Connect with us

Kozhikode

ഗാന്ധിയെ വിസ്മരിച്ചത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ അധപതനത്തിന് തെളിവ്: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

Published

|

Last Updated

കോഴിക്കോട്: ഗാന്ധിയെ വിസ്മരിച്ചത് കോണ്‍ഗ്രസ് ഐയുടെ രാഷ്ട്രീയ അധപതനത്തിന് തെളിവാണെന്ന് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് എസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സി കെ ജി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മഹാത്മജിയെ ലോകസഭയില്‍ ഒരു ബി ജെ പി അംഗം അപമാനിച്ച് സംസാരിച്ചപ്പോഴും ഗാന്ധി ഘാതകനായ ഗോഡ്‌സെക്ക് ലോക്‌സഭയില്‍ സ്തുതി പാടിയപ്പോഴും കോണ്‍ഗസ് ഐ അംഗങ്ങള്‍ പ്രതികരിക്കാതിരുന്നത് അവരുടെ ഗാന്ധിയോടുളള സമീപനമാണ് വ്യക്തമാകുന്നത്. ഗാന്ധിയെ നിന്ദിച്ചപ്പോള്‍ അനങ്ങാത്ത കോണ്‍ഗ്രസ് ഐ അംഗങ്ങള്‍ സോണിയ ഗാന്ധിക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കപ്പെട്ടപ്പോള്‍ വലിയ ഒച്ചപ്പാടാണ് ഉയര്‍ത്തിയത്.
അത് കൊണ്ട് തന്നെ സി കെ ഗോവിന്ദന്‍ നായരെന്ന അഴിമതിക്കെതിരെ കര്‍ക്കശമായ നിലപാട് സ്വീകരിച്ച നേതാവിനെ അനുസ്മരിക്കാനും കോണ്‍ഗ്രസ് ഐക്ക് അര്‍ഹതയില്ല. ആദര്‍ശത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് അദ്ദേഹം സ്വീകരിച്ചത്. വിമോചന സമരത്തെ അദ്ദേഹം എതിര്‍ത്തു. പാര്‍ട്ടി ജനാപത്യവിരുദ്ധ നിലപാട് സ്വീകരിച്ചപ്പോഴൊക്കെ അതിനെ വിമര്‍ശിക്കാന്‍ തയ്യാറായി. എന്നാല്‍ ഇന്നത്തെ ഗ്രൂപ്പ് പ്രവര്‍ത്തനം പോലെ ഗ്രൂപ്പുണ്ടാക്കാനൊന്നും അദ്ദേഹം തയ്യാറായില്ല.
1978 മുതല്‍ സ്വീകരിച്ച രാഷ്ട്രീയ സത്യസന്ധതക്കും നിലപാടുകള്‍ക്കുമുള്ള അംഗീകാരമാണ് പാര്‍ട്ടിക്ക് മന്ത്രി പദവിയെന്ന് കടന്നപ്പള്ളി ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് എസിന്റെ മൂലധനം തന്നെ ആദര്‍ശ രാഷ്ട്രീയമാണ്. എല്‍ ഡി എഫ് മന്ത്രി സഭയില്‍ അംഗമാകാന്‍ സാധിച്ചത് തനിക്ക് വ്യക്തിപരമായി ലഭിച്ച അംഗീകാരമല്ലെന്നും വര്‍ഷങ്ങളായി ത്യാഗം സഹിച്ചും പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകര്‍ക്കുള്ള അംഗീകാരമാണെന്നും കടന്നപ്പള്ളി പറഞ്ഞു. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് എല്‍ ഡി എഫ് സ്വീകരിക്കുമെന്ന ഉറച്ച വിശ്വാസമാണ് നല്ല സീറ്റുകളുടെ പിന്‍ബലത്തില്‍ മുന്നണിയെ അധികാരത്തിലെത്തിച്ചത്. ജനങ്ങളുടെ പ്രതീക്ഷക്കനുസരിച്ചുള്ള ഭരണം തന്നെയായിരിക്കും മുന്നണി കാഴ്ചവെക്കുക.
മത ന്യൂനപക്ഷങ്ങള്‍ക്ക് മുന്നണി നല്‍കിയ സുരക്ഷിത ബോധം അവരില്‍ വലിയ പ്രതീക്ഷയാണ്ടാക്കിയത്. ബി ജെ പി കേന്ദ്രത്തില്‍ അധികാരത്തിലെറിയത് മുതല്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ ആശങ്കയിലായിരുന്നു. എന്നാല്‍ എല്‍ ഡി എഫ് നല്‍കിയ സുരക്ഷിത ബോധം അവര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കിയത്. അവര്‍ എല്‍ ഡി എഫിനൊപ്പം അണിനിരക്കുകയായിരുന്നു.
എല്‍ ഡി എഫിന് ബാലികേറാമലയായിരുന്ന കണ്ണൂരില്‍ ജയിക്കാനായതും ഇത്തരം നിലപാടുകള്‍ കാരണമാണെന്നും കടന്നപ്പള്ളി ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡന്റ സി സത്യചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വി പി സുരേന്ദ്രന്‍, യു ബാബു ഗോപിനാഥ്, ഇ പി ആര്‍ വേശാല. മാത്യു കോലഞ്ചേരി, സി ആര്‍ വത്സന്‍, മുസ്തഫ കടമ്പോട്, റനീഷ് മാത്യു പി സോമശേഖരന്‍, സി പി ഹമീദ്, കെ എം കെ ബാലകൃഷ്ണന്‍ പ്രസംഗിച്ചു.

Latest