Connect with us

Kannur

കെ എസ് ആര്‍ ടി സി എം പാനല്‍ ജീവനക്കാര്‍ ദുരിതം പേറുന്നു

Published

|

Last Updated

കണ്ണൂര്‍:ജോലി സ്ഥിരതയും അര്‍ഹമായ മറ്റ് ആനുകൂല്യങ്ങളുമില്ലാതെ കെ എസ് ആര്‍ ടി സിയിലെ എം പാനല്‍ ജീവനക്കാര്‍ ദുരിതം പേറുന്നു. നാല് മുതല്‍ എട്ട് വര്‍ഷം വരെയായി ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്തിട്ടും ഇവരെ സ്ഥിരപ്പെടുത്താനോ മാന്യമായ ശമ്പളം നല്‍കാനോ നടപടിയുണ്ടായിട്ടില്ലെന്ന് കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ബിജുമോന്‍ പിലാക്കല്‍ സിറാജിനോട് പറഞ്ഞു.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്ന് നിയമനം ലഭിച്ചവരാണ് ഇവരെങ്കിലും ഇവരെ സ്ഥിരപ്പെടുത്തുന്നതിനുള്ള നടപടികളൊന്നും ഉണ്ടായിട്ടില്ല. എം പാനലില്‍ ജോലി ചെയ്യുന്ന ഡ്രൈവര്‍ക്ക് ഇപ്പോള്‍ ഒരു ദിവസം ലഭിക്കുന്നത് 420 രൂപയും കണ്ടക്ടര്‍ക്ക് 400 ഉം രൂപയുമാണ്. ഡബിള്‍ ഡ്യൂട്ടിയാണെങ്കില്‍ കണ്ടക്ടര്‍ക്ക് 660 രൂപയും ഡ്രൈവര്‍ക്ക് 700 രൂപയും ലഭിക്കും. അതേസമയം സ്ഥിരം ജീവനക്കാര്‍ക്ക് ഇതേ ഡ്യൂട്ടിക്ക് ഇരട്ടിയിലേറെ ശമ്പളമാണ് ലഭിക്കുന്നത്. സീനിയോറിറ്റി അനുസരിച്ച് ഇതിലുമേറെ രൂപയും ലഭിക്കും.

മിനിമം വേതനം പോലും എം പാനലുകാര്‍ക്ക് ലഭ്യമാക്കുന്നില്ല. പൊതുഅവധിയും ഇവര്‍ക്ക് ബാധകമല്ല. സ്ഥിരം നിയമനം ലഭിക്കാത്തതിനാല്‍ ലീവോ, പ്രൊവിഡന്റ് ഫണ്ടോ മറ്റാനുകൂല്യങ്ങളോ ഇവര്‍ക്കില്ല. 10 വര്‍ഷം പൂര്‍ത്തിയാക്കിയ ജീവനക്കാരെ കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് സ്ഥിരപ്പെടുത്തിയിരുന്നു. എന്നാല്‍, ഇതിന് ശേഷം എട്ട് വര്‍ഷമായി ജോലി ചെയ്ത് വരുന്ന ജീവനക്കാര്‍ക്ക് യാതൊരു പരിഗണനയും ലഭിച്ചിട്ടില്ല.

