Connect with us

Kasargod

ഉദുമയില്‍ കളളവോട്ടിന് ആഹ്വാനം: കെ സുധാകരനെതിരെ കേസെടുത്തു

Published

|

Last Updated

കാഞ്ഞങ്ങാട്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണവേളയില്‍ കള്ളവോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്തുവെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനെതിരെ കേസെടുത്തു. ഹോസ്ദുര്‍ഗ് ജുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം ബേക്കല്‍ പോലീസാണ് കേസെടുത്തത്. ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമന്റെ പരാതിയിലാണ് സുധാകരനെതിരെ കേസ് എടുത്തിരിക്കുന്നത്.

നിയമസഭ തെരഞ്ഞെടുപ്പില്‍ ഉദുമ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ സുധാകരന്‍ കള്ളവോട്ടിന് ആഹ്വാനം ചെയ്‌തെന്നായിരുന്നു പരാതി. ഉദുമ മണ്ഡലത്തിലെ കൊയിലാച്ചിയില്‍ കളനാട് നടന്ന കോണ്‍ഗ്രസ് ബൂത്ത് തല കുടുംബയോഗത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സി.പി.എം എത്രമാത്രം വോട്ട് ചെയ്യുന്നുവോ അത്രയും വോട്ട് നമ്മളും ചെയ്യണമെന്നായിരുന്നു സുധാകരന്റെ ആഹ്വാനം. കുടുംബയോഗത്തില്‍ പങ്കെടുത്ത ഒരാള്‍ സംഭവം മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് വിവാദമായത്.

സംഭവം ശ്രദ്ധയില്‍പ്പെട്ട കുഞ്ഞിരാമന്‍ എം.എല്‍.എ സുധാകരനെതിരെ ഉദുമ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. എന്നാല്‍ പരാതി സ്വീകരിക്കാന്‍ പോലീസ് തയാറാകാത്തതിനെത്തുടര്‍ന്ന് കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് കോടതി കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയത്. ഐ.പി.സി 171(എഫ്) അനുസരിച്ച് പ്രേരണാക്കുറ്റമാണ് സുധാകരനെതിരെ ചുമത്തിയത്.

എന്നാല്‍ ഉദുമയില്‍ കള്ളവോട്ടിന് ആഹ്വാനം ചെയ്തുവെന്ന കേസില്‍ ഒരുചുക്കുമില്ലെന്ന് കെ സുധാകരന്‍ പ്രതികരിച്ചു. കേരളം ഇത് വിശ്വസിക്കില്ലെന്നും കള്ളവോട്ടിന് എതിരെയാണ് തന്റെ പോരാട്ടമെന്നും കെ സുധാകരന്‍ പറഞ്ഞു. ധര്‍മ്മടത്ത് കള്ളവോട്ട് ചെയ്തവര്‍ക്ക് എതിരെ പിണറായിയുടെ സര്‍ക്കാര്‍ എന്തുകൊണ്ട് നടപടി എടുക്കുന്നില്ലെന്നും സുധാകരന്‍ ചോദിച്ചു.

---- facebook comment plugin here -----

Latest