Connect with us

Articles

ഇനി നമ്മടെ സ്‌കൂളും പൂട്ടും മോനേ...

Published

|

Last Updated

പറഞ്ഞ്, പറഞ്ഞ് സ്‌കൂള്‍ പൂട്ടി. ചിലപ്പോഴൊക്കെ ഒരു രസത്തിന് ഞങ്ങളൊക്കെ പറയാറുണ്ടെന്നത് നേരാണ്. ഇങ്ങനെ പോയാല്‍ സ്‌കൂള് പൂട്ടിപ്പോകും മോനേ എന്ന്. ദേഷ്യം വന്ന് കലി തുള്ളുമ്പോഴും അവസാനവാക്കെന്ന നിലയില്‍ ഇതും കൂടി: നിന്റെ സ്‌കൂള് ഞാന്‍ പൂട്ടിക്കും. അതായത് നിന്റെ അക്കളി, ഇക്കളി നിര്‍ത്തുമെന്നാണ്.

വേറൊന്നും അത് കൊണ്ട് ഉദ്ദേശിച്ചിരുന്നില്ല. അതിപ്പോള്‍ ഇങ്ങനെയാണ് പുലര്‍ന്നത്. സ്‌കൂള്‍ ശരിക്കും പൂട്ടി. മലാപ്പറമ്പില്‍ തുടങ്ങി, അതൊരു മാലപ്പടക്കം പോലെ…
കേരളത്തില്‍ വേഗത്തില്‍ ആരംഭിക്കാനും പൂട്ടാനും പറ്റിയ ഒരേയൊരു സ്ഥാപനമേയുള്ളൂ എന്നാണ് പറയുന്നത്. സ്‌കൂളാണത്. ഇറച്ചിക്കട തുടങ്ങണമെങ്കില്‍ പോലും ഒരുപാട് കടലാസിന്റെ കളിയുണ്ട്. അതൊക്കെ ശരിയാക്കാനുള്ള പാട് എല്ലാം ശരിയാക്കുമെന്ന് പറഞ്ഞിറങ്ങിയവര്‍ക്ക് പോലുമറിയില്ല. കേരളത്തില്‍ എത്രയോ വ്യവസായ പദ്ധതികളാണ് ചുവപ്പ്‌നാടയില്‍ കുരുങ്ങിക്കിടക്കുന്നത്?
എന്നാല്‍ ഇന്ന് വിചാരിച്ചാല്‍ സ്‌കൂള്‍ നാളെ തുടങ്ങാവുന്നതേയുള്ളൂ. പൂട്ടണമെങ്കില്‍ ഒരു കടലാസ് സര്‍ക്കാറിന് കൊടുത്താല്‍ മതി. ആര്‍ക്കും ഒരഞ്ച് പൈസ പോലും നഷ്ടപരിഹാരം കൊടുക്കേണ്ടതില്ല. അവിടെ പിന്നീട് ഇറച്ചിക്കടയോ ബ്യൂട്ടിപാര്‍ലറോ തുടങ്ങാം. നഗരത്തിലാണെങ്കില്‍ സൂപ്പര്‍മാര്‍ക്കറ്റിനാണ് സാധ്യത. അല്ലെങ്കില്‍ ഫഌറ്റ് പണിത് നാട്ടുകാരെ പാട്ടിലാക്കാം.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പല പാര്‍ട്ടികളുടെയും സ്‌കൂള് പൂട്ടി. കൊല്ലത്തെ റവലൂഷനറിക്കാരുടെ സ്ഥിതിയാണ് കഷ്ടം. മൂന്നാല് പിള്ളേരുണ്ടായിരുന്നതാ. ഇലക്ഷന്‍ കഴിഞ്ഞപ്പോള്‍ എല്ലാവരും തോറ്റ് തൊപ്പിയിട്ടിരിക്കുന്നു. ഇനി എന്ത് ചെയ്യാനാ. ശരിക്കും സ്‌കൂള് പൂട്ടിയെന്ന് പറയാം. പൊടി പോലുമില്ല കണ്ടുപിടിക്കാന്‍. ദള്ളുകാരുടെ സ്‌കൂളും പൂട്ടിയതില്‍ പെടും. ജനത കൂടെയില്ലാത്തതാണ് കാരണം. കുട്ടികള്‍ ഇല്ലാതായതിന്റെ കണക്കെടുപ്പിലാണ് നേതാക്കള്‍.
അറിഞ്ഞോ? ഇവിടെ സ്‌കൂളാണ് പൂട്ടുന്നതെങ്കില്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത് നഷ്ടത്തിലോടുന്ന വ്യവസായങ്ങള്‍ പൂട്ടാനാണ്. ലാഭത്തിലുള്ളവ സ്വകാര്യവത്കരിക്കാനുമാണ് തീരുമാനം. ഇതൊക്കെ തീരുമാനിച്ച് പ്രധാനമന്ത്രി വീണ്ടും നാട് ചുറ്റാന്‍ പോകും. തിരികെ വരുമ്പോള്‍ വീണ്ടും എടുക്കും ചില തീരുമാനങ്ങള്‍. വ്യവസായങ്ങള്‍ പൂട്ടുമ്പോള്‍ ആരുടെ സ്‌കൂളൊക്കെയാണ് പൂട്ടുന്നതെന്ന് ആരറിയുന്നു? സ്വദേശി ജാഗരണ്‍ മഞ്ച് ഇതൊക്കെ കാണുന്നുണ്ടോ ആവോ?
ഇനി ആര്‍ക്കും ആധാരം എഴുതാം. ഇതിന്റെ മാതൃക വെബ്‌സൈറ്റിലുണ്ട്. വെറുതെ ആധാരമെഴുത്തുകാരെ അന്വേഷിച്ച് നടക്കേണ്ട. പണവും ലാഭം. ആധാരമഴുത്തുകാര്‍ വഴിയാധാരമാകുന്നു. ആധാരമെഴുത്തുകാരുടെ സ്‌കൂളും പൂട്ടാന്‍ പോകുന്നു എന്ന് ചുരുക്കം. ഇത് മറ്റ് മേഖലകളിലും നടപ്പാക്കാവുന്നതേയുള്ളൂ. വരുമാന സര്‍ട്ടിഫിക്കറ്റ് സ്വന്തമായി എഴുതി തയ്യാറാക്കിയാല്‍ പോരേ? ജാതി സര്‍ട്ടിഫിക്കറ്റും ഇത്തരത്തിലാകാം. അങ്ങനെ എന്തെല്ലാം സാധ്യതകള്‍. ഇതിന്റെയൊക്കെ മാതൃക സൈറ്റിലിട്ടാല്‍ മതി. ജീവനക്കാര്‍ക്കും നാട്ടുകാര്‍ക്കും ഗുണം. എല്ലാം ശരിയാകുമെന്ന് പറഞ്ഞവര്‍ക്കും ഗുണം തന്നെ.
ദേശീയപാത വികസനം വരുന്നു. സര്‍വേ തുടങ്ങി. കുടിയൊഴിക്കലിനായി കാത്ത് കുടുംബങ്ങള്‍. അപ്പോള്‍ നമ്മടെ സ്‌കൂളും പൂട്ടുകയാണ്…

Latest