എം പാനല്‍ ജീവനക്കാരില്ലെങ്കില്‍ കെ എസ് ആര്‍ ടി സിയുടെ പല സര്‍വീസുകളും നിലക്കുമെന്ന അവസ്ഥ നിലനില്‍ക്കുമ്പോഴും അവഗണ തുടരുകയാണ്.
ദിവസവും 13 മുതല്‍ 16 മണിക്കൂര്‍വരെയാണ് എം പാനല്‍ വിഭാഗം ജീവനക്കാര്‍ ജോലി ചെയ്യുന്നത്. സ്ഥിരം ജീവനക്കാരല്ലാത്തതിനാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ പലപ്പോഴും അവര്‍ക്ക് തോന്നുന്ന കാര്യങ്ങള്‍ അടിച്ചേല്‍പിക്കുകയാണെന്നാണ് ഇവരുടെ ഏകസ്വരത്തിലുള്ള പരാതി. ഇപ്പോള്‍ താത്കാലികക്കാരായി ജോലി ചെയ്യുന്ന പലരും പ്രായപരിധി കഴിഞ്ഞവരാണെന്നതിനാല്‍ മറ്റു ജോലിക്ക് പോകാനും സാധിക്കാത്തവരാണ്.
ഡ്യൂട്ടിക്കു വന്നില്ലെങ്കില്‍ ഇവര്‍ക്ക് 300 മുതല്‍ ആയിരം രൂപവരെ പിഴ ഒടുക്കേണ്ടി വരുന്ന സ്ഥിതിയുമുണ്ട്. ചിലപ്പോള്‍ പിരിച്ച് വിടാനും സാധ്യതയുണ്ട്. സ്ഥിരം ജീവനക്കാര്‍ കൃത്യമായി ഡ്യൂട്ടിക്ക് വന്നില്ലെങ്കില്‍ അവരില്‍നിന്ന് പിഴ ഈടാക്കാന്‍ വകുപ്പൊന്നുമില്ലെന്നു മാത്രമല്ല, പൊതുഅവധിയുടെ ആനുകൂല്യം ശമ്പളത്തിലേക്കു കൂട്ടുകയുമാണ് ചെയ്യുന്നത്.
ഭൂരിപക്ഷം ഡിപ്പോകളിലും കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ മുടക്കമില്ലാതെ നടക്കുന്നത് എം പാനല്‍ ജീവനക്കാരെ കൊണ്ടാണ്. സ്ഥിരം ജീവനക്കാര്‍ക്ക് മാസാദ്യം തന്നെ ശമ്പളം കിട്ടുമ്പോള്‍ എം പാനല്‍കാര്‍ക്ക് 15 കഴിഞ്ഞാണ് കിട്ടുന്നത്.
കഴിഞ്ഞ ശമ്പള പരിഷ്‌കരണത്തില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ എം പാനല്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ നടപടിയെടുക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഹൈക്കോടതിവിധിയുടെ അടിസ്ഥാനത്തില്‍ നിരവധി തവണ ചെറുതും വലുതുമായ പ്രക്ഷോഭസമരങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല.
അതിനിടെ, കെ എസ് ആര്‍ ടി സി റിസര്‍വ് കണ്ടക്ടര്‍ റാങ്ക്‌ലിസ്റ്റിന്റെ കാലാവധി അടുത്ത ആറ് മാസത്തേക്ക് കൂടി നീട്ടിയത് എം പാനല്‍കാരുടെ സ്ഥിര നിയമനത്തിന് വിലങ്ങുതടിയായിട്ടുണ്ട്. അതേസമയം ലിസ്റ്റിന്റെ കാലാവധി നീട്ടിയത് നിയമനം കാത്ത് കഴിയുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പ്രതീക്ഷയേകിയിട്ടുണ്ട്. ലിസ്റ്റിന്റെ കാലാവധി ഈ മാസം അവസാനിക്കാനിരിക്കുകയായിരുന്നു.
ഒമ്പതിനായിരത്തില്‍പരം ഉദ്യോഗാര്‍ഥികള്‍ക്കാണ് അഡൈ്വസ് മെമ്മോ നല്‍കിയിരുന്നത്. ഇവരുടെ നിയമന നടപടി പൂര്‍ത്തിയായാല്‍ മാത്രമേ എം പാനല്‍ വിഭാഗത്തില്‍ നിന്നുള്ള നിയമനം സംബന്ധിച്ച് സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിക്കുകയുള്ളൂവെന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
2010 ഒക്‌ടോബര്‍ 31നാണ് മൂന്ന് ലക്ഷത്തില്‍പ്പരം പേര്‍ മൂന്ന് ഘട്ടങ്ങളായി പി എസ് സി പരീക്ഷയെഴുതിയത്. മെയിന്‍ ലിസ്റ്റിലും സപ്ലിമെന്ററി ലിസ്റ്റിലുമായി 50,000 ത്തോളം പേര്‍ ഉള്‍പ്പെടുന്ന റാങ്ക് പട്ടിക 2013 മെയ് മാസത്തിലാണ് പ്രസിദ്ധീകരിച്ചത്. ഈ അവസരത്തില്‍ ഏകദേശം 10,000ത്തോളം കണ്ടക്ടര്‍മാരുടെ ഒഴിവുകള്‍ നിലവിലുണ്ടായിരുന്നു. എന്നാല്‍ ഒഴിവുകള്‍ പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടും നിയമനം നടന്നില്ല. കെ എസ് ആര്‍ ടി സിയില്‍ 7500 റിസര്‍വ് കണ്ടക്ടര്‍ ഒഴിവുകളാണുള്ളത്.

---- facebook comment plugin here -----

Latest