Connect with us

Kerala

ദളിത് യുവതികളുടെ അറസ്റ്റ്: അടിയന്തരപ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

Published

|

Last Updated

തിരുവനന്തപുരം: തലശേരിയില്‍ കുട്ടിമാക്കൂലില്‍ ദളിത് സഹോദരിമാരെ ജാമ്യം നിഷേധിച്ചു ജയിലിലടച്ച സംഭവത്തില്‍ പ്രതിപക്ഷം ഇറങ്ങിപ്പോയി. സംഭവം നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സമര്‍പ്പിച്ച അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് നിയമസഭ ബഹിഷ്‌കരിച്ചത്. ഇരിക്കൂര്‍ എംഎല്‍എ കെ.സി. ജോസഫാണ് നോട്ടീസ് നല്‍കിയത്. തലശേരിയിലെ അറസ്റ്റുമായി ബന്ധപ്പെട്ട് തുടക്കം മുതല്‍ മുഖ്യമന്ത്രി എടുത്ത നിലപാടുകള്‍ അതിശയോക്തിയും നിരുത്തരവാദപരവുമാണ്.പൊലീസ് വീഴ്ച വരുത്തി. മജിസ്‌ട്രേറ്റാകട്ടെ ജാമ്യാപേക്ഷ സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും ജോസഫ് പറഞ്ഞു.

ജാമ്യം എടുക്കാന്‍ തയ്യാറാകാത്തത് കൊണ്ടാണ് യുവതികള്‍ക്ക് ജയിലില്‍ പോകേണ്ടി വന്നത്. സുപ്രീംകോടതി മാനദണ്ഡങ്ങള്‍ പ്രകാരമാണ് നടപടികള്‍ സ്വീകരിച്ചത്. കെ.സി ജോസഫ് ഉന്നയിക്കുന്നത് വിചിത്രമായ വാദങ്ങളാണ്. മുന്‍പ് ഹൈക്കോടതി ജഡ്ജിയെ നീലക്കുറുക്കന്‍ എന്നു വിളിച്ച് ആക്ഷേപിച്ച വ്യക്തിയാണ് അദ്ദേഹം. കോടതിയെ വിമര്‍ശിക്കുന്ന കെ.സി ജോസഫ് മുന്‍കാല അനുഭവങ്ങള്‍ ഓര്‍ക്കണമെന്നും തലശേരി അറസ്റ്റുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശം സ്വയം പിന്‍വലിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി.കോടതിയെ വിമര്‍ശിച്ച കെ.സി. ജോസഫ് മുന്‍കാല അനുഭവങ്ങള്‍ ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ തുല്യനീതിയെന്നത് വാക്കില്‍ മാത്രം ഒതുങ്ങിയെന്നും ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും നോട്ടീസില്‍ പറയുന്നു. സിപിഎം നേതാക്കള്‍ ദളിത് സഹോദരിമാരെ ചാനല്‍ ചര്‍ച്ചയ്ക്കിടയില്‍ അപമാനിച്ചെന്നും നോട്ടീസില്‍ പരാമര്‍ശിക്കുന്നുമുണ്ട്.