Connect with us

National

ഏഴാം ശമ്പള കമ്മീഷൻ: സെക്രട്ടറി തല സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; വർധന രണ്ട് ദിവസത്തിനകം

Published

|

Last Updated

ന്യൂഡല്‍ഹി: ഏഴാം ശമ്പള കമ്മീഷന്‍ ശിപാര്‍ശകള്‍ സംബന്ധിച്ച് സെക്രട്ടറിതല സമിതി കേന്ദ്ര സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി പി കെ സിന്‍ഹയുടെ നേതൃത്വത്തിലുള്ള സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഏറ്റവും ചുരുങ്ങിയ പ്രതിമാസ വേതനം 23,500 രൂപയും ഉയര്‍ന്ന വേതനം 3.25 ലക്ഷം രൂപയുമായിരിക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. രണ്ട് ദിവസത്തിനകം വർധന നിലവിൽ വരും.

ഒരു കോടിയിലേറെ വരുന്ന കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാരുടെ ശമ്പളത്തില്‍ ചുരുങ്ങിയത് 23.5 ശതമാനം വര്‍ധനവാണ് ഏഴാം ശമ്പള കമ്മീഷന്‍ ശിപാര്‍ശ ചെയ്യുന്നത്. സെക്രട്ടറി തല സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം ഉടന്‍ ക്യബിനറ്റ് നോട്ട് ഫയല്‍ ചെയ്യുമെന്ന് ധനകാര്യ സെക്രട്ടറി അശോക് ലവാസ പറഞ്ഞു. ഈ മാസം 29ന് ചേരുന്ന മന്ത്രിസഭാ യോഗം ഇതിന് അംഗീകാരം നല്‍കിയേക്കും.

കഴിഞ്ഞ ജനുവരിയിലാണ് ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ സംബന്ധിച്ച് പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല സമിതിയെ ചുമതലപ്പെടുത്തിയത്. ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കപ്പെട്ടാല്‍ 50 ലക്ഷം കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ക്കും 58 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ ഗുണം ലഭിക്കും. ഇത് നടപ്പില്‍ വരുത്തുന്നതോടെ സര്‍ക്കാറിന് 1.02 ലക്ഷം കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Latest