Connect with us

Kerala

ജിഷ വധം: അമീറിനെ നുണപരിശോധനക്ക് വിധേയമാക്കിയേക്കും

Published

|

Last Updated

പെരുമ്പാവൂര്‍: ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്‌ലാമിനെ നുണപരിശോധനക്ക് വിധേയനാക്കാന്‍ സാധ്യത. ചോദ്യംചെയ്യാന്‍ പ്രതിയെ പോലീസ് കസ്റ്റഡിയില്‍വാങ്ങിയിട്ട് ആറ് ദിവസം പിന്നിട്ടിട്ടും കൊലക്ക് ഉപയോഗിച്ച ആയുധവും കൊലയാളിയുടെ വസ്ത്രങ്ങളും കണ്ടെടുക്കാനാകാത്തതിനാലാണ് നുണപരിശോധനക്കായുളള അനുമതി തേടി കോടതിയെ സമീപിക്കുന്നത്.
ഇതിനിടെ ജിഷയുടെ കൊലപാതകത്തില്‍ അനാറിനും പങ്കുണ്ടെന്നും, ജിഷയുടെ മാതാവിന് തന്നെ അറിയാമെന്നും അമീറുല്‍ ഇസ്‌ലാംപോലീസില്‍ മൊഴിനല്‍കി. ജിഷയുടെ മാതാവുമായി ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ടൊയെന്ന പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ഇത്തരത്തിലുള്ള ചില വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും അന്വേഷണ സംഘം ഈ വഴിക്കുളള അന്വേഷണം കാര്യക്ഷമമാക്കിയിരുന്നില്ല. അടുത്ത ദിവസങ്ങളില്‍ രാജേശ്വരിയുടെ പക്കല്‍ നിന്നും അന്വേഷണ സംഘം ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും.
എന്നാല്‍ മാതാവ് പ്രതിയെ അറിയില്ലെന്ന് പറയുന്നത് മനഃപൂര്‍വ്വമാണോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്. അതുപോലെ നന്നായി ബംഗാളി, അസാമി ഭാഷ സംസാരിക്കുന്ന പ്രതി മലയാളവും സംസാരിക്കുമെന്നാണ് പോലീസ് വെളിപ്പെടുത്തുന്നത്. എന്നാല്‍ ഇതുവരെയും ഒരു ഉദ്യോഗസ്ഥന്റെ മുന്നിലും പ്രതി മലയാളം സംസാരിച്ചിട്ടില്ല. സഹോദരന്‍ ബദറുല്‍ ഇസ്‌ലാമിനെ ഉപയോഗിച്ച് മലയാളം സംസാരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു.