Connect with us

Kerala

വി എസിന് പദവി: തീരുമാനം ഇന്നുണ്ടായേക്കും

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയില്‍ ക്യാബിനറ്റ് റാങ്കോടെയുള്ള ഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ പദവി വി എസ് അച്യുതാനന്ദന് നല്‍കാന്‍ ധാരണ. സി പി എം കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശത്തിന് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ അംഗീകാരം നല്‍കിയേക്കും. പദവി ഏറ്റെടുക്കാനുള്ള സന്നദ്ധത വി എസ് പാര്‍ട്ടി നേതൃത്വത്തെ കഴിഞ്ഞ ദിവസം അറിയിച്ചതായാണ് വിവരം.

സര്‍ക്കാറില്‍ ആലങ്കാരിക പദവി ഏറ്റെടുക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന നിലപാടിലായിരുന്നു നേരത്തെ വി എസ്. കൂടാതെ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റില്‍ തന്നെ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും വി എസ് മുന്നോട്ടുവെച്ചിരുന്നു. വി എസ് ഈ നിലപാട് സ്വീകരിച്ചതോടെയാണ് ചര്‍ച്ചകള്‍ വഴിമുട്ടിയത്. എന്നാല്‍, പാര്‍ട്ടി പദവികള്‍ സംബന്ധിച്ച കാര്യങ്ങള്‍ പിന്നീട് പരിഗണിക്കാമെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശത്തിന് അവസാനം വി എസ് വഴങ്ങിയതായാണ് വിവരം.
വി എസിന് സര്‍ക്കാറില്‍ അര്‍ഹമായ പദവി നല്‍കുന്ന സംബന്ധിച്ച കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശത്തിന് സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റും അംഗീകാരം നല്‍കി. പിന്നീട് സി പി എം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ടും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വി എസുമായി ആശയവിനിമയം നടത്തിയിരുന്നു. ഇതിനുശേഷമാണ് വി എസ് ഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ പദവി ഏറ്റെടുക്കാന്‍ സമ്മതം മൂളിയതെന്നതാണ് വിവരം. ഇന്നലെ തലസ്ഥാനത്തെത്തിയ സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും വി എസുമായി ആശയവിനിമയം നടത്തി. സംസ്ഥാന സമിതിയിലും സംസ്ഥാന സെക്രട്ടേറിയറ്റിലും ഉള്‍പ്പെടുത്തുന്ന കാര്യത്തിലും ഉടന്‍ തീരുമാനം വരുമെന്ന് യെച്ചൂരി വി എസിനെ അറിയിച്ചു.
പുതിയ പദവി സംബന്ധിച്ച് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കുന്നതോടെ പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വി എസിനെ ചുറ്റിപ്പറ്റി പാര്‍ട്ടി നേരിടുന്ന വിവാദത്തിനു വിരാമമിടാമെന്നാണ് സി പി എം കണക്കുകൂട്ടുന്നത്്. മന്ത്രിസഭ തീരുമാനമെടുത്തു കഴിഞ്ഞാല്‍ അടുത്ത ദിവസങ്ങളില്‍ തന്നെ വി എസ് ഔദ്യോഗികമായി പദവി ഏറ്റെടുക്കും.

Latest