം നഗരസഭാ അധ്യക്ഷ സി എച്ച് ജമീല, കൊണ്ടോട്ടി നഗരസഭാ അധ്യക്ഷന്‍ സി കെ നാടിക്കുട്ടി, ആരോഗ്യ വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ വിജിലന്‍സ് ഡോ. നിതാ വിജയന്‍, സ്റ്റേറ്റ് മാസ് മീഡിയാ ഓഫീസര്‍ അനില്‍, സ്റ്റേറ്റ് എപിഡമോളജിസ്റ്റ് ഡോ. സുകുമാരന്‍, കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോ. ഷീല മാത്യൂ, ഡോ. പ്രിയ ചന്ദ്രന്‍, മറ്റ് വിദഗ്ധര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി ഉമ്മര്‍ ഫാറൂഖ്, ആര്‍ സി എച്ച് ഓഫീസര്‍ ഡോ. ആര്‍ രേണുക, ഡെ. ഡി എം ഒ. ഡോ. എ ഷിബുലാല്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാരുടെ സംഘടനാ പ്രതിനിധികള്‍, മത നേതാക്കള്‍, മദ്‌റസ അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.