Connect with us

Kozhikode

യാത്രക്കാരെ പിടിക്കാന്‍ കര്‍ണാടക ആര്‍ ടി സി ടിക്കറ്റ് നിരക്ക് കുറക്കുന്നത് കേരള ആര്‍ ടി സി ക്ക് തിരിച്ചടി

Published

|

Last Updated

കോഴിക്കോട്: മലയാളി യാത്രക്കാരെ ആകര്‍ഷിക്കാന്‍ കര്‍ണാടക കെ എസ് ആര്‍ ടി സി ടിക്കറ്റ് നിരക്ക് വന്‍തോതില്‍ കുറക്കുന്നു.
ബംഗളൂരുവില്‍ നിന്നും മലബാര്‍ ജില്ലകളിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ മാറ്റം വരുത്തിയാണ് കര്‍ണാടക ആര്‍ ടി സി യാത്രക്കാരെ ആകര്‍ഷിക്കുന്നത്. മലബാറില്‍ നിന്നും ബംഗളൂരിലേക്ക് ട്രെയിന്‍ സര്‍വീസ് വളരെ കുറവായതിനാല്‍ യാത്രക്കാര്‍ കെ എസ് ആര്‍ ടി സിയെയും മറ്റ് സ്വകാര്യ ബസുകളെയുമാണ് ആശ്രയിക്കുന്നത്.
കൊടുക്കുന്ന പണത്തിന് സ്വകാര്യ ബസുകള്‍ പലതും കാര്യക്ഷമമായ സര്‍വീസ് നടത്താതെ വന്നപ്പോഴാണ് യാത്രക്കാര്‍ കര്‍ണാടക, കേരള ആര്‍ ടി സിയില്‍ യാത്ര പതിവാക്കിയത്.
എന്നാല്‍ അടുത്തിടെ കര്‍ണാടക ആര്‍ ടി സിയില്‍ യാത്രക്കാര്‍ കുറഞ്ഞതോടെ നിരക്ക് കുറച്ച് സര്‍വീസ് നടത്താന്‍ ആര്‍ ടി സി തീരുമാനിക്കുകയായിരുന്നു. കേരള ആര്‍ ടി സിയുടെ സമാന സര്‍വീസുകളേക്കാള്‍ 90 രൂപ വരെ കുറഞ്ഞ നിരക്കിലാണ് കോഴിക്കോട്, കാസര്‍ക്കോട് ഭാഗങ്ങളിലേക്ക് കര്‍ണാടക ആര്‍ ടി സി ബസ് സര്‍വീസ് നടത്തുന്നത്.
സമീപകാലത്ത് കര്‍ണാടക ആര്‍ ടി സിയുടെ എ സി ബസുകള്‍ ഉള്‍പ്പടെയുള്ള പ്രീമിയം സര്‍വീസുകളില്‍ യാത്രക്കാര്‍ കുറഞ്ഞിരുന്നു. ഇത് കര്‍ണാടക ആര്‍ ടി സിയെ ഭീമമായ നഷ്ടത്തിലേക്ക് നയിക്കുമെന്ന് മനസിലാക്കി പത്ത് മുതല്‍ 20 ശതമാനം വരെ ചാര്‍ജ് കുറച്ച് യാത്രക്കാരെ പിടിച്ചുനിര്‍ത്തുകയാണ്.
നിരക്കിലെ മാറ്റം കേരള ആര്‍ ടി സിയുടെ എ സി ബസുകളെ കാര്യമായി ബാധിച്ചിട്ടില്ലങ്കിലും സൂപ്പര്‍ ഡീലക്‌സ്, സൂപ്പര്‍ഫാസ്റ്റ് ബസുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കര്‍ണാടകയുടെ രാജഹംസ എക്‌സിക്യൂട്ടീവ്, സാരിഗെ ബസുകളിലെ ടിക്കറ്റ് ചാര്‍ജ് കുത്തനെ കുറഞ്ഞത് കേരള ആര്‍ ടി സിക്ക് തിരിച്ചടിയായിട്ടുണ്ട്.
ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് സാധാരണ ദിവസങ്ങളില്‍ കേരള ആര്‍ ടി സി സൂപ്പര്‍ ഡീലക്‌സില്‍ 495 രൂപയും തിരക്കേറിയ ദിവസങ്ങളില്‍ 564 രൂപയുമാണ് ടിക്കറ്റ് ചാര്‍ജ്.
കര്‍ണാടകയുടെ രാജഹംസയില്‍ ഇത് യാഥാക്രമം 409 രൂപയും 500 രൂപയും. ഇതേ റൂട്ടില്‍ കേരള ആര്‍ ടി സിയുടെ സൂപ്പര്‍ഫാസ്റ്റ് 326 രൂപ വാങ്ങുമ്പോള്‍ കര്‍ണാടകയുടെ സാരിഗെയില്‍ 309 രൂപ നല്‍കിയാല്‍ മതി. ഈ റൂട്ടില്‍ കേരളത്തിന്റെ സൂപ്പര്‍ഡീലക്‌സിനെക്കാള്‍ 50 രൂപയോളം കുറവുണ്ട് കര്‍ണാടകയുടെ രാജഹംസക്ക്.
കേരള ആര്‍ ടി സിക്ക് ബെംഗളൂരുവില്‍ നിന്ന് ഇവിടേക്ക് ഒരു ഡീലക്‌സ് ബസ് മാത്രമേയുള്ളു. കര്‍ണാടകക്ക് എന്നാല്‍ സമീപകാലത്ത് അനുവദിച്ച എസി സ്ലീപ്പര്‍ ഉള്‍പ്പെടെ ദിവസേന നാല് സര്‍വീസുകളുണ്ട്.
ഇതിന് പുറമെ മലബാര്‍ ഭാഗത്തേക്ക് കര്‍ണാടക ആര്‍ ടി സിയുടെ എ സി ബസുകളുടെ സര്‍വീസ് കാര്യക്ഷമമാണെന്നും യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
കോഴിക്കോട്ടേക്ക് 590 രൂപ മുതലാണ് കര്‍ണാടകയുടെ എ സി ബസുകളിലെ ടിക്കറ്റ് ചാര്‍ജ്. കേരള ആര്‍ടിസിയില്‍ ഇത് 701 രൂപയും.