Connect with us

Kerala

മോദി സര്‍ക്കാറിനെതിരെ ശക്തമായ പ്രക്ഷോഭം നടത്താന്‍ സി പി എം തീരുമാനം

Published

|

Last Updated

തിരുവനന്തപുരം: മോദി സര്‍ക്കാറിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരാന്‍ സി പി എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഇന്ത്യയിലെ ജനങ്ങളെ ഏറെ ബാധിക്കുന്ന വിലക്കയറ്റവും തൊഴിലില്ലായ്മയും മുഖ്യ മുദ്രാവാക്യമായി എടുത്ത് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് പാര്‍ട്ടി കേന്ദ്രകമ്മിറ്റി ആഹ്വാനം ചെയ്തത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 206 ഏര്യാ കേന്ദ്രങ്ങളിലും ജൂലൈ 12ന് ഒരു കേന്ദ്ര സര്‍ക്കാര്‍ ഓഫീസിന് മുന്നില്‍ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുമെന്നും സി പി എം സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

മോദി അധികാരത്തില്‍ വന്നതിന് ശേഷം ഭക്ഷ്യസാധനങ്ങളുടെ വിലകളുള്‍പ്പെടെ അവശ്യസാധന വിലകള്‍ വീണ്ടും കുതിച്ചുയരുകയാണ്. പരിപ്പിന്റെ വിലയാകട്ടെ വാനംമുട്ടെ ഉയര്‍ന്നിരിക്കുകയാണ്. പല പച്ചക്കറികളുടെയും വിലകള്‍ കഴിഞ്ഞ മൂന്ന്്് മാസത്തിനിടയില്‍ 100 ശതമാനത്തിലധികം നിരക്കില്‍ അസാധരണമായ നിരക്കിലാണ് വര്‍ധിച്ചിരിക്കുന്നത്. മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഉപഭോക്തൃ ഭക്ഷ്യവിലക്കയറ്റം മുന്‍ വര്‍ഷം മെയ് മുതല്‍ ഈ വര്‍ഷം മെയ് വരെ 7.55 ശതമാനം എന്നതാണ്. ഇത് 21 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. കഴിഞ്ഞ ആറ് ആഴ്ചക്കിടയില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വില നാല് തവണയാണ് വര്‍ധിപ്പിച്ചത്. ജനങ്ങള്‍ക്കുമേല്‍ കടുത്ത ബാധ്യത അടിച്ചേല്‍പ്പിച്ചുകൊണ്ടാണ് സര്‍ക്കാര്‍ വരുമാനം വര്‍ധിപ്പിക്കുന്നത്.
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം പശ്ചിമബംഗാളില്‍ വ്യാപകമായ അക്രമ പ്രവര്‍ത്തനങ്ങളാണ് പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു നേരെ ടി എം സി നടത്തിക്കൊണ്ടിരിക്കുന്നത്. നിരവധി സി പി എം പ്രവര്‍ത്തകരാണ് കൊല ചെയ്യപ്പെട്ടത്. പ്രതിപക്ഷ പാര്‍ട്ടികളുടെയും ബഹുജന സംഘടനകളുടെയും ഓഫീസുകള്‍ കൈയേറുകയും തീയിട്ട് നശിപ്പിക്കുകയും ചെയ്തു. ക്രൂരമായ അതിക്രമങ്ങളിലും ജനാധിപത്യനിഷേധത്തിലും പ്രതിഷേധിക്കുന്നതിനും പശ്ചിമബംഗാളിലെ പാര്‍ട്ടി പ്രവര്‍ത്തകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനും ആഗസ്റ്റ് ഒന്ന് മുതല്‍ ഏഴ് വരെ ബംഗാള്‍ ഐക്യദാര്‍ഢ്യവാരം ആചരിക്കും. സംസ്ഥാനകമ്മിറ്റി യോഗം എ വിജയരാഘവന്റെ അധ്യക്ഷതയില്‍ എ കെ ജി സെന്ററില്‍ ചേര്‍ന്നു.