Connect with us

Malappuram

മഅ്ദിന്‍ പ്രാര്‍ഥനാ സംഗമം വെള്ളിയാഴ്ച

Published

|

Last Updated

മലപ്പുറം: റമസാന്‍ 27ാം രാവിലെ മഅ്ദിന്‍ പ്രാര്‍ഥനാ സംഗമം വെള്ളിയാഴ്ച സ്വലാത്ത് നഗറില്‍ നടക്കുമെന്ന് സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. റമസാനിലെ അവസാന വെള്ളിയാഴ്ചയും ലൈലത്തുല്‍ ഖദ്ര്‍ പ്രതീക്ഷിക്കുന്ന 27ാം രാവും ഒന്നിച്ച് വരുന്നതിനാല്‍ വിശ്വാസികളെ സ്വീകരിക്കാന്‍ വിപുലമായ സംവിധാനങ്ങളാണ് സ്വലാത്ത് നഗറില്‍ ഒരുക്കിയിട്ടുള്ളത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വിശ്വാസികള്‍ പങ്കെടുക്കുന്നതാണ് മഅ്ദിന്‍ പ്രാര്‍ഥനാ സംഗമം. വെള്ളിയാഴ്ച പുലര്‍ച്ചെ 5.30 ന് ഹദീസ് പഠന സെഷന്‍ നടക്കും. രാവിലെ പത്തിന് നടക്കുന്ന ദലാഇലുല്‍ഖൈറാത്ത് സദസ്സ് സംഘടിപ്പിക്കും. ജുമുഅ നിസ്‌കാര ശേഷം നടക്കുന്ന നരകമോചന പ്രാര്‍ഥനക്കും അസ്്മാഉല്‍ ബദ്ര്‍ മജ്്‌ലിസിനും മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കും. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി പ്രഭാഷണം നടത്തും. വൈകുന്നേരം നാലിന് ബുര്‍ദ പാരായണത്തോടെ പ്രധാന വേദിയില്‍ പരിപാടികള്‍ തുടങ്ങും. തുടര്‍ന്ന് വിവിധ ഗ്രൗണ്ടുകളിലായി ഒരു ലക്ഷത്തോളം പേര്‍ സംബന്ധിക്കുന്ന ഇഫ്ത്വാര്‍ സംഗമം നടക്കും. ഇശാഅ് നിസ്‌കാരത്തിനും തറാവീഹ്, വിത്ര്‍ നിസ്‌കാരങ്ങള്‍ക്കും ഹാഫിള് മുഹമ്മദ് നഈം നേതൃത്വം നല്‍കും. രാത്രി 10ന് സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാരംഭ പ്രാര്‍ഥന നടത്തും.
സമസ്ത അധ്യക്ഷന്‍ ഇ സുലൈമാന്‍ മുസ്്‌ലിയാര്‍ അധ്യക്ഷതയില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി മുഖ്യപ്രഭാഷണം നിര്‍വഹിക്കും. തൗബ, സമാപന പ്രാര്‍ഥന എന്നിവക്കും തീവ്രവാദത്തോടും ഭീകരതയോടുമുള്ള മുസ്‌ലിം സമൂഹത്തിന്റെ ആശയപരമായ എതിര്‍പ്പും ഉറച്ച നിലപാടും പ്രഖ്യാപിക്കുന്ന പ്രതിജ്ഞാവേദിക്കും അദ്ദേഹം നേതൃത്വം നല്‍കും.
കാലവര്‍ഷം കണക്കിലെടുത്ത് മലപ്പുറത്തിനും പൂക്കോട്ടൂരിനുമിടയില്‍ വിശ്വാസികള്‍ക്ക് സംഗമത്തില്‍ സംബന്ധിക്കാന്‍ വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. പന്തലുകള്‍ക്ക് പുറമെ വിവിധ ഓഡിറ്റോറിയങ്ങളും ഇതിനായി ഒരുക്കും. സ്വലാത്ത് നഗര്‍ മുഖ്യ ഗ്രൗണ്ടിലെ പന്തല്‍ നിര്‍മാണവും പൂര്‍ത്തീകരിച്ചു. പോലീസ്, ഫയര്‍ ഫോഴ്‌സ്, മെഡിക്കല്‍ വിംഗുകള്‍ ഉള്‍പ്പെടെ നഗരിയിലും പരിസരങ്ങളിലുമായി നൂറിലധികം ഹെല്‍പ്പ് ലൈന്‍ കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. 5555 അംഗ സന്നദ്ധ സേവകര്‍ കര്‍മ രംഗത്തുണ്ടാവും. പ്രാര്‍ഥനാ സമ്മേളനത്തിന്റെ ഭാഗമായി റമസാന്‍ ഒന്നു മുതല്‍ മുപ്പതിന കര്‍മ പദ്ധതികളാണ് മഅ്ദിന്‍ അക്കാദമി നടപ്പിലാക്കിയത്. നാളെ രാവിലെ 5.30ന് നടക്കുന്ന ഹദീസ് പഠനത്തിന് വി അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി നേതൃത്വം നല്‍കും. രാവിലെ 10 മുതല്‍ ഖത്്മുല്‍ ഖുര്‍ആന്‍ നടക്കും. പ്രാര്‍ഥനക്ക് സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍ നേതൃത്വം നല്‍കും. ഉച്ചക്ക് ഒരു മണിക്ക് കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമിയുടെ നേതൃത്വത്തില്‍ ഖുര്‍ആന്‍ പഠന വേദി നടക്കും. വൈകുന്നേരം നാലിന് ചരിത്ര പഠനം സെഷനില്‍ അഹ്്മദ് കാമില്‍ സഖാഫി ക്ലാസെടുക്കും. രാത്രി 10ന് വി പി എ തങ്ങള്‍ ആട്ടീരി പ്രഭാഷണം നടത്തും.

Latest