Connect with us

Kerala

ഇഷ്ട മണ്ണില്‍ കാവാലത്തിന് ഇന്ന് ചിതയൊരുങ്ങും

Published

|

Last Updated

ആലപ്പുഴ: പ്രാണനെ പോലെ സ്‌നേഹിച്ച ജന്മനാട്ടില്‍ അന്ത്യവിശ്രമം കൊള്ളണമെന്നത് കാവാലം നാരായണപണിക്കരുടെ അഭിലാഷമായിരുന്നു. പമ്പയാറിന്‍ തീരത്തെ വീടിനോടു ചേര്‍ന്ന് ആറ് വര്‍ഷം മുമ്പ് മരിച്ച മൂത്തമകന്‍ ഹരികൃഷ്ണനൊപ്പം അദ്ദേഹവും ഇന്ന് കാവാലത്തിന്റെ മണ്ണോടു ചേരുമ്പോള്‍ താമസിക്കാനാളില്ലാതെ അടച്ചുപൂട്ടിയിട്ടിട്ടും വില്‍ക്കാതെ കാത്തുസൂക്ഷിച്ച തറവാടിന്റെയും കാവാലം ഗ്രാമത്തിന്റെയും പ്രശസ്തി കാലാതിവര്‍ത്തിയായി നിലനില്‍ക്കും. സ്വന്തം നാടിനോടും പിറന്നുവീണ മണ്ണിനോടുമുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത സ്‌നേഹം കൊണ്ട് കൂടിയായിരുന്നു കാവാലത്തെ തറവാട് വീട് വില്‍ക്കാതെ നിലനിര്‍ത്തിയിരുന്നത്.

“ഇവിടം വില്‍ക്കുന്നില്ല. ഈ സ്ഥലങ്ങളെല്ലാം പമ്പയുടെ ഓളങ്ങളില്‍ താഴ്ത്തിക്കളഞ്ഞേക്കാം. എങ്കിലും വില്‍ക്കുന്നില്ലിവിടം. ഇവിടെയാണ് ഞാന്‍ ജനിച്ചുവീണത്. ഇവിടെയാണ് ഞാന്‍ ഓടി നടന്നത്. ഇവിടെനിന്നാണ് വളര്‍ന്നത്. ഈ നാട് തന്നതല്ലാത്തതൊന്നും എന്നിലില്ല”. കാവാലം മിക്കപ്പോഴും പറഞ്ഞിരുന്ന വാക്കുകളായിരുന്നു ഇത്. “കരയേക്കാള്‍ ഏറെ വെള്ളമുള്ള നാടായിരുന്നു കുട്ടനാട്. ഓരോ തുരുത്തുകളും ഓരോ കെട്ടുവള്ളങ്ങളെപ്പോലെ സ്വാതന്ത്ര്യമായി അലഞ്ഞിരുന്ന കാലം. വെള്ളത്തിന്റെ അലകള്‍ കാറ്റിനൊപ്പം പറന്ന് കരയില്‍ തട്ടുന്നതിന്റെയും കാറ്റ് വീണ്ടും പറന്ന് മരങ്ങളില്‍ പാട്ടുമൂളുന്നതിന്റെയും ഓളങ്ങളിലൂടെ ഓരോ തുരുത്തിലേക്കുമെത്തി ആളുണ്ടോ എന്ന് ഹോയ് ശബ്ദത്തോടെ വിളിച്ചുചോദിക്കുന്ന വള്ളക്കാരന്റെയും ശബ്ദമുണ്ടാകും. ഓരോ വീടുകളും ഓരോ നാടുപോലെയായിരുന്നു.
നിറയെ ആളുകള്‍, എല്ലാവര്‍ക്കും അവരുടേതായ സ്വാതന്ത്ര്യം. കൃഷിക്കാരനാകേണ്ടവര്‍ക്ക് കൃഷിക്കാരനാകാന്‍, പഠിക്കണമെന്നാഗ്രഹമുള്ളവര്‍ക്ക് അങ്ങനെ, ഉള്ളവന്‍ ഇല്ലാത്തവനെ സഹായിച്ചുകൊണ്ടുള്ള ജീവിതകാലം. കുട്ടനാട്ടിലെ എല്ലാ വീട്ടുകാരുതമ്മിലും അങ്ങനെയായിരുന്നു..”നാടിനെ കുറിച്ച് ഒരിക്കല്‍ കാവാലം ഓര്‍മിച്ചു.

Latest