Connect with us

Gulf

ജെറ്റ് എയര്‍വേയ്‌സ് ദോഹ-ഡല്‍ഹി സര്‍വീസ് പ്രതിദിനം രണ്ടാക്കി ഉയര്‍ത്തുന്നു

Published

|

Last Updated

ദോഹ: ജെറ്റ് എയര്‍വേയ്‌സ് ദോഹ-ന്യൂഡല്‍ഹി സര്‍വീസ് പ്രതിദിനം രണ്ടാക്കി ഉയര്‍ത്തുന്നു. ജൂലൈ ഒന്നിനാണ് പുതിയ സര്‍വീസ് ആരംഭിക്കുകയെന്ന് ജെറ്റ് എയര്‍വേയ്‌സ് മാനേജ്‌മെന്റ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ന്യൂഡല്‍ഹിക്ക് നിലവില്‍ ഒരു പ്രതിദിന സര്‍വിസാണുണ്ടായിരുന്നത്. കോഴിക്കോട്, കൊച്ചി, തിരുവനന്തപും, മുംബൈ എന്നിവടങ്ങളിലേക്കും ജെറ്റ് എയര്‍വേയ്‌സ് ദോഹയില്‍ നിന്ന് പ്രതിദിന സര്‍വിസ് നടത്തുന്നുണ്ട്.

ജെറ്റ് എയര്‍വേയ്‌സിന്റെ 9 ഡബ്ല്യു 201 വിമാനം ദോഹയില്‍ നിന്ന് പുലര്‍ച്ചെ 2.35ന് പറന്നുയര്‍ന്ന് ന്യൂഡല്‍ഹിയില്‍ 8.50ന് എത്തിച്ചേരും. 9 ഡബ്ല്യു 202 വിമാനം ന്യൂഡല്‍ഹിയില്‍ നിന്ന് രാത്രി 12.05ന് പുറപ്പെട്ട് ഖത്വര്‍ സമയം 01. 35ന് ദോഹയിലും എത്തിച്ചേരും വിധമാണ് യാത്രാ ഷെഡ്യൂള്‍.

ഒട്ടേറെ ഇന്ത്യക്കാര്‍ ജോലിയെടുക്കുന്ന മേഖലയില്‍ നിന്ന് ഇന്ത്യയിലേക്കു പുതിയൊരു സര്‍വിസ് കൂടി ആരംഭിക്കുന്നത് യാത്രക്കാര്‍ക്ക് വളരെ ഉപകരിക്കുമെന്ന് ജെറ്റ് എയര്‍വെയ്‌സ് ഗള്‍ഫ്, മിഡ്‌ലീസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക വൈസ് പ്രസിഡന്റ് ശാകിര്‍ കന്ദവാല അഭിപ്രായപ്പെട്ടു. ഗള്‍ഫ് മേഖലയിലെ പത്തു നഗരങ്ങളില്‍ നിന്ന് ജെറ്റ് എയര്‍വേയ്‌സ് പന്ത്രണ്ട് ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വിസ് നടത്തുന്നുണ്ട്.

തിരക്കു കൂടുതലുള്ള സമയങ്ങളില്‍ ഡല്‍ഹി, മുംബൈ കണക്ഷന്‍ വിമാനങ്ങള്‍ ഉപയോഗപ്പെടുത്തി നിരവധി മലയാളികള്‍ കൊച്ചി, കോഴിക്കോട് നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്നുണ്ടെന്ന് ജെറ്റ് സെയില്‍സ് മാനേജര്‍ അന്‍ഷാദ് ഇബ്രാഹിം പറഞ്ഞു. ഇന്ത്യയിലെ എല്ലാ നഗരങ്ങളിലേക്കും ആഭ്യന്തര സര്‍വീസുള്ളതിനാല്‍ നിരവധി പേര്‍ ഉപയോഗപ്പെടുത്തുന്നു. മുംബൈയില്‍ ഒരേ ടെര്‍മിനലിലേക്ക് ഡൈമസ്റ്റിക്, ഇന്റര്‍നാഷല്‍ സര്‍വീസ് മാറ്റിയതിനാല്‍ യാത്രക്കാര്‍ക്ക് ഏറെ സൗകര്യമായെന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest