Connect with us

International

എന്‍ എസ് ജി:വഴിയടഞ്ഞിട്ടില്ലെന്ന് യു എസ്; വീണ്ടും യോഗം

Published

|

Last Updated

വാഷിംഗ്ടണ്‍: ആണവ വിതരണ ഗ്രൂപ്പില്‍ പൂര്‍ണ അംഗമാകുന്നതിന് ഇന്ത്യയുടെ വഴി തുറന്നുകിടക്കുകയാണെന്ന് യു എസ്. എന്‍ എസ് ജിയില്‍ ഈ വര്‍ഷം അവസാനത്തിനുള്ളില്‍ ഇന്ത്യക്ക് അംഗത്വം ലഭിക്കുമെന്ന് ബരാക് ഒബാമ ഭരണകൂടത്തിലെ ഉന്നതന്‍ വ്യക്തമാക്കി. മുന്നോട്ടുള്ള വഴി സുഗമമാണെന്ന് ആത്മവിശ്വാസമുണ്ട്. അതിന് ചില കരുനീക്കങ്ങള്‍ കൂടി നടത്തേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

എന്നാല്‍, സിയൂളില്‍ ചേര്‍ന്ന എന്‍ എസ് ജി പ്ലീനറി യോഗത്തില്‍ നടന്ന ചര്‍ച്ചകളെക്കുറിച്ച് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. ഇന്ത്യയെ ആണവ ദാതാക്കളുടെ ഗ്രൂപ്പില്‍ എത്തിക്കാന്‍ അമേരിക്ക വിവിധ രാജ്യങ്ങളുമായി സജീവ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
ഇന്ത്യയുടെ എന്‍ എസ് ജി അംഗത്വ വിഷയത്തില്‍ തീരുമാനമാക്കാതെയാണ് സിയൂളില്‍ ചേര്‍ന്ന പ്ലീനറി യോഗം പിരിഞ്ഞത്. 48 അംഗ ഗ്രൂപ്പില്‍ 38 രാജ്യങ്ങള്‍ ഇന്ത്യയെ പിന്തുണച്ചെങ്കിലും ചൈനയടക്കം പത്ത് രാജ്യങ്ങള്‍ എതിര്‍പ്പുമായി രംഗത്തെത്തി. അതേസമയം, ആണവ നിര്‍വ്യാപന കരാറില്‍ (എന്‍ പി ടി) ഒപ്പുവെക്കാത്ത രാജ്യങ്ങള്‍ക്ക് എന്‍ എസ് ജി അംഗത്വം നല്‍കുന്ന കാര്യം പരിഗണിക്കാന്‍ ഗ്രൂപ്പ് ഈ വര്‍ഷം അവസാനം വീണ്ടും യോഗം ചേരും. ഇന്ത്യ എന്‍ പി ടിയില്‍ അംഗമല്ല. ഇക്കാര്യം ഉയര്‍ത്തിയാണ് ചൈന ഇന്ത്യക്കെതിരെ നിലപാട് കടുപ്പിച്ചത്.

Latest