Connect with us

Ongoing News

ജിഷ വധം: പ്രതിയെ പെരുമ്പാവൂരിലെത്തിച്ച് തെളിവെടുത്തു

Published

|

Last Updated

പെരുമ്പാവൂര്‍: ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ് ലാമിനെ പെരുമ്പാവൂരിലെ കൊലപാതകം നടന്ന വീട്ടിലും വാടകക്ക് താമസിച്ചിരുന്ന ലോഡ്ജിലും എത്തിച്ചു തെളിവെടുത്തു. അതേസമയം അമീറുള്‍ താമസിച്ചിരുന്ന ലോഡ്ജില്‍ തെളിവെടുപ്പിനായി എത്തിച്ചെങ്കിലും വലിയ ജനക്കൂട്ടം ചൂറ്റും കൂടിയത് കൊണ്ട് തെളിവെടുപ്പ് നടത്താനായില്ല.രാവിലെ ആലുവ പൊലീസ് ക്ലബില്‍ നിന്നാണ് അമീറിനെ കുറുപ്പുംപടി കനാല്‍കരയിലെ ജിഷയുടെ വീട്ടിലെത്തിച്ചത്. പ്രത്യേക അന്വേഷണ സംഘത്തിലെ ഡിവൈഎസ്പിമാരായ സോജന്‍, കെ സുദര്‍ശന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. പ്രതിയുടെ കസ്റ്റഡി കാലാവധി ബുധനാഴ്ച അവസാനിക്കും

പ്രതിയെ രാവിലെ 6.25ഓടെ കറുത്ത മുഖംമൂടി ധരിപ്പിച്ച് കുറുപ്പുംപടി കനാല്‍കരയിലെത്തിച്ച പൊലീസ് വീടിനുള്ളിലും വളപ്പിലും കൊലപാതകത്തിന് ശേഷം രക്ഷപെട്ട വഴിയിലും തൊണ്ടി മുതലായ ചെരുപ്പ് കണ്ടെടുത്ത സ്ഥലത്തുമാണ് തെളിവെടുത്തത്.

ജിഷയുടെ വീട്ടിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി പ്രതിയെ ലോഡ്ജിലെത്തിച്ചു. ഈ സമയത്ത് പ്രദേശവാസികള്‍ പൊലീസ് വാഹനത്തിന് പുറത്ത് തടിച്ച് കൂടിയതോടെ പ്രതിയെ പുറത്തിറക്കാതെ മടങ്ങുകയായിരുന്നു പോലീസ്. തുടര്‍ന്ന് കുറുപ്പുംപടിയിലെ ബിവറേജസ് മദ്യവല്‍പനശാലയിലും ചെരുപ്പ് വാങ്ങിയ കടയിലും തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ പെരുമ്പാവൂര്‍ ട്രാഫിക് സ്‌റ്റേഷനില്‍ എത്തിച്ചു. ആവശ്യമെങ്കില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ പ്രതിയെ എത്തിച്ച് തെളിവെടുക്കുമെന്ന് ഡി.വൈ.എസ്.പി കെ. സുദര്‍ശന്‍ മാധ്യമങ്ങളെ അറിയിച്ചു.

പ്രദേശവാസികളുടെ പ്രതികരണം ഏത് വിധത്തിലാകും എന്ന ആശങ്കയിലാണ് പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ചുള്ള തെളിവെടുപ്പ് പുലര്‍ച്ചെയാക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചത്. രാവിലെ ആറു മണിയോടെയാണ് ആലുവ പൊലീസ് ക്ലബില്‍ നിന്ന് എട്ടു പൊലീസ് വാഹനങ്ങളുടെ സുരക്ഷയില്‍ പ്രതി അമീറുല്‍ ഇസ് ലാമിനെ കുറുപ്പുംപടിയിലെത്തിച്ചത്.

അതേസമയം, കൊലപാതക സമയത്ത് പ്രതി ധരിച്ചിരുന്ന മഞ്ഞ ബനിയനും കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും അന്വേഷണ സംഘത്തിന് കണ്ടെടുക്കാനായിട്ടില്ല.

Latest