Connect with us

International

റമസാന്‍ അവസാന പത്തില്‍ ജൂതര്‍ക്ക് അഖ്‌സ പള്ളിയില്‍ നിയന്ത്രണമേര്‍പ്പെടുത്തി

Published

|

Last Updated

വെസ്റ്റ്ബാങ്ക്: റമസാന്‍ മാസം അവസാനിക്കുന്നത് വരെ ജൂതരുള്‍പ്പെടെയുള്ള അമുസ്‌ലിംകള്‍ക്ക് മസ്ജിദുല്‍അഖ്‌സ കോമ്പൗണ്ടില്‍ പ്രാര്‍ഥിക്കുന്നതിന് വിലക്ക്. റമസാന്‍ അവസാനിക്കുന്നത് വരെ ഈ നടപടി തുടരുമെന്നാണ് റിപ്പോര്‍ട്ട്. ഇസ്‌റാഈല്‍ പോലീസും പള്ളിയില്‍ ആരാധനക്കെത്തിയവരും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് ഇസ്‌റാഈല്‍ അധികൃതര്‍ ഈ തീരുമാനമെടുത്തിരിക്കുന്നത്. അടുത്ത ആഴ്ച റമസാന്‍ അവസാനിക്കുന്നത് വരെ ഇത് തുടരുമെന്ന് ഇസ്‌റാഈല്‍ പോലീസ് വക്താവ് എ എഫ് പി ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.
റമസാന്‍ അവസാന പത്തിലേക്ക് കടന്ന ഞായറാഴ്ച മുതല്‍ പള്ളിയില്‍ പ്രാര്‍ഥനക്കെത്തുന്നവരും പോലീസും തമ്മില്‍ എല്ലാ ദിവസവും സംഘര്‍ഷമുണ്ടായിരുന്നു. കാലങ്ങളായി റമസാനിലെ അവസാന പത്ത് ദിവസം മുസ്‌ലിംകള്‍ക്ക് വേണ്ടി പള്ളി തുറന്നുകൊടുക്കുന്നതാണ് പതിവ്. എന്നാല്‍ ഈ പതിവ് തെറ്റിച്ച് ഈ പ്രാവശ്യം ജൂതര്‍ ഉള്‍പ്പെടെയുള്ള അമുസ്‌ലിംകള്‍ക്കും പ്രാര്‍ഥനക്ക് സൗകര്യം ഏര്‍പ്പെടുത്തിയ ഇസ്‌റാഈല്‍ നടപടിയില്‍ ഫലസ്തീനികള്‍ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. ഞായറാഴ്ച മാത്രം പരുക്കുകളോടെ ഏഴ് ഫലസ്തീനികളെ വിവിധ ആശുപത്രികളില്‍ ചികിത്സക്കെത്തിച്ചതായി ഫലസ്തീന്‍ റെഡ് ക്രസന്റ് സംഘം അറിയിച്ചു.
റമസാന്‍ അവസാനത്തെ പത്ത് ദിവസം ഏറെ പുണ്യകരമായാണ് മുസ്‌ലിം ലോകം കണക്കാക്കിപ്പോരുന്നത്. ഞായറാഴ്ചയായിരുന്നു അവസാനത്തെ പത്തിലെ ആദ്യ ദിവസം. സാധാരണ ആരാധനക്കെത്തുന്ന ആളുകളേക്കാള്‍ കൂടുതല്‍ ഈ സമയങ്ങളില്‍ പള്ളികളിലെത്തും.
വെസ്റ്റ്ബാങ്ക് അധിനിവേശം നടത്തി കീഴ്‌പ്പെടുത്തിയതിന്റെ ഭാഗമായി 1967 മുതല്‍ മസ്ജിദുല്‍ അഖ്‌സയുടെ നിയന്ത്രണം ജൂതര്‍ക്കാണ്. അന്താരാഷ്ട്ര നിയമങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് ഇസ്‌റാഈല്‍ ഇപ്പോഴും ഈ അധിനിവേശം തുടരുന്നത്.

Latest