Connect with us

National

ജനാധിപത്യമാണ് ഇന്ത്യയുടെ യഥാര്‍ഥ ശക്തിയെന്ന് പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: ജനാധിപത്യമാണ് ഇന്ത്യയുടെ യഥാര്‍ഥ ശക്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടിന്തരാവസ്ഥാ കാലം രാജ്യത്തിന്റെ കറുത്ത ദിനങ്ങളായിരുന്നു. ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനാവണം നമ്മുടെ ശ്രമങ്ങളെന്നും മോദി പറഞ്ഞു. തന്റെ റേഡിയോ സംഭാഷണ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

മന്‍ കി ബാത്ത് പോലും നിരവധി വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്. ഈ വിമര്‍ശനം സാധ്യമാകുന്നത് ജനാധിപത്യം നിലനില്‍ക്കുന്നതിനാലാണ്. ഇന്ന് നാം ജനാധിപത്യത്തില്‍ അഭിമാനം കൊള്ളുന്നു. എന്നാല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട 1975 ജൂണ്‍ 25 ഇന്ത്യന്‍ ജനാധിപത്യത്തിലെ ഏറ്റവും ഇരുണ്ട ദിനമായിരുന്നു. പൗരാവകാശം ഉന്‍മൂലനം ചെയ്യപ്പെടുകയും രാജ്യം ജയിലിലടക്കപ്പെടുകയും ചെയ്ത ദിനമായിരുന്നു അത്.

ജൂണ്‍ 21 ന് രാഷ്ട്രം യോഗാദിനം ആചരിച്ചു. നവമാധ്യമങ്ങളും യോഗദിനാചരണത്തില്‍ സജീവമായി. യുഎന്നിന്റെ കീഴില്‍ യോഗക്ക് പ്രചാരം ലഭിച്ചു. ജീവിതശൈലി രോഗങ്ങളെ അകറ്റാന്‍ യോഗാഭ്യാസങ്ങളിലൂടെ കഴിയുമെന്ന നിങ്ങളുടെ അനുഭവങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കണമെന്നും മോദി പറഞ്ഞു.

ഇന്ത്യയില്‍ നിന്ന് മൂന്ന് വനിതാ പൈലറ്റുമാര്‍ യുദ്ധ വിമാനങ്ങള്‍ പറത്തുന്നതിന് യോഗ്യത നേടിയത് അഭിമാനകരമാണ്. 20 ഉപഗ്രഹങ്ങളെ ഒരുമിച്ച് വിജകരമായി വിക്ഷേപിച്ച് ചരിത്രനേട്ടം കൈവരിച്ച ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